മെസ്സി ഇക്വഡോറിനെതിരെ ബെഞ്ചിലായിരുന്നു
ലയണൽ മെസ്സി ഗ്വാട്ടിമലയെ നേരിടുന്ന അർജന്റൈൻ ടീമിന് വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങുമെന്ന് വ്യക്തമാക്കി പരിശീലകൻ ലയണൽ സ്‌കലോനി. ഇന്ന് നടന്ന വാർത്താസമ്മേളനത്തിലായിരുന്നു സ്‌കലോനി മെസ്സി കളിക്കുന്ന കാര്യം വ്യക്തമാക്കിയത്. ഇക്വഡേറിനെതിരേയുള്ള മത്സരത്തിൽ മെസ്സി ബെഞ്ചിലായിരുന്നു. നാളെ രാവിലെ 5.30നാണ് മത്സരം.
പിന്നീട് രണ്ടാം പകുതിക്ക് ശേഷം ഡി മരിയയെ പിൻവലിച്ചായിരുന്നു മെസ്സിയെ കളത്തിലിറക്കിയത്. എന്നാൽ ഗ്വാട്ടമലക്കെതിരേയുള്ള മത്സരത്തിൽ മെസ്സി ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കിയ സ്‌കലോനി കൂടുതൽ സമയം താരത്തെ കളിപ്പിക്കില്ലെന്നും കൂട്ടിച്ചേർത്തു. എം.എൽ.എസിൽ ഇന്റർമിയാമിക്കായി കളിക്കുന്നതിനിടെ മെസ്സിക്ക് പരുക്കേറ്റിരുന്നു.
ഈ പരുക്കിൽനിന്ന് താരം ഇതുവരെ പൂർണമായും മുക്തി നേടിയിട്ടില്ല. അതിനാൽ കോപാ അമേരിക്കക്ക് മുൻപായി കൂടുതൽ പരുക്കുകളില്ലാതെ മെസ്സിയെ നിലനിർത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കമെന്ന് സ്‌കലോനി കൂട്ടിച്ചേർത്തു. ജൂൺ 21ന് കാനഡക്കെതിരേയാണ് അർജന്റീനയുടെ കോപാ അമേരിക്ക ടൂർണമെന്റിലെ ആദ്യ മത്സരം.