യുവേഫാ നാഷൻസ് ലീഗിൽ ഫ്രാൻസിനും ഇറ്റലിക്കും ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബെൽജിയത്തെയായിരുന്നു ഫ്രാൻസ് തോൽപിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഫ്രാൻസിന്റെ ജയം. മത്സരത്തിൽ 54 ശതമാനവും പന്ത് കൈവശം കളിച്ച് മേധാവിത്തം പുലർത്തിയത് ബെൽജിയം ആയിരുന്നെങ്കിലും മത്സരത്തിൽ ജയിക്കാൻ അവർക്കായില്ല.
ഒൻപത് ഷോട്ടുകൾ മാത്രായിരുന്നു ബെൽജിയം ഫ്രാൻസിൻ്റെ പോസ്റ്റിലേക്ക് തൊടുത്തത്. എന്നാൽ ഫ്രാൻസാകട്ടെ 25 ഷോട്ടുകളായിരുന്നു ബെൽജിയം പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ ഒൻപതെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. 29ാം മിനുട്ടിൽ കോലോ മുവാനിയായിരുന്നു ഫ്രാൻസിനായി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ഫ്രാൻസ് ഉണർന്നു.
പിന്നീട് തുടരെ ബെൽജിയത്തിന്റെ ഗോൾമുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിച്ച ഫ്രാൻസ് രണ്ടാം പകുതിയിലായിരുന്നു രണ്ടാം ഗോൾ നേടിയത്. 57ാം മിനുട്ടിൽ ഒസ്മാൻ ഡെംബലെയും ഫ്രാൻസിനായി ഗോൾ നേടി ഗോൾ പട്ടിക പൂർത്തിയാക്കി. രണ്ട് മത്സരത്തിൽനിന്ന് മൂന്ന് പോയിന്റുള്ള ഫ്രാൻസ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണിപ്പോൾ.
മറ്റൊരു മത്സരത്തിൽ ഇറ്റലി ഇസ്രയേലിനെ തോൽപ്പിച്ചു. 2-1 എന്ന ഗോളിനായിരുന്നു ഇറ്റലിയുടെ ജയം. ഡേവിഡ് ഫ്രട്ടെസി (38), മോയിസെ കീൻ (62) എന്നിവരായിരുന്നു ഇറ്റലിക്കായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ്ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ജയിച്ച ഇറ്റലിയാണ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.