ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കം. കാൺപൂരിൽ രാവിലെ 9.30 മുതലാണ് മത്സരം. ആദ്യ ടെസ്റ്റിൽ 280 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ടെസ്റ്റിലും വെന്നിക്കൊടി പാറിച്ച് പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ് ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തിൽ സെഞ്ചുറിയും ആറു വിക്കറ്റുമായി തിളങ്ങിയ ആർ.അശ്വിനായിരുന്നു ഇന്ത്യയുടെ ജയം അനായാസമായിക്കിയത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ഋഷഭ് പന്തും ശുഭ്മാൻ ഗില്ലും ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്നു.
ഇന്ത്യയ്‌ക്കെതിരെ ഇതുവരെ ഒരു ടെസ്റ്റ് വിജയം നേടാൻ ബംഗ്ലാദേശിന് കഴിഞ്ഞിട്ടില്ല. ഇരുടീമുകളും തമ്മിൽ ഇതുവരെ ആകെ 14 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ ഇന്ത്യ 12 എണ്ണം ജയിക്കുകയും രണ്ടെണ്ണം സമനിലയിലാവുകയും ചെയ്തു. മറുവശത്ത് നസ്മുൽ ഹുസൈൻ ഷാൻറോയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ടീം ഇന്ന് ഇന്ത്യക്കെതിരേ ജയിച്ച് പരമ്പര സമനിലയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. എന്നാൽ നിലവിലെ ഫോമിൽ ഇന്ത്യയെ തോൽപിക്കുന്നത് ശ്രമകരമാകും.
അതേസമയം ഇന്നും നാളെയും കാൺപൂരിൽ മത്സരം നടക്കുന്ന മേഖലയിൽ ശക്തമായ മഴ സാധ്യതയാണുള്ളത്. മത്സരത്തിന്റെ ആദ്യ ദിനമായ ഇന്ന് 93% മഴ പെയ്യാൻ സാധ്യതയുണ്ട്. ദിവസം മുഴുവൻ ഇടിമിന്നലുണ്ടാകുമെന്ന് പ്രവചനമുണ്ട്. രണ്ടാം ദിവസവും സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടാകില്ല. മഴ പെയ്യാൻ 80% സാധ്യതയുണ്ട്. മൂന്നാം ദിവസം 65% മഴയ്ക്കും നാലാം ദിവസം 59% മഴയ്ക്കും സാധ്യതയുണ്ട്. അവസാന ദിവസം 5% മാത്രമായി കുറയും. മഴ തുടർന്നാൽ മത്സരം റദ്ദാക്കേണ്ടി വന്നേക്കുമെന്നാണ് വിവരം. മത്സരം റദ്ദാക്കുകയാണെങ്കിൽ ഇന്ത്യ 1-0ന് പരമ്പര സ്വന്തമാക്കും.