Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • സന്തോഷ് ട്രോഫിയിലെ കളത്തിന് പുറത്തെ കളി
Football

സന്തോഷ് ട്രോഫിയിലെ കളത്തിന് പുറത്തെ കളി

സന്തോഷ് ട്രോഫി
Email :30

സ്‌പോട്‌സ് കൗൺസിൽ നഷ്ടപരിഹാരം നൽകണം

2022ൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി ഫൈനൽ മത്സരം കാണാൻ ടിക്കറ്റ് എടുത്തിട്ടും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവർ മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന് മുമ്പാകെ സമർപ്പിച്ച ഹരജിയിൽ മലപ്പുറം സ്‌പോർട്‌സ് കൗൺസിലിന് തിരിച്ചടി. ടിക്കറ്റ് എടുത്തിട്ടും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനാൽ മടങ്ങിയ കാണികൾക്ക് ടിക്കറ്റ് തുക തിരിച്ച് നൽകാനും 10000 രൂപ നഷ്ടപരിഹാരം നൽകാനും കമ്മിഷൻ ഉത്തരവായി.

മലപ്പുറം കാവനൂർ സ്വദേശി കെ.പി മുഹമ്മദ് ഇഖ്ബാൽ, കൊല്ലം മങ്ങാട്ട് സ്വദേശി മനോഷ് ബാബു, നസീം കരിപ്പകശ്ശേരി എന്നിവരാണ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ, മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എന്നിവരെ എതിർകക്ഷികളാക്കി കമ്മിഷൻ മുമ്പാകെ പരാതി നൽകിയത്. 30 ദിവസത്തിനകം നഷ്ടപരിഹാര തുക നൽകണമെന്നും അല്ലാത്ത പക്ഷം ഒൻപത് ശതമാനം പലിശ ഈടാക്കാമെന്നും മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിൽ പറയുന്നു.

ടിക്കറ്റ് എടുത്ത മുഴുവൻ ആളുകളേയും സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പ്രശ്‌നങ്ങൾ ഉണ്ടായില്ലെന്നും സ്‌പോർട്‌സ് കൗൺസിൽ വാദിച്ചു. എന്നാൽ എത്ര പേർക്ക് ടിക്കറ്റ് നൽകിയിരുന്നു, സ്റ്റേഡിയത്തിൽ എത്ര സീറ്റുകൾ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് തെളിവുകളും ഹാജരാക്കാൻ സാധിച്ചില്ല. ടിക്കറ്റ് തുക കൈപറ്റിയത് മലപ്പുറം സ്‌പോർട്‌സ് കൗൺസിലിൻറെ പേരിലുള്ള ബാങ്ക് അകൗണ്ടിലേക്കാണെന്നും മത്സരങ്ങളും ടിക്കറ്റ് വിൽപനയുടെ നിയന്ത്രണവും സ്‌പോർസ് കൗൺസിലിൻറെ അധികാരത്തിലായിരുന്നെന്നും പരാതിക്കാർ ഉന്നയിച്ചു.

പരാതിക്കാർ മത്സരം കാണുന്നതിന് എടുത്ത ടിക്കറ്റ്, വക്കീൽ നോട്ടീസ്, മത്സരം റിപ്പോർട്ട് ചെയ്ത പത്രങ്ങൾ, പണം സ്വീകരിച്ചത് സ്‌പോർട്‌സ് കൗൺസിലാണെന്ന് കാണിക്കുന്നതിൻറെ രേഖകൾ, ജനത്തിരക്ക് കാണിക്കുന്ന ഫോട്ടോ എന്നിവ കമ്മിഷൻ മുമ്പാകെ ഹാജരാക്കി. ടിക്കറ്റ് എടുത്തിട്ടും പരാതികാർക്ക് ഫൈനൽ മത്സരം കാണാൻ സാധിച്ചില്ലെന്നും സൗകര്യം ഒരുക്കാൻ ഉത്തരവാദിത്തമുള്ള മലപ്പുറം സ്‌പോർട്‌സ് കൗൺസിൽ ഗുരുതര വിഴ്ച വരുത്തിയെന്നും കമ്മീഷൻ കണ്ടെത്തി.

പരാതിക്കാർക്ക് വേണ്ടി അഭിഭാഷകരായ പി.സാദിഖലി അരീക്കോട്, എൻ.എച്ച് ഫവാസ് ഫർഹാൻ എന്നിവർ ഹാജരായി. മലപ്പുറം ആഥിത്യമരുളിയ സന്തോഷ് ട്രോഫി മത്സരങ്ങൾ കോട്ടപ്പടിയിലും പയ്യനാട് സ്റ്റേഡിയത്തിലുമായാണ് നടന്നത്. കോട്ടപ്പടിയിൽ ചുരുക്കം കാണികളാണ് എത്തിയിരുന്നത്. എന്നാൽ കേരളത്തിന്റെ മത്സരം നടന്ന ദിവസങ്ങളിൽ ആയിരക്കണക്കിന് ഫുട്‌ബോൾ പ്രേമികൾ പയ്യനാട്ടേക്ക് ഇരച്ചെത്തി.

25000 കാണികളെ ഉൾക്കൊള്ളാനുള്ള ഗാലറിയാണ് പയ്യനാട് സ്റ്റേഡിയത്തിലുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജസ്ഥാനെതിരെയുള്ള കേരളത്തിന്റെ ആദ്യമത്സരത്തിൽ 28000ത്തിൽ അധികം കാണികളെത്തി. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ പൊലിസ് പ്രവേശന കവാടം അടച്ചതോടെ നൂറുകണക്കിനാളുകൾക്ക് ഗ്രൗണ്ടിൽ എത്താനായില്ല. നേരത്തെ ടിക്കറ്റ് എടുത്ത് എത്തിയവർക്കെതിരെ പൊലിസ് ലാത്തി വീശുകയും ചെയ്തു. കേരളം കർണാടക സെമി പോരിലും ഫൈനൽ മത്സരത്തിലും ടിക്കറ്റ് എടുത്ത നൂറുകണക്കിന് ആളുകൾക്ക് കളി കാണാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts