പുതിയ സീസണിന് മുന്നോടിയായി ആരെല്ലാം മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുമെന്ന കാര്യത്തിൽ തീരുമാനമായി. യുനൈറ്റഡ് നിരയിലെ പ്രധാന താരങ്ങളായ ആന്റണി മാർഷ്യൽ, പ്രതിരോധ താരം റാഫേൽ വാരനെ എന്നിവരുൾപ്പെടുന്ന സംഘം അടുത്ത വർഷം ടീമിലുണ്ടാകില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
2015ൽ ഫ്രഞ്ച് ക്ലബായ മൊണോക്കിയിൽനിന്നായിരുന്നു മാർഷ്യൽ യുനൈറ്റഡിന്റെ മുന്നേറ്റനിരയിലെത്തിയത്. അവസാന രണ്ട് സീസണുകളിലായി താരത്തിന് കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. 36 മില്യൻ യൂറോ നൽകിയായിരുന്നു അന്ന് മാർഷ്യലിനെ യുനൈറ്റഡ് ഓൾഡ് ട്രാഫോർഡിലെത്തിച്ചത്. ഫ്രീ ഏജന്റാകുന്ന താരം ഏത് ക്ലബിലേക്ക് പോകുമെന്ന കാര്യം വ്യക്തമല്ല. അവസാന മൂന്ന് സീസണുകളിലായി 42 പ്രീമിയർ ലീഗ് മത്സരത്തിൽ മാത്രമേ മാർഷ്യലിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളു.
റയൽ മാഡ്രിഡിൽനിന്ന് മൂന്ന് സീസൺ മുൻപ് യുനൈറ്റഡിലെത്തിയ വരാനെയും അവസാന സീസണിൽ പരുക്കിന്റെ പിടിയാലിയിരുന്നു. ഈ സീസണോട വരാനെയുടെ കരാർ കാലാവദി പൂർത്തിയാവുകയാണ്. ഇതോടെ താരം ക്ലബ് വിടുമെന്നാണ് വിവരം. അക്കാദമി താരങ്ങളായ ബ്രാൻഡൺ വില്യംസൺ, ചാർളി മാക്‌നെൽ, മാർക്കസ് ലോറൻസ്, കീ പ്ലംലി, ടോം ഹഡൽസ്‌റ്റോൺ എന്നിവരും ഈ സീസണിൽ യുനൈറ്റഡ് വിടുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. അവസാന സീസണിൽ കാര്യമായ നേട്ടമൊന്നുമില്ലാതെയായിരുന്നു യുനൈറ്റഡ് പ്രീമിയർ ലീഗ് അവസാനിപ്പിച്ചത്.