Shopping cart

  • Home
  • Blog
  • സമനില, എട്ടാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
Blog

സമനില, എട്ടാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ്
Email :13

ഹൈദരാബാദ് എഫ്‌സി 1 കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 1

അവസാന മത്സരത്തിലെ സമനിലയിലൂടെ 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണ്‍ അവസാനിപ്പിച്ചു. ജിഎംസി ബാലയോഗി സ്‌റ്റേഡിയത്തില്‍ നടന്ന ലീഗിലെ അവസാന റൗണ്ട് മത്സരത്തില്‍ ഹൈദരാബാദിനെതിരെയാണ് ടീം സമനില (1-1) വഴങ്ങിയത്. ഏഴാം മിനിറ്റില്‍ ദുസാന്‍ ലഗാത്തോറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും 45ാം മിനിറ്റില്‍ കണ്ണൂര്‍ സ്വദേശി സൗരവ് നേടിയ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നിലൂടെ ഹൈദരാബാദ് എഫ്‌സി ഒപ്പം പിടിക്കുകയായിരുന്നു. 24 മത്സരങ്ങളില്‍ 8 ജയവും 4 സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. 11 മത്സരങ്ങളില്‍ തോല്‍വി വഴങ്ങി. സീസണില്‍ 33 ഗോളുകള്‍ എതിര്‍വലയില്‍ നിക്ഷേപിച്ച ടീം 37 ഗോളുകള്‍ വഴങ്ങുകയും ചെയ്തു. 24 മത്സരങ്ങളില്‍ ഹൈദരാബാദ് 18 പോയിന്റ് നേടി 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പ്ലേഓഫിലേക്കുള്ള വഴിയില്‍ നേരത്തെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് ഇനി അടുത്ത മാസം നടക്കുന്ന സൂപ്പര്‍കപ്പിനായുള്ള ഒരുക്കങ്ങളിലേക്ക് കടക്കും.

ഒരേയൊരു മാറ്റമാണ് അവസാന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വരുത്തിയത്. ഇഷാന്‍ പണ്ഡിതക്ക് പകരം ഡാനിഷ് ഫാറൂഖ് എത്തി. ഗോള്‍വലയ്ക്ക് മുന്നില്‍ നോറ ഫെര്‍ണാണ്ടസസ് തുടര്‍ന്നു. പ്രതിരോധത്തില്‍ ദുസാര്‍ ലഗാത്തോര്‍, ഐബന്‍ബ ഡോഹ്‌ലിങ്, നവോച്ച സിങ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, വിബിന്‍ മോഹനന്‍, മുഹമ്മദ് ഐമെന്‍, കോറോ സിങ് എന്നിവര്‍ മധ്യനിരയില്‍. ക്വാമി പെപ്രയും ഡാനിഷ് ഫാറൂഖും മുന്നേറ്റം നയിച്ചു. ഹൈദരാബാദിന്റെ ഗോള്‍ കീപ്പര്‍ അര്‍ഷ്ദീപ് സിങ്്. പ്രതിരോധത്തില്‍ അലക്‌സ് സജി, മനോജ് മുഹമ്മദ്, സ്റ്റീഫന്‍ സാഫിച്ച് എന്നിവര്‍. ആേ്രന്ദ ആല്‍ബ, ആയുഷ് അധികാരി, സായ് ഗൊദാര്‍ദ്, അഭിജിത് എന്നിവരായിരുന്നു മധ്യനിരയില്‍. മുന്നേറ്റത്തില്‍ അബ്ദുല്‍ റബീഹ്, സൗരവ്, അലന്‍ ഡിസോസ

കളി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു. കോര്‍ണര്‍ കിക്കില്‍ നിന്ന് മുഹമ്മദ് ഐമെനാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്‌സിന്റെ വലതുഭാഗത്തേക്കെത്തിയ ക്രോസില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് ദുസാന്‍ ലഗാത്തോറിന്റെ ഹെഡര്‍, അര്‍ഷ്ദീപ് സിങ് പന്ത് തടയാന്‍ ചാടിയെത്തിയെങ്കിലും പന്ത് കൃത്യം വലയിലെത്തി. സീസണില്‍ മോണ്ടിനെഗ്രോ താരത്തിന്റെ ആദ്യ ഗോള്‍. തൊട്ടടുത്ത നിമിഷം ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് ഐമെന്‍ ബോക്‌സിലേക്ക് മറ്റൊരു മനോഹര പാസ് കൂടി നല്‍കിയെങ്കിലും കോറോ സിങിന് അത് കൃത്യമായി കണക്ട് ചെയ്യാനായില്ല. 19ാം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്ന് ബോക്‌സിനകത്ത് ഹൈദരാബാദിന്റെ മലയാളി ക്യാപ്റ്റന്‍ അലക്‌സ് സജി ഹെഡറിന് ശ്രമിച്ചെങ്കിലും ലക്ഷ്യം അകന്നു. ആയുഷ് അധികാരിയുടെ ഒരു ലോങ് റേഞ്ചര്‍ ശ്രമത്തിന് ഡാനിഷ് ഫാറൂഖ് തടയിട്ടു.
37ാം മിനിറ്റില്‍ ബോക്‌സിലേക്ക് ലൂണ നല്‍കിയ ചിപ്പിങ് പാസുമായി കോറോ സിങ് മുന്നേറി, അലക്‌സ് സജി ഗോള്‍നീക്കം അനുവദിച്ചില്ല. ലൂണയുടെ ഒരു പവര്‍ ഷോട്ട് ഹൈദരാബാദ് ഗോളി തടഞ്ഞു, പിന്നാലെ കൗണ്ടര്‍ അറ്റാക്കിലൂടെ അവര്‍ ബ്ലാസ്റ്റേഴ്‌സിനെ ഒപ്പം പിടിച്ചു. 45ാം മിനിറ്റില്‍ വലതുവിങില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്കെത്തിയ ക്രോസ് തടയാന്‍ ഐബന്‍ ഡോഹ്ലിങിന്റെ ശ്രമം, പന്ത് കാലില്‍ തട്ടി ഉയര്‍ന്നു. പന്ത് നേടിയ മലയാളി താരം സൗരവ് ഗോള്‍ വലക്ക് മുന്നില്‍ അതിമനോഹരമായൊരു ബൈസിക്കിള്‍ കിക്കിലൂടെ ഹൈദരാബാദിനെ ഒപ്പമെത്തിച്ചു. അധിക സമയത്ത് 35 വാര അകലെ ആന്ദ്രേ ആല്‍ബ തൊടുത്ത അളന്നുമുറിച്ചൊരു ഷോട്ട്, ഉയര്‍ന്നുപൊങ്ങിയ നോറ ഫെര്‍ണാണ്ടസ് കൈവിരലുകളാല്‍ ബാറിന് മുകളിലേക്ക് ഉയര്‍ത്തിവിട്ടു.

ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ക്വാമി പെപ്രയും മുഹമ്മദ് ഐമെനും മാറി നോഹ സദൂയിയും ലാല്‍തന്‍മാവിയയും കളത്തിലിറങ്ങി. ആദ്യടച്ചില്‍ തന്നെ നോഹ ഗോള്‍ ശ്രമം നടത്തി. 50ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് പെനല്‍റ്റി വഴങ്ങി, ബോക്‌സില്‍ അഭിജിത്തിനെ ലഗാത്തോര്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ ഹൈദരാബാദിനായില്ല. ആല്‍ബയെടുത്ത കിക്ക് നോറ ഫെര്‍ണാണ്ടസ് ഡൈവ് ചെയ്ത് തട്ടിയകറ്റി. 68ാം മിനിറ്റില്‍ ഗോളെന്നുറച്ചൊരു അവസരം അഡ്രിയാന്‍ ലൂണ പാഴാക്കി, ബോക്‌സിനകത്തേക്ക് കോറു സിങ് നല്‍കിയ ക്രോസ് വലയ്ക്കരികില്‍ നിന്ന് ലൂണ ഇടങ്കാല്‍കൊണ്ട് ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്കായി. മറുഭാഗത്ത് ഹൈദരാബാദിന്റെ ലീഡ് ശ്രമം ബ്ലാസ്‌റ്റേഴ്‌സും തടഞ്ഞു. ബോക്‌സിന് തൊട്ടുപുറത്ത് പകരതാരം ദേവേന്ദ്ര തൊടുത്ത ബുള്ളറ്റ് ഷോട്ടാണ് നോറ ഫെര്‍ണാണ്ടസ് വല കയറാതെ കാത്തത്. 74ാം മിനിറ്റില്‍ ഡോഹ്ലിങിന് പകരം ബികാഷ് യുംനം ഇറങ്ങി. ലൂണയുടെ ഡയറക്ട് ഫ്രീകിക്ക് കോര്‍ണറിന് വഴങ്ങി അര്‍ഷ്ദീപ് രക്ഷപ്പെടുത്തി. ലഗാത്തോറിന്റെയും ഡാനിഷ് ഫാറൂഖിന്റെയും ഹെഡറുകളും ഫലം കണ്ടില്ല. അവസാന മിനിറ്റില്‍ ഡാനിഷിന് പകരക്കാരനായി ലല്ലമാവ്മ എത്തി. ജയത്തിനായി പരിക്ക് സമയത്തും ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുപൊരുതിയെങ്കിലും അലക്‌സ് സജിയും ഹൈദരാബാദ് ഗോളിയും തടസമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts