അർജന്റീനിയൻ സൂപ്പർ താരം ജൂലിയൻ അൽവാരസ് ക്ലബ് ഫുട്ബോളിൽ പുതിയ തട്ടകത്തിലെത്തിയിരിക്കുകയാണ്.
ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിലേക്കാണ് താരം ചേക്കേറിയിരിക്കുന്നത്. ഏതാണ്ട് 875 കോടി രൂപയ്ക്കാണ് (102.4 മില്യൺ ഡോളർ) അത്ലറ്റിക്കോ താരത്തെ തട്ടകത്തെത്തിച്ചത്. 2030 വരെ, ആറ് വർഷത്തേക്കാണ് കരാർ ഉറപ്പിച്ചത്. 2022-ൽ ലോകകപ്പ് നേടിയ അർജന്റീനയുടെ മുന്നേറ്റ താരമാണ് ജൂലിയൻ അൽവാരസ്.
ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് പടയിറങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈകാരിക കുറിപ്പുമായി ആരാധക ഹൃദയത്തിലേറിയിരിക്കുകയാണ് അൽവാരസ്.
താരത്തിന്റെ കുറിപ്പ് ഇങ്ങനെ-
‘ ഒരുപാട് വികാരങ്ങളുള്ള ഈ അത്ഭുത ക്ലബ്ബിനോട് ഇന്ന് ഞാൻ വിട പറയുന്നു. വളരെ സവിശേഷമായ രണ്ട് വർഷങ്ങളായിരുന്നു ഇവിടെ. ഒരു കളിക്കാരൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഞാൻ വളരുകയും ഒരുപാട് പഠിക്കുകയും ചെയ്തു.
പരിശീലകനും കോച്ചിംഗ് സ്റ്റാഫിനും, വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. അദ്ദേഹത്തിൻ്റെ പഠിപ്പിക്കലുകളും കാഴ്ചപ്പാടുകളും എന്നെ വളരെയധികം വികസിപ്പിക്കാൻ സഹായിച്ചു.
എൻ്റെ ടീമംഗങ്ങൾക്ക്, ഓരോ പരിശീലന സെഷനിലെയും ഓരോ ഗെയിമിലെയും പ്രയത്നത്തിനും അർപ്പണബോധത്തിനും പങ്കിട്ട ഓരോ നിമിഷത്തിനും നന്ദി. നിങ്ങളോരോരുത്തരിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, എന്നും നിലനിൽക്കുന്ന ഓർമ്മകളും സൗഹൃദങ്ങളുമാണിത്.
ആരാധകർക്ക്, മികച്ച പിന്തുണയ്‌ക്ക് എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി. ഈ കുടുംബത്തിൻ്റെ ഭാഗമായതിൽ ഞാൻ എന്നും അഭിമാനിക്കും.
മാഞ്ചസ്റ്റർ സിറ്റിക്ക് എന്നും എൻ്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും. ഭാവിയിൽ അവർക്ക് എല്ലാ വിജയങ്ങളും നേരുന്നു, ഞാൻ എവിടെയായിരുന്നാലും ഈ ക്ലബ്ബിനെ പിന്തുണയ്ക്കുന്നത് തുടരും.
വളരെ നന്ദി’ – താരം പറഞ്ഞു നിർത്തി.
2022-ൽ റിവർ പ്ലേറ്റിൽനിന്ന് മാഞ്ചെസ്റ്റർ സിറ്റിയിലെത്തിയ അൽവാരസ്, രണ്ടുതവണ പ്രീമിയർ ലീഗ് കിരീടവും ഒരുതവണ ചാമ്പ്യൻസ് ലീഗ് കിരീടവും നേടി. കൂടാതെ എഫ്.എ. കപ്പും യുവേഫ സൂപ്പർ കപ്പും ക്ലബ് ലോകകപ്പും ഉൾപ്പെടെ സ്വപ്നനേട്ടങ്ങളുമായാണ് താരം ഇത്തിഹാദിന്റെ പടിയിറങ്ങുന്നത്. എന്നാൽ എർലിംഗ് ഹാലണ്ട് കളം വാഴുന്ന സിറ്റിയിൽ നിന്ന് കൂടുതൽ അവസരങ്ങൾക്കായാണ് അൽവാരസ് ഇപ്പോൾ അത്ലറ്റിക്കോയിലേക്ക് കുടിയേറുന്നത്.
എ.സി. മിലാനിലേക്ക് കളം മാറിയ അൽവാരോ മൊറാട്ടയുടെ വിടവ് അൽവാരസിലൂടെ നികത്താലാവും അത്ലറ്റിക്കോ പരിശീലകൻ സിമിയോണിയുടെ ലക്ഷ്യം.