യുവേഫാ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ് സീസണ് മുന്നോടിയായി വരവറിയിച്ചു. യുവേഫ സൂപ്പർ കപ്പ് കിരീടപ്പോരാട്ടത്തിൽ ഇറ്റാലിയൻ ശക്തികളായ അറ്റ്‌ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയായിരുന്നു സ്പാനിഷ് വമ്പൻമാർ സീസണിലെ ആദ്യ കിരീടം ഷെൽഫിലെത്തിച്ചത്. റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, കിലിയൻ എംബാപ്പെ എന്നിവർ റയലിനായി ആദ്യ ഇലവനിൽ കളത്തിലിറങ്ങി.
തുടരെ റയൽ മാഡ്രിഡ് അറ്റ്‌ലാന്റയുടെ ഗോൾമുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നെങ്കിലും അറ്റ്‌ലാന്റയുടെ പ്രതിരോധം ഉണർന്നു പ്രവർത്തിച്ചുകൊണ്ടിരുന്നു. വീണുകിട്ടിയ അവസരത്തിൽ അറ്റ്‌ലാന്റയും ഗോളിനായി ശ്രമം നടത്തി. 52 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച റയൽ മാഡ്രിഡ് 13 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ ആറെണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്.
ഏഴു ഷോട്ടുകളായിരുന്നു അറ്റ്‌ലാന്റ റയലിന്റെ പോസ്റ്റിലേക്ക് അടിച്ചത്. എന്നാൽ അതിൽ രണ്ടെണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്.
അക്രമണ പ്രത്യാക്രമണങ്ങളുമായി ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും അക്രമിച്ച് കളിച്ചെങ്കിലും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. തുടർന്ന് ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലായിരുന്നു റയൽ മാഡ്രിഡിന്റെ രണ്ടു ഗോളുകളും പിറന്നത്.
59ാം മിനുട്ടിൽ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറായിരുന്നു ആദ്യമായി പന്ത് അറ്റ്‌ലാന്റയുടെ വലയിലെത്തിച്ചത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിൽ മാനസിക മുൻതൂക്കം നേടിയ റയൽ മികച്ച നീക്കങ്ങൾ നടത്തി. അധികം വൈകാതെ അവർ രണ്ടാം ഗോളും അറ്റ്‌ലാന്റയുടെ വലയിലെത്തിച്ചു. പുതിയ സീസണിൽ റയലിലേക്ക് ചേക്കേറിയ കിലിയൻ എംബാപ്പെയുടെ വകയായിരുന്നു രണ്ടാം ഗോൾ.
രണ്ട് ഗോൾ നേടിയതോടെ പിന്നീട് റയൽ മാഡ്രിഡിന് കാര്യങ്ങൾ എളുപ്പമായിരുന്നു. റയൽ മാഡ്രിഡിനായുള്ള ആദ്യ മത്സരത്തിൽ തന്നെ ഗോളും കിരീടവും നേടിക്കൊടുക്കാൻ കിലിയൻ എംബാപ്പെക്ക് കഴിഞ്ഞു. ആറാം തവണയാണ് റയൽ മാഡ്രിഡ് യുവേഫ സൂപ്പർ കപ്പ് കിരീടം സ്വന്തം ഷെൽഫിലെത്തിക്കുന്നത്. ഞായറാഴ്ച രാത്രി ലാലിഗയിൽ മയ്യോർക്കക്കെതിരേയാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം.