യുവേഫാ ചാംപ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇത്തവണ 36 ടീമുകളെ ഉൾപ്പെടുത്തി പുതിയ രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. റയൽ മാഡ്രിഡ്, ലിവർപൂൾ, യുവന്റസ്, ആസ്റ്റൺ വില്ല, ബയേൺ മ്യൂണിക് തുടങ്ങിയവർ ഇന്ന് വിവിധ മത്സരങ്ങൾക്കായി കളത്തിലിറങ്ങുന്നുണ്ട്. ഇന്ന് രാത്രി 10.15ന് നടക്കുന്ന ആദ്യ മത്സരത്തിൽ യുവന്റസ് ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവനെയാണ് നേരിടുന്നത്.
യുവന്റസിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ യങ്‌ബോയ്‌സും ആസ്റ്റൺ വില്ലയും തമ്മിലാണ് പോരിനിറങ്ങുന്നത്. രാത്രി 12.30നാണ് റയൻ മാഡ്രിഡിന്റെ മത്സരം. സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന മത്സരത്തിൽ ജർമൻ ക്ലബായ വി.എഫ്.ബി സ്റ്റുട്ഗർട്ടാണ് റയലിന്റെ എതിരാളി. ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിന് ഡൈനാമോ സഗ്രബിനെയാണ് നേരിടുന്നത്.
ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ എ.സി മിലാൻ ലിവർപൂളിനെ നേരിടും. പുതിയ സീസണിന്റെ ആദ്യ ദിനമായ ഇന്ന് ആറു മത്സരങ്ങളാണ് നടക്കുന്നത്. ഇന്നത്തെ മത്സരങ്ങൾ. യുവന്റസ്-പി.എസ്.വി രാത്രി 10.15, യങ് ബോയ്‌സ്-ആസ്റ്റൺവില്ല രാത്രി 10.15, റയൽ മാഡ്രിഡ്-സ്റ്റുട്ഗർട്ട് രാത്രി 12.30, ബയേൺ മ്യൂണിക്-ഡൈനാമോ സഗ്രബ് രാത്രി 12.30, സ്‌പോർടിങ്-ലില്ലെ രാത്രി 12.30, എ.സി മിലാൻ-ലിവർപൂൾ രാത്രി 12.30. സോണി നെറ്റ്‌വർക്കിൽ മത്സരങ്ങൾ തത്സമയം വീക്ഷിക്കാനാകും. റയൽ മാഡ്രിഡിന്റെ പരിശീലന വീഡിയോകൾ കാണാം.