കഴിഞ്ഞ ദിവസം അർജന്റീനക്കെതിരേയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാജയം നേരിട്ടതിന്റെ ദുഖത്തിലാണ് ബ്രസീൽ ഫുട്‌ബോൾ ടീമും ഫാൻസും. മത്സരത്തിന് ശേഷം വലിയ തോൽവി നേരിട്ടതിന് ക്യാപ്റ്റനും പി.എസ്.ജി താരവുമായി മാർക്കീഞ്ഞോസ് ഫാൻസിനോട് മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. ” അവസാന മത്സരത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ഓർക്കാൻ ഇഷ്ടപ്പെടാത്ത മത്സരം ആണിത്.
വളരെ മോശമായിട്ടായിരുന്നു ടീം കളിച്ചത്. അർജന്റീനക്ക് മികച്ച രീതിയിൽ കളിക്കാൻ കഴിഞ്ഞു. വേദനിച്ച എല്ലാ ഫാൻസിനോടും മാപ്പ് ചോദിക്കുന്നു” മാർക്കീഞ്ഞോസ് വ്യക്തമാക്കി. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിന് ശേഷം ബ്രസീലിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ പരിശീലകനാണ് ഡോറിവെൽ ജൂനിയർ. ടിറ്റെക്ക് ശേഷം താൽക്കിലാകായി രണ്ട് പേരായിരുന്നു ബ്രസീൽ ടീമിന്റെ ചുമതല ഏറ്റെടുത്തത്.
2023 ഫെബ്രുവരി 15 മുതൽ 2023 ജൂലൈ നാലു വരെ താൽക്കാലിക പരിശീലകൻ എന്ന നിലയിൽ റമോൻ മോനസായിരുന്നു ബ്രസീൽ ടീമിന്റെ കിരീടവും ചെങ്കോലും കൈയിലേന്തിയത്. അദ്ദേഹത്തിന് ശേഷം ഫെർണാണ്ടോ ഡിനിസും താൽക്കാലിക പരിശീലകന്റെ റോളിൽ എത്തി. 2024 ജനുവരി അഞ്ചുവരെ ഡിനിസ് തുടർന്നുവെങ്കിലും ടീമിന് കാര്യമായ പുരോഗതി ഉണ്ടായില്ല. പല മത്സരത്തിലും തട്ടിമുട്ടി ജയിച്ചു പോന്നു എന്നതല്ലാതെ ബ്രസീലിന്റെ മേൽവിലാസം പതിയുന്ന മത്സരം ഒന്നുപോലും ഉണ്ടായില്ല.
തുടർന്ന് 2024 ജനുവരി പത്തിനായിരുന്നു ഡോറിവൽ ജൂനിയർ ബ്രസീൽ ടീമിന്റെ അമരത്തേക്ക് എത്തുന്നത്. അതിനിടെ റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആൻസലോട്ടിയെ ബ്രസീൽ ടീമിന്റെ പരിശീലകനായി എത്തിക്കാൻ ശ്രമിച്ചെങ്കിലും അത് നടക്കാത്തതിനെ തുടർന്നായിരുന്നു ഡോറിവലിനെ എത്തിച്ചത്. പക്ഷെ ഡോറിവെൽ എത്തിയെങ്കിലും ബ്രസീലിന് കാര്യമായ പുരോഗതി ഉണ്ടായില്ല.
ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മുടന്തിയായിരുന്നു ബ്രസീലിന്റെ തുടക്കം. പലപ്പോഴും തോൽവിയും സമനിലയുമായി കാനറികളെ ഈ അവസ്ഥയിൽ എത്തിച്ചത്. അർജന്റീനയോട് തോറ്റതോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കൂടുതൽ സമ്മർദത്തിലായി. ഇനി ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നാലു മത്സരളാണ് ബ്രസീലിന് ബാക്കിയുള്ളത്. അതിൽ ജയിച്ചാൽ മാത്രമാണ് അമേരിക്കയിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ കാനറികൾ കളിക്കാൻ കഴിയുകയുള്ളു.
ജൂൺ നാലിന് ഇക്വഡോറിനെ നേരിടുന്ന ബ്രസീൽ ജൂൺ ഒൻപതിന് പരാഗ്വെക്കേതിരേയാണ് കളിക്കുന്നത്. സെപ്തംബർ ഒൻപതിന് ചിലിക്കെതിരേയും സെപ്റ്റ്ംബർ 14ന് ബൊളീവിയക്കെതിരേയും ബ്രസീലിന് ലോകകപ്പ് യോഗ്യാതാ മത്സരത്തിൽ കളിക്കാനുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പരിശീലകനെ മാറ്റണോ താരങ്ങളോ മാറ്റണോ എന്ന ചിന്തയിലാണ് അധികാരികൾ. ബ്രസീൽ ടീമിനൊപ്പം പതിനാറ് മത്സരത്തിലാണ് ഡൊറിവൽ പരിശീലക വേഷത്തിൽ എത്തിയത്.
അതിൽ ഏഴ് എണ്ണത്തിൽ മാത്രമേ ജയിക്കാൻ കഴിഞ്ഞുള്ളു. പേരിലും പ്രശസ്തിയും ബ്രസീലിന്റെ പ്രതാപം ഉയർന്ന് നിൽക്കുന്നുണ്ടെങ്കിലും കളിയിലും പഴയ പ്രതാപം നിലനിർത്താൻ എന്താണ് വഴിയെന്നാണ് ബ്രസീൽ ഒന്നടങ്കം ആലോചിക്കുന്നത്. തുടർ തോൽവികൾ കാരണം ഡൊറിവെലിന് പുറത്തേക്കുള്ള വഴി ഏകദേശം തീരുമാനമായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ പഴയ ബ്രസീൽ ടീമിനെ കെട്ടിപ്പടുക്കാൻ ആരെ കൊണ്ടുവരും എന്നതും ചോദ്യ ചിന്നമാണ്.
ഏറെ കാലമായി പരുക്കിന്റെ പിടിയിലുള്ള നെയ്മർ കളത്തിന് പുറത്താണ്. ഇതും ബ്രസീലിനെ വേട്ടയാടുന്ന കാര്യമാണ്. പരുക്കിന്റെ പിടിയിലായിരുന്ന നെയ്മർ ഏറെ കാലത്തെ വിശ്രമത്തിന് ശേഷം ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ തിരിച്ചെത്തിയിരുന്നെങ്കിലും പൂർണ ഫിറ്റ്‌നസ് വീണ്ടെടുക്കാത്തത് കാരണം ടീമിന് പുറത്താവുകയായിരുന്നു. അർജന്റീനക്കെതിരേയുള്ള മത്സരത്തിൽ വിനീഷ്യസ് ജൂനിയർ നടത്തിയ ചില ഒറ്റപ്പെട്ട മുന്നേറ്റം അല്ലാതെ എടുത്ത് പറയാൻ ഒന്നും ബ്രസീൽ ചെയ്തിട്ടില്ല.
ആശ്വാസ ഗോൾ പോലും അർജന്റീന ദാനം ചെയ്തത് പോലെയായിരുന്നു. അർജന്റൈൻ പ്രതിരോധത്തിന്റെ പിഴവിൽനിന്നായിരുന്നു ബ്രസീലിന്റെ ഏക ഗോൾ വന്നത്. ഡോറിവലിന്റെ പ്രകടനം മോശമായതോടെ വീണ്ടും ആൻസലോട്ടിയെ ബ്രസീൽ മുട്ടി നോക്കുമെന്ന വാർത്ത പരക്കുന്നുണ്ട്. എന്നാൽ ഒരു തവണ ക്ഷണിച്ചിട്ട് വരാൻ കഴിയാത്ത ആൻസലോക്ക് പകരം മറ്റൊരെയെങ്കിലും എത്തിക്കാൻ കഴിയുമോ എന്ന ചിന്തയും ബ്രസീൽ ഫുട്‌ബോൾ അസോസിയേഷനുണ്ട്.
ജൂണിൽ നടക്കുന്ന അടുത്ത ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ബ്രസീൽ പുതിയ പരിശീലകനെ നിയമിക്കുന്ന കാര്യത്തിൽ സംശമില്ല.