കരാർ 4 വർഷത്തേക്ക് കൂടി നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി
കേരള ബ്ലാസ്‌റ്റേഴ്‌സ് മിഡ് ഫീൽഡർ വിബിൻ മോഹനൻ കേരള ബ്ലാസ്‌റ്റേഴ്‌സിൽ തുടരും. നാലു വർഷത്തേക്കാണ് താരത്തിന് നീട്ടി നൽകിയിരിക്കുന്നത്. 2029വരെയുള്ള കരാറിൽ താരം ഒപ്പുവെച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു. 2020ൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് വിങ്ങിൽ ചേർന്ന വിബിൻ 2022ലാണ് സീനിയർ ടീമിലെത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ), ഡ്യൂറന്റ് കപ്പ്, സൂപ്പർ കപ്പ് തുടങ്ങി ഒട്ടേറെ സുപ്രധാന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച വെക്കുവാൻ 21 കാരനായ ഈ മിഡ്ഫീൽഡറിന് സാധിച്ചിട്ടുണ്ട്.
ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞ 28 മത്സരങ്ങളിൽ നിന്നായി തന്റെ കന്നി ഗോളും 4 അസിസ്റ്റുകളും വിബിൻ സ്വന്തമാക്കിയിട്ടുണ്ട്. ഈയടുത്തായി അണ്ടർ 23 ഇന്ത്യൻ ടീമിലേക്കും വിബിൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘എന്നിൽ വിശ്വാസമർപ്പിക്കുകയും എന്റെ വളർച്ചയിൽ പിന്തുണ നൽകുകയും ചെയ്യുന്ന കേരള ബ്ലാസ്റ്റേഴിസിനോട് അതിയായി കടപ്പെട്ടിരിക്കുന്നു. ക്ലബിനൊപ്പമുള്ള യാത്ര തുടരുന്നത്
ഏറെ അഭിമാനകരമായ കാര്യമാണ്. വരും വർഷങ്ങളിലും എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.’ വിബിൻ പറഞ്ഞു.’ദീർഘകാലയളവിലേക്ക് വിബിനെ ക്ലബിൽ നിലനിർത്താൻ സാധിച്ചതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. അപാരമായ പ്രകടന മികവുള്ള കളിക്കാരനായ അദ്ദേഹം വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. വിബിൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു പ്രധാന ഭാഗമാകുകയും കൂടുതൽ വളരുകയും ചെയ്യുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.’ കെബിഎഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് പറഞ്ഞു.