യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. എന്നാല്‍ പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഇരു ടീമുകളും ഇനി ഇരുപാദ പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കണം. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണികും ജയിച്ചെങ്കിലും പ്രീക്വാര്‍ട്ടിറെലെത്താന്‍ പ്ലേ ഓഫ് കളിക്കണം.
പോയിന്റ് പട്ടികയിലെ ആദ്യ എട്ട് സ്ഥാനക്കാരാണ് നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. ഒന്‍പത് മുതല്‍ 24 വരെ സ്ഥാനത്തുള്ളവര്‍ പ്ലേ ഓഫ് മത്സരങ്ങള്‍ കളിച്ച് എട്ട് ടീമുകള്‍ കൂടി പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടും.
റയല്‍ 11ാം സ്ഥാനത്തും സിറ്റി 22ാം സ്ഥാനത്തും ബയേണ്‍ 12ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
ഇന്നലെ നടന്ന മത്സരത്തില്‍ ബ്രെസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ തകര്‍ത്തത്. ബ്രസീലിയന്‍ താരം റോഡ്രിഗോയുടെ ഇരട്ട ഗോളാണ് സ്പാനിഷ് വമ്പന്മാര്‍ക്ക് കരുത്തായത്. മത്സരത്തിന്റെ 27, 28 മിനുട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 56ാം മിനുട്ടില്‍ ജൂഡ് ബെല്ലിങ്ഹാമാണ് ശേഷിച്ച ഒരു ഗോള്‍ നേടിയത്.
ഒരു സമനില പോലും പുറത്താവലിലേക്ക് നയിക്കുമായിരുന്ന മത്സരത്തില്‍ ക്ലബ് ബ്രൂഷെയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. മാറ്റിയോ കൊവാസിച്, സാവിഞ്ഞോ എന്നിവര്‍ സിറ്റിക്കായി ലക്ഷ്യം കണ്ടപ്പോള്‍ ഒരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു.
സ്ലോവന്‍ ബ്രാടിസ്ലാവയെയാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെയും ജയം.
മറ്റൊരു മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാമന്മാരായ ലിവര്‍പൂള്‍ പരാജയം രുചിച്ചു. പി.എസ്.വിയോട് 3-2നാണ് ഇംഗ്ലീഷ് വമ്പന്മാര്‍ പരാജയപ്പെട്ടത്. രണ്ടാമന്മാരായ ബാഴ്‌സലോണ അറ്റ്‌ലാന്റയോട് 2-2ന് സമനിലയില്‍ പിരിഞ്ഞു. ലിവര്‍പൂളും ബാഴ്‌സയും അവസാന റൗണ്ട് മത്സരത്തിന് മുമ്പേ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.