ടി20 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ അയർലൻഡിനോട് ഇന്ത്യ അനായാസം ജയിച്ചു കയറിയെങ്കിലും സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് തിളങ്ങാനായില്ല. ആദ്യ മത്സരത്തിൽ ലഭിച്ച അവസരം മുതലാക്കിയ പന്ത് അടുത്ത മത്സരത്തിലും സീറ്റ് എറെക്കുറെ ഉറപ്പിച്ചു. ഇത് മലയാളി താരം സഞ്ജു സാംസണ് തിരിച്ചടിയാകും. ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം ഓപണറായിട്ടായിരുന്നു കോഹ്‌ലി എത്തിയത്.
എന്നാൽ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിയാതെ അഞ്ചു പന്തിൽ ഒരു റൺ മാത്രമാണ് കോഹ്‌ലി നേടിയത്. മികച്ച മാനസിക മുൻതൂക്കമുണ്ടായിരുന്നിട്ടും കോഹ്‌ലി അനാവശ്യ ഷോട്ടിന് മുതിർന്നായിരുന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
രോഹിത് അർധ സെഞ്ചുറി നേടി റിട്ടയർഡ് ഹർട്ടായിരുന്നു മടങ്ങിയത്. പിന്നീടെത്തിയ സൂര്യകുമാർ യാദവും ഫ്‌ളോപ്പായി. സിക്‌സർ പറത്തി വിജയത്തിനായി ശ്രമിച്ച സൂര്യയെ ജോർജ് ഡെക്രൽ പിടിച്ചു പുറത്താക്കുകയായിരുന്നു. താരം നാലു പന്തിൽ രണ്ട് റൺസ് മാത്രമായിരുന്നു നേടിയത്. ആദ്യ ഇലവനിൽ അവസരം ലഭിച്ച പന്ത് മികച്ച പ്രകടനം പുറത്തെടുത്തു. 26 പന്തിൽ 36 റൺസ് നേടിയ പന്ത് ഔട്ടാകാതെ നിന്നു.
പന്ത് മികച്ച പ്രകടനം പുറത്തെടുത്തതോടെ സഞ്ജുവിന്റെ കാര്യം പരുങ്ങലിലായി. ബംഗ്ലാദേശിനെതിരേ നടന്ന വാം അപ് മത്സരത്തിലും നിറംമങ്ങിയ പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. ഇതായിരുന്നു താരത്തിന് ആദ്യ മത്സരത്തിൽ ഇടം ലഭിക്കാതിരുന്നത്. ഒൻപതന് പാകിസ്താനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.