തിങ്ങിനിറഞ്ഞ കൊച്ചി കലൂർ സ്‌റ്റേഡിയത്തിൽ ബംഗളൂരുവിനോടേറ്റ തോൽവിക്ക് പകരം ചോദിക്കാൻ മൈക്കൽ സ്റ്റാറെയും സംഘവും ഇന്ന് ബംഗളൂരുവിലെ ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തിൽ ഇറങ്ങുന്നു. സീസണിൽ തോൽവിയിൽനിന്ന് കരകയറാൻ കഴിയാത്ത ബ്ലാസ്‌റ്റേഴ്‌സ് ജയത്തിലൂടെ തിരിച്ചുവരവിന് ശ്രമിച്ചാണ് ഇന്ന് ഇറങ്ങുന്നത്. അവസാന മത്സരത്തിൽ കൊച്ചിയിൽ ഗോവക്കെതിരേയുള്ള തോൽവിയുടെ ക്ഷീണം തീർക്കാൻ ഇന്ന് ജയം അനിവാര്യമാണ്.
ഗോവക്കെതിരേ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടത്. പത്ത് മത്സരം പൂർത്തിയായപ്പോൾ 11 പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയിൽ പത്താം സ്ഥാനത്താണ്. അവസാനമായി കളിച്ച മൂന്ന് മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് തോൽവിയായിരുന്നു. ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് 200ാം മത്സരത്തിലാണ് ഇന്ന് ഇറങ്ങുന്നത്.
അതിനാൽ ചരിത്ര നിമിഷത്തിൽ ജയത്തോടെ മടങ്ങാനാണ് മഞ്ഞപ്പടയുടെ ശ്രമം. ബംഗളൂരുവിനെതിരേ കൊച്ചിയിൽ നടന്ന മത്സരത്തിൽ 3-1 എന്ന സ്‌കോറിനായിരുന്നു ബ്ലാസ്‌റ്റേസ് തോറ്റത്. അന്ന് പ്രതിരോധ താരം പ്രീതം കോട്ടാൽ, ഗോൾകീപ്പർ സോം കുമാർ എന്നിവരുടെ പിഴവിൽനിന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. ഗോൾ കീപ്പറുടെ റോളിലേക്ക് സച്ചിൻ തിരിച്ചെത്തിയിട്ടുണ്ട്.
എന്നാൽ സച്ചിന് ഫോം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം അവസാന മത്സരത്തിൽ ഒഡിഷ എഫ്.സിയോട് 4-2ന്റെ വലിയ തോൽവി ഏറ്റുവാങ്ങിയാണ് ബംഗളൂരു വരുന്നത്. ജയത്തോടെ തിരിച്ചുവരാൻ ഒരുങ്ങി ഇറങ്ങുന്ന ബംഗളൂരുവും എത്തുന്നതോടെ ശ്രീകണ്ഡീരവയിൽ ഇന്ന് തീപാറുന്ന പോരാട്ടം പ്രതീക്ഷിക്കാം. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ചെന്നൈയിൻ എഫ്.സിയെ നേരിടും.
എട്ട് മത്സരം കളിച്ച ഈസ്റ്റ് ബംഗാൾ ഒറ്റ മത്സരത്തിൽ മാത്രമാണ് ഇതുവരെ ജയിച്ചത്. അതിനാൽ ഇന്ന് ജയത്തോടെ തിരിച്ചുവരാനാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നത്.