മത്സരം എത്ര കടുകട്ടിയുള്ളതായാലും ഇന്ത്യക്ക് ഒരേ ഒരു ഫിനിഷറെ ഫുട്‌ബോളിലുള്ളു. ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗും രാഹുൽ ദ്രാവിഡുമെല്ലാം ആടിത്തീർത്ത കഥകൾ ഫുട്‌ബോളിൽ ഒറ്റക്ക് രാജ്യത്തിനായി ചെയ്തു കാണിച്ചു തന്ന സുനിൽ ഛേത്രിയെന്ന കുറിയ മനുഷ്യൻ. രണ്ടു പതിറ്റാണ്ട് കാലം ഇന്ത്യൻ ഫുട്‌ബോളിൽ ഫിനിഷറുടെ റോൾ ഒറ്റക്ക് ആടിത്തീർത്ത നായകൻ ഇന്ന് കരിയറിലെ അവസാന പോരാട്ടത്തിനൊരുങ്ങുകയാണ്.
രാത്രി ഏഴിന് കുവൈത്തിനെതിരേയുള്ള ലോകകപ്പ് മത്സരത്തിലാണ് സുനിൽ ഛേത്രി തന്റെ അവസാന രാജ്യന്തര മത്സരത്തിനായി കളത്തിലിറങ്ങുന്നത്. ഇന്ത്യൻ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫിനിഷർ ആരാണെന്ന ചോദ്യത്തിന് സുനിൽ ഛേത്രി എന്നല്ലാതെ മറ്റൊരു ഉത്തരം ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.
2005 ജൂൺ 12 പാകിസ്താനിൽ നടന്ന മത്സരത്തിൽ പാകിസ്താനെതിരോ ഗോൾ സ്‌കോർ ചെയ്തുകൊണ്ടായിരുന്നു സുനിൽ ഛേത്രി ചരിത്രത്തിലേക്ക് ഗോളടിച്ചു തുടങ്ങിയത്. അവിടെ നിന്ന് ലോക ഫുട്‌ബോളിലെ അതികായൻമാരായ ലയണൽ മെസ്സി, ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവർക്കൊപ്പാം ഗോൾവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്താനും ഛേത്രിക്ക് കഴിഞ്ഞു.
ഫൈനൽ തേഡിൽ പന്തുമായി എത്തിയാൽ പതറാതെ, വിറക്കാതെ രണ്ടാമതൊന്ന് ആലോചിക്കാതെ എന്ത് ചെയ്യണമെന്ന് ഏറ്റവും കൃത്യമായ ചെയ്യാനറിയുന്നു എന്നത് തന്നെയായിരുന്നു ഛേത്രിയെ ഇന്ത്യയിലെ മറ്റുള്ള താരങ്ങളിൽനിന്ന് വിത്യസ്തനാക്കിയത്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഛേത്രി.
ഏഷ്യൻ ഗോൾ സ്‌കോറർമാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഛേത്രിക്കരികിൽ പോലും ഇന്ത്യയിൽനിന്ന് മറ്റൊരു താരമില്ല. 150 രാജ്യന്തര മത്സരത്തിൽനിന്നായി 94 ഗോളുകളാണ് ഛേത്രി സ്വന്തം ഇച്ചാശക്തികൊണ്ടും കരുത്തുകൊണ്ടും തന്ത്രം കൊണ്ടും നേടിയത്. എന്നാൽ പിന്നീട് 32 മത്സരത്തിൽനിന്ന് ഏഴു ഗോൾ നേടിയ ലാലിൻസുവാല ചങ്‌തേ, 61 മത്സരത്തിൽനിന്ന് 5 ഗോളുകൾ നേടിയ സന്ദേശ് ജിങ്കൻ എന്നിവരാണ് ഛേത്രിയുടെ പിന്നിൽ.
ഇനി ഒരു വ്യാഴവട്ടക്കാലം ആരു കളിച്ചാലും തകർക്കാനാകാത്ത റെക്കോർഡുമായിട്ടാണ് ഛേത്രി കളമൊഴിയുന്നത്. 39 കാരനായ ഛേത്രി പ്രായത്തിന്റെ അവശതകൾ കൊണ്ടാണ് രാജ്യന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കാൻ തീരുമാനിക്കുന്നത്. ഛേത്രി ഇന്ത്യയുടെ മുന്നേറ്റനിരയിൽനിന്ന് മടങ്ങുന്നതോടെ ഇന്ത്യക്കായി ഗോളടിക്കാനും ഫിനിഷ് ചെയ്യാനും ഇനി ആര് എന്ന വലിയൊരു ചോദ്യംകൂടി ബാക്കിയുണ്ട്.