മേജർ ലീഗ് സോക്കറിലെ അവസാന സീസണിലെ ഏറ്റവും മികച്ച താരമായി ഇന്റർ മിയാമിയുടെ അർജന്റൈൻ താരം ലയണൽ മെസ്സിയെ തിരഞ്ഞെടുത്തു. സീസണിൽ ഇന്റർ മിയാമിക്ക് 74 പോയിന്റ് നേടുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് മെസ്സി. സീസണിലെ 34 മത്സരത്തിലെ 19 എണ്ണത്തിലും മെസ്സി കളിച്ചിരുന്നു. ഇത്രയും മത്സരത്തിൽനിന്ന് 20 ഗോളുകളും 16 അസിസ്റ്റുകളുമാണ് മെസ്സി നേടിയത്.
വോട്ടിങ്ങിലൂടെയായിരുന്നു മെസ്സിയെ മികച്ച താരമായി തിരഞ്ഞെടുത്തത്. 38.43 ശതമാനം വോട്ട് നേടിയാണ് മെസ്സിയെ തിരഞ്ഞെടുത്തത്. കൊളംബസ് ക്രൂവിന്റെ കുച്ചോ ഹെർണാണ്ടസ് 33.7 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്ത് എത്തി. ഇന്റർമിയാമിയിലെ മെസ്സിയുടെ സഹതാരമായ ലൂയീസ് സുവാരസ് 7.1 ശതമാനം വോട്ടാണ് നേടിയത്. 12.1 ദശലക്ഷം പേരാണ് ഇത്തവണ എം.എൽ.എസ് കണ്ടത്.
മെസ്സിയുടെ വരവോടെ മികച്ച മുന്നേറ്റമാണ് എം.എൽ.എസിന് ഉണ്ടായിരിക്കുന്നത്. ടിക്ടോക്, ഇൻസ്റ്റഗ്രാം, യുടൂബ് എന്നിവയിലും ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സ്‌പോട്‌സ് ലീഗായും മേജർ ലീഗ് സോക്കർ മാറി.