നാലു ഗോളുമായി ഹാരി കെയിൻ
ചാംപ്യൻസ് ലീഗിൽ വമ്പൻമാരുടെ ഗോളടിമേളം. ഇന്നലെ തുടങ്ങിയ ചാംപ്യൻസ് ലീഗിന്റെ ഗ്രൂപ്പ്ഘട്ട മത്സരത്തിൽ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്, ലിവർപൂൾ, യുവന്റസ്, ആസ്റ്റൺ വില്ല തുടങ്ങിയ വമ്പൻമാർ വിവിധ മത്സരങ്ങൾക്കായി കളത്തിലിറങ്ങിയിരുന്നു. രാത്രി 10.15ന് നടന്ന ആദ്യ മത്സരത്തിൽ യുവന്റസ് 3-1 എന്ന സ്‌കോറിന് പി.എസ്.വി ഐന്തോവനെ തോൽപിച്ചു. യുവന്റസ് താരം കെനാൻ യിൽദിസായിരുന്നു പുതിയ സീസണിലെ ചാംപ്യൻസ് ലീഗിലെ ആദ്യ ഗോൾ സ്‌കോർ ചെയ്തത്.
പിന്നീട് വെട്‌സൺ മെക്കന്നീ, നിക്കോളാസ് ഗോൺസാലസ് എന്നിവരും യുവന്റസിനായി ഗോൾ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. 93ാം മിനുട്ടിൽ ഇസ്മാഈൽ സെൽബാറിയായിരുന്നു പി.എസ്.വിയുടെ ആശ്വാസ ഗോൾ നേടിയത്. ചാംപ്യൻസ് ലീഗിലേക്ക് തിരിച്ചെത്തിയ ആസ്റ്റൺവില്ലയും ആദ്യ മത്സരം അവിസ്മരണീയമാക്കി. ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് യങ്‌ബോയ്‌സിനെയാണ് വില്ല പരാജയപ്പെടുത്തിയത്.
യോറി ടെയ്ൽ മെൻസ് (27), ജേക്കബ് റാംസി (38), അമാൻഡോ ഒനാന (86) എന്നിവരായിരുന്നു വില്ലക്കായി ഗോളുകൾ നേടി വിജയം ഉറപ്പിച്ചത്. രാത്രി 12.30ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് 3-1 ന് സ്റ്റുട്ഗർട്ടിനെ തോൽപിച്ചു വരവറിയിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. 46ാം മിനുട്ടിൽ കിലിയൻ എംബാപ്പെയായിരുന്നു റയലിനായി ചാംപ്യൻസ് ലീഗിലെ ആദ്യ ഗോൾ സ്‌കോർ ചെയ്തത്.
റയൽ മാഡ്രിഡിന് വേണ്ടി എംബാപ്പെയുടെ ചാംപ്യൻസ് ലീഗിലെ ആദ്യ ഗോൾകൂടിയായിരുന്നു പിറന്നത്. എന്നാൽ 68ാം മിനുട്ടിൽ ഡെനിസിലൂടെ ഗോൾ മടക്കി സ്റ്റുട്ഗർട്ട് സമനില പിടിച്ചു. പിന്നീട് ജയത്തിനായി പൊരുതി റയൽ മാഡ്രിഡ് 83ാം മിനുട്ടിൽ ലീഡ് നേടി. പ്രതിരോധ താരം അന്റോണിയോ റൂഡിഗനായിരുന്നു രണ്ടാം ഗോൾ നേടിയത്. ഒരു ഗോൾ ലീഡ് നേടിയതോടെ ആത്മിവശ്വാസത്തോടെ കളിച്ച റയൽ 95ാം മിനുട്ടിൽ മൂന്നാം ഗോളും നേടി വിജയം ഉറപ്പിക്കുകയായിരുന്നു.
എൻട്രിക്കായിരുന്നു റയൽ മാഡ്രിഡിനായി മൂന്നാം ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ 9-2 എന്ന സ്‌കോറിന് ബയേൺ മ്യൂണിക് ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സഗ്രബിനെ തോൽപ്പിച്ചു. ഹാരി കെയിൻ നേടിയ നാലു ഗോളിന്റെ കരുത്തിലായിരുന്നു ബയേൺ മികച്ച ജയം നേടിയത്. 19,57,73,78 മിനുട്ടുകളിലായിരുന്നു കെയിനിന്റെ ഗോളുകൾ. അതിൽ മൂന്നെണ്ണം പെനാൽറ്റിയിൽനിന്നായിരുന്നു കെയിൻ ഗോൾ നേടിയത്.
റാഫേൽ ഗുറേരിയോ (33), മിഖയേൽ ഒലിസെ (38,61), ലിറോ സനെ (85), ലിയോൺ ഗൊരട്‌സ്‌ക (92) എന്നിവരാണ് ബയേൺ മ്യൂണിക്കിനായി ഗോൾ നേടിയ മറ്റു താരങ്ങൾ. ബ്രൂണോ പെറ്റ്‌കോവിച്ച് (48), ടകുയ ഒഗിവാര (50) എന്നിവരായിരുന്നു സഗ്രിബിനായി ഗോൾ കണ്ടെത്തിയത്. 3-1 എന്ന സ്‌കോറിന് ലിവർപൂൾ എ.സി മിലാനെയും തോൽപിച്ച് ആദ്യ മത്സരത്തിൽതന്നെ വെന്നിക്കൊടി പാറിച്ചു. ഇബ്രാഹീം കൊനാറ്റ (23), വിർജിൽ വാൻ ഡിക്ക് (41), ഡൊമനിക് സൊബോസ്ലി (67) എന്നിവരായിരുന്നു ലിവർപൂളിനായി ലക്ഷ്യം കണ്ടത്.
മൂന്നാം മിനുട്ടിൽ ക്രിസ്റ്റ്യൻ പുൾസിച്ച് എ.സി മിലാന് വേണ്ടി ഗോൾ നേടിയെങ്കിലും ലീഡ് നിലനിർത്താൻ അവർക്കായില്ല. എതിരില്ലാത്ത രണ്ട് ഗോളിന് സ്‌പോർട്ടിങ് ലില്ലെയെ തോൽപ്പിച്ചു. വിക്ടർ (38), സെനോ ദെബാസ്റ്റ് (65) എന്നിവരായിരുന്നു സ്‌പോർട്ടിങ്ങിനായി ഗോൾ നേടിയത്.