ഷാർജയിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിൽ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. സെമി ഫൈനിലിൽ ശ്രീലങ്കയെ തോൽപ്പിച്ചായിരുന്നു ഇന്ത്യ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഐ.പി.എൽ ലേലത്തിൽ ഒരു കോടി രൂപക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ 13 കാരനായ വൈഭവ് സൂര്യവാൻഷിയുടെ കരുത്തിലായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 46.2 ഓവറിൽ 173 റൺസ് നേടി.
ഇന്ത്യൻ ബൗളർമാരുടെ കൃത്യതയുള്ള ബൗളിങ്ങായിരുന്നു ലങ്കയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. 110 പന്തിൽ 69 റൺസെടുത്ത ലഖ്വിൻ അഭയ്‌സിഗെയാണ് ലങ്കയുടെ ടോപ് സ്‌കോറർ. ഷൺമുഖനാഥൻ 78 പന്തിൽ 42 റൺസും നേടി. ലങ്കൻ നിരയിൽ നാലു താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി ചേതൻ ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആയുശ് മാത്രെ, കിരൻ കോമളെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
യാദ്ജിത് ഗുഹ, ഹർദിക് രാജ് എന്നിവർ ഓറോ വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. 21.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യ ലക്ഷ്യം മറികടന്നത്. സ്‌കോർ 91ൽ നിൽക്കെയായിരുന്നു ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 28 പന്തിൽ 34 റൺസെടുത്ത ആയുഷ് മാത്രെയുടെ വിക്കറ്റായിരുന്നു ആദ്യം നഷ്ടമായത്.
36 പന്തിൽ നിന്ന് ആറു ഫോറും അഞ്ച് സിക്‌സറും ഉൾപ്പെടെ 67 റൺസെടുത്ത സൂര്യവാൻഷി ഇന്ത്യയുടെ ടോപ് സ്‌കോററായി. ആന്ദ്രെ സിദ്ധാർഥ് 27 പന്തിൽ 22 റൺസെുത്ത് പുറത്തായി. ക്യാപ്റ്റൻ മുഹമ്മദ് അമൻ 26 പന്തിൽ 25 റൺസെടുത്ത് പുറത്താകാതെ നിന്നു. രണ്ടാം സെമി ഫൈനിലിൽ ജയിച്ച ബംഗ്ലാദേശ് ആണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളി. പാകിസ്ഥാനെ ഏഴു വിക്കറ്റിന് തോൽപിച്ചാണ് ബംഗ്ലാദേശ് ഫൈനലിലേക്ക് യോഗ്യത നേടിയത്.