മത്സരം രാത്രി ഏഴിന് ബംഗളൂരു എഫ്.സിക്കെതിരേ
ഡ്യൂറന്റ് കപ്പിന്റെ സെമി ഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ന് രാത്രി ഏഴിന് നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്.സിയേയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മിന്നും പ്രകടനം പുറത്തെടുത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്. സി ഗ്രൂപ്പിൽ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാംപൻമാരായിട്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടറിലേക്ക് ടിക്കുറപ്പിച്ചത്.
മുംബൈ സിറ്റിക്കെതിരേ എതിരില്ലാത്ത എട്ടു ഗോളിന് ജയിച്ച മഞ്ഞപ്പട രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരേ 1-1 എന്ന സ്‌കോറിന് സമനിലയിൽ പിരിഞ്ഞു. മൂന്നാം മത്സരത്തിൽ സി.ഐ.എസിനെതിരേ എതിരില്ലാത്ത ഏഴു ഗോളിനും ജയിച്ചതോടെയായിരുന്നു ആധികാരികമായി ബ്ലാസ്‌റ്റേഴ്‌സ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ഇതിന് മുൻപ് കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും ഡ്യൂറണ്ട് കപ്പിൽ ഒരു തവണ മാത്രമേ ഏറ്റുമുട്ടിയിട്ടുള്ളു.
അന്ന് മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ഐ.എസ്.എല്ലിൽ ബംഗളുരു എഫ്.സിക്കെതിരേയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിവാദ ഗോൾ വഴങ്ങിയതിന് ശേഷം ഇരു ടീമുകളും വാശിയോടെയാണ് പിന്നീട് മത്സരിച്ചിരുന്നത്. അതിനാൽ ഇന്നത്തെ മത്സരം വാശിയേറിയതാകും. തായ്‌ലൻഡിൽ നടന്ന പ്രീ സീസൺ മത്സരത്തിന് ശേഷം തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സ് മികച്ച ആത്മവിശ്വാസത്തിലാണ് കളിക്കുന്നത്.
അതിനാൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തെടുത്ത പ്രകടനം തുടരാൻ കഴിയുമെന്നാണ് പരിശീലകൻ സ്റ്റാറെയുടെയും സംഘത്തിന്റെയും പ്രതീക്ഷ. നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ആർക്കും പരുക്കില്ലാത്തതിനാൽ മികച്ച ടീമിനെ കളത്തിലിറക്കാൻ കഴിയുമെന്ന് പരിശീലകൻ സ്റ്റാറെ വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ആദ്യ മത്സരത്തിൽ മോഹൻ ബഗാനും പഞ്ചാബും തമ്മിൽ ഏറ്റുമുട്ടും.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു പഞ്ചാബ് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്. ഗ്രൂപ്പ് എയിൽ നിന്ന് ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യൻമാരായിട്ടാണ് മോഹൻ ബഗാൻ ഇന്ന് ക്വാർട്ടർ ഫൈനലിൽ മത്സരിക്കാനെത്തുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾമഴയിൽ മുങ്ങി സി.ഐ.എസ്.എഫ്
ഡ്യൂറാന്റ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം അവിസ്മരണീയമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ്. സി.ഐ.എസ്.എഫിനെതിരേ നടന്ന അവസാന മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. നിർണായക മത്സരത്തിൽ ജയം പ്രതീക്ഷിച്ചിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ തന്നെ ആറു ഗോളുകൾ നേടി എതിരാളിയുടെ വല നിറച്ചു. ആറാം മിനുട്ടിൽ പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്.
തുടക്കത്തിൽ തന്നെ ഗോൾ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 9ാം മിനുട്ടിൽ നോഹയുടെ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് രണ്ടാക്കി ഉയർത്തി. രണ്ട് ഗോൾ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സിന് പിന്നീട് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. മത്സരം പുരോഗമിക്കവെ 16ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോളും സി.ഐ.എസ്.എഫിന്റെ വലയിൽ വീണു. അധികം വൈകാതെ നോഹ രണ്ടാം ഗോളും സി.ഐ.എസ്.എഫിന്റെ വലയിലാക്കി വിജയത്തിന്റെ സൂചന നൽകി.
തുടരെ ഗോളുകൾ വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട സി.ഐ.എസ്.എഫിന് പിന്നീട് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താൻ കഴിഞ്ഞില്ല. 25ാം മിനുട്ടിൽ നവോച്ച സിങ് അഞ്ചാം ഗോളും 44ാം മിനുട്ടിൽ മുഹമ്മദ് അസ്ഹർ ആറാം ഗോളും നേടി ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ആറു ഗോളുകൾ വലയിലായതോടെ രണ്ടാം പകുതിയിൽ സി.ഐ.എസ്.എഫ് അൽപം ശ്രദ്ധയോടെയായിരുന്നു കളിച്ചത്.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളാണ് നേടിയത്. 90ാം മിനുട്ടിൽ നോഹയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴാം ഗോൾ നേടിയത്. ഇതോടെ താരം ബ്ലാസ്‌റ്റേഴ്‌സിനായി ഹാട്രികും നേടി. തൊട്ടുമുൻപ് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും നോഹ കിക്ക് നഷ്ടപ്പെടുത്തി. എന്നാൽ അതേ മിനുട്ടിൽ തന്നെ മറ്റൊരു ഗോളിലൂടെ ആ ഗോളിന് പ്രായംശ്ചിത്തം ചെയ്തായിരുന്നു നോഹ ഹാട്രിക് പൂർത്തിയാക്കിയത്.