ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിരവൈരികളായ അർജന്റീനയും ബ്രസീലും നാളെ രാവിലെ 5.30ന് കളത്തിലിറങ്ങുന്നു. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒന്നാം സ്ഥാനത്തുള്ള അർജന്റീനയും യോഗ്യതക്കായി പൊരുതുന്ന ബ്രസീലും തമ്മിൽ കൊമ്പോകോർക്കുമ്പോൾ ഇന്ന് ബ്യൂണസ് അയേഴ്‌സിലെ മാസ് മൊണ്യൂമെന്റൽ സ്‌റ്റെഡിയത്തിൽ തീ പാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.
13 മത്സരം പൂർത്തിയാക്കിയ അർജന്റീന 28 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഔദ്യോഗികമായി ലോകകപ്പ് യോഗ്യത ലഭിച്ചിട്ടില്ലെങ്കിലും ലോക ചാംപ്യൻമാർക്ക് യോഗ്യത ഉറപ്പിക്കാൻ കഴിയും. അവസാന മത്സരത്തിൽ ഉറുഗ്വെയെ തോൽപ്പിച്ചതോടെ യോഗ്യതക്ക് തൊട്ടരികിലെത്തിയ അർജന്റീനക്ക് ഇനിയുള്ള അഞ്ച് മത്സരത്തിൽ ഒരു സമനിലയെങ്കിലും നേടിയാൽ യോഗ്യത ഉറപ്പിക്കാം.
അതേസമയം ബ്രസീലിന് കാര്യങ്ങൾ അൽപം കടുപ്പമാണ്. 13 മത്സരത്തിൽനിന്ന് 21 പോയിന്റുള്ള ബ്രസീൽ മൂന്നാം സ്ഥാനത്തുമുണ്ട്. 20 വീതം പോയിന്റുള്ള ഉറുഗ്വെ, പരാഗ്വെ എന്നിവർ തൊട്ടുപിറകെ ഉള്ളതിനാൽ ബ്രസീലിന് ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിക്കുക അത്യാവശ്യമാണ്. അതിനാൽ ഇന്ന് എവേ മത്സരത്തിൽ ലോക ചാംപ്യൻമാരെ മുട്ടുകുത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കാനറികൾ.
പരുക്കേറ്റ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങുന്നത്. അവസാനമായി കളിച്ച മത്സരത്തിൽ കൊളംബിയക്കെതിരേ 2-1ന്റെ ജയം നേടിയ ആത്മവിശ്വാസത്തിലാണ് കാനറികൾ ഇന്ന് അർജന്റീനയെ വീഴ്ത്താൻ എത്തുന്നത്. കൊളംബിയക്കെതിരേ അവസാന മിനുട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ ഗോളിലായിരുന്നു ബ്രസീൽ ജയിച്ചു കയറിയത്.
ലാറ്റിനമേരിക്കൻ യോഗ്യാത വിഭാഗത്തിൽ 13 മത്സരത്തിൽനിന്ന് ഒൻപത് വിജയങ്ങളും ഒരു സമനിലയും മൂന്ന് തോൽവിമാണ് അർജന്റീന നേടിയത്. ഇത്രയും മത്സരത്തിനിടെ 22 ഗോളുകളാണ് അർജന്റീന നേടിയത്. എന്നാൽ ഏഴു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. 2023ൽ ബ്രസീലിൽ നടന്ന യോഗ്യതാ മത്സരത്തിൽ അർജന്റീനക്കൊപ്പമായിരുന്നു ജയം. അന്ന് നിക്കോളാസ് ഒട്ടാമെൻഡിയുടെ ഗോളിലായിരുന്നു അർജന്റീന ജയിച്ചു കയറിയത്.
അതിന് പകരം ചോദിക്കാൻകൂടിയാകും കാനറികൾ നാളെ കളത്തിലിറങ്ങുന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അവസാനമായി കളിച്ച എട്ട് ഹോം മത്സരങ്ങളിൽ ഏഴെണ്ണത്തിലും ജയിച്ച അർജന്റീന സ്വന്തം തട്ടകത്തിൽ കളിച്ച അവസാന 12 മത്സരത്തിൽ 11ലും ക്ലീൻ ഷീറ്റ് നേടിയിരുന്നു. ഇത് ലോക ചാംപ്യൻമാരുടെ ആത്മവിശ്വാസം വർധിപ്പിക്കും.
യോഗ്യതാ മത്സരങ്ങളിൽ മന്ദഗതിയിലുള്ള തുടക്കമായിരുന്നു ബ്രസീലിന്റേത്. ആദ്യം തോൽവികൾ കാരണം ചിരിച്ചടി നേരിട്ടെങ്കിലും പിന്നീട് ജയവുമായി തിരിച്ചുവരുകയായിരുന്നു. ആദ്യ ആറ് മത്സരങ്ങളിൽ ഒരു വിജയം, ഒരു സമനില, നാലു തോൽവി എന്നിവയായിരുന്നു അവരുടെ യോഗ്യതാ റൗണ്ടിലെ മത്സര ഫലങ്ങൾ.
യോഗ്യതാ റൗണ്ടിൽ അഞ്ച് മത്സരങ്ങളിൽ അപരാജിത പ്രകടനം കാഴ്ചവെച്ച ബ്രസീൽ, ഒക്ടോബറിലെ അന്താരാഷ്ട്ര വിൻഡോയിൽ ചിലിയെയും പെറുവിനെയും തുടർച്ചയായി തോൽപ്പിച്ചിരുന്നു. നവംബറിൽ വെനിസ്വേലയോടും ഉറുഗ്വേയോടും സമനില വഴങ്ങിയെങ്കിലും, വ്യാഴാഴ്ച കൊളംബിയയ്‌ക്കെതിരായ നാടകീയമായ ഹോം മത്സരത്തിൽ അവർ വിജയവഴിയിലേക്ക് തിരിച്ചുവന്നു. ഇത് കാനറികൾക്ക് ആത്മവിശ്വാസം നൽകും.
പരുക്കേറ്റ മെസ്സി ഇല്ലാതെയാണ് അർജന്റീന ഇറങ്ങുന്നതെന്നിതിനാൽ ബ്രസീലിന് ചെറിയ ആശ്വാസം ലഭിക്കും. ഇന്റർ മിലാന്റെ ലൗട്ടാരോ മാർട്ടിനെസ്, റോമയുടെ പൗലോ ഡിബാല എന്നിവരും പരുക്ക് കാരണം ടീമിലുൾപ്പെട്ടിട്ടില്ല. ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച നിക്കോ ഗൊൺസാലസും ഇന്നത്തെ മത്സരത്തിനുണ്ടാകില്ല. പരുക്ക് കാരണം ഗോൾകീപ്പർ എഡേഴ്‌സണും ഫോർവേഡ് നെയ്മറും ഇല്ലാതെയാണ് ബ്രസീൽ നാളെ എത്തുന്നത്.
ലിവർപൂളിന്റെ അലിസൺ ബെക്കറും ഫ്‌ളെമെംഗോയുടെ ഗെർസണും ടീമിൽ നിന്ന് പിന്മാറി.അലിസന്റെ അഭാവത്തിൽ ബെന്റോ തന്റെ മൂന്നാം അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നാളെ. രണ്ടാം തവണയും യോഗ്യതാ മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഗബ്രിയേൽ മഗൽഹേസിനും ബ്രൂണോ ഗുയിമറേസിനും പകരക്കാരായി ഡിഫൻഡർ ലിയോ ഒർട്ടിസും മിഡ്ഫീൽഡർ ജോയലിന്റണും കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.