ആദ്യ മത്സരം രാത്രി 10.30ന്
ഇടവേളക്ക് ശേഷം യൂറോപ്പിൽ വീണ്ടും ഫുട്‌ബോൾ ലീഗുകൾക്ക് വിസിൽ മുഴങ്ങുന്നു. ഇന്ന് സ്പാനിഷ് ലാലിഗ സീസണോടെയാണ് യൂറോപ്യൻ ഫുട്‌ബോളിൽ ലീഗുകൾക്ക് തുടക്കമാകുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ലീഗുകൾക്ക് തുടക്കമാകുന്നുണ്ട്. ഇന്ന് രാത്രി 10.30ന് അത്‌ലറ്റിക് ക്ലബും ഗറ്റാഫെയും തമ്മിലുള്ള മത്സത്തോടെയാണ് ലാലിഗയുടെ 2024-25സീസണ് തുടക്കമാകുന്നത്. കഴിഞ്ഞ വർഷം കിരീടം നേടിയ റയൽ മാഡ്രിഡ് ഇത്തവണ മികച്ച നിരയുമായിട്ടാണ് എത്തുന്നത്. കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ് ഹാം എന്നിവർ എത്തുന്നതോടെ ഇത്തവണ റയലിന്റെ ശക്തി വർധിക്കും. കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ബാഴ്‌സലോണയും പുതിയ താരങ്ങളെ എത്തിച്ച് അരയും തലയും മുറുക്കിയാണ് എത്തുന്നത്. സ്‌പെയിനിനായി യൂറോകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡാനി ഒൽമോയെ ടീമിലെത്തിച്ച കാറ്റാലൻ ക്ലബ് നികോ വില്യംസിന് വേണ്ടിയും കരുക്കൾ നീക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ സീസണിൽ കളിച്ചിരുന്ന കാഡിസ്, അൽമേരിയ, ഗ്രനഡ എന്നിവർ ലീഗിൽ നിന്ന് റിലഗേഷൻ ആയിരുന്നു. പകരമായി വയ്യഡോളിഡ്, ലെഗാനസ്, എസ്പാനിയോൾ ടീമുകളാണ് ലാലിഗയിലേക്ക് പ്രമോഷൻ ലഭിച്ച് എത്തുന്നത്. ഇന്ന് രാത്രി ഒരു മണിക്ക് റയൽ ബെറ്റിസും ജിറോണയും തമ്മിൽ രണ്ടാം മത്സരത്തിൽ നേരിടും. ശനിയാഴ്ച രാത്രി ഒരു മണിക്ക് വലയൻസിയക്കെതിരേയാണ് ബാഴ്‌സോലണയുടെ ആദ്യ മത്സരം. ഞായറാഴ്ച രാത്രി ഒരു മണിക്ക് മയ്യോർക്കക്കെതിരേയാണ് റയൽ മാഡ്രിഡിന്റെ ആദ്യ മത്സരം. വെള്ളിയാഴ്ച രാത്രിയാണ് പ്രീമിയർ ലീഗിന് തുടക്കമാകുന്നത്. ഈ മാസം 24നാണ് ബുണ്ടസ്‌ലിഗയിൽ പന്തുരുണ്ട് തുടങ്ങുക. ശനിയാഴ്ചയാണ് ഇറ്റാലിയൻ ലീഗിനും ഫ്രഞ്ച് ലീഗിനും തുടക്കമാകുന്നത്..