Shopping cart

  • Home
  • Others
  • Euro Cup
  • ഇനി യൂറോ നാളുകള്‍- ശ്രദ്ധിക്കേണ്ട ഒൻപത് താരങ്ങള്‍ ഇവരാണ്
Euro Cup

ഇനി യൂറോ നാളുകള്‍- ശ്രദ്ധിക്കേണ്ട ഒൻപത് താരങ്ങള്‍ ഇവരാണ്

യൂറോ കപ്പ്
Email :47

ഫുട്‌ബോള്‍ ലോകം ഇന്ന് മുതല്‍ യൂറോപ്പിലലിയും. കൊണ്ടും കൊടുത്തും യൂറോപ്പിലെ വമ്പന്മാര്‍ ജര്‍മനിയില്‍ സ്വപ്‌ന കിരീത്തിനായി പോരാടും. ഇന്ന് രാത്രി ജര്‍മനിയും സ്‌കോട്‌ലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം.
ഇതിഹാസങ്ങള്‍ പലരും അരങ്ങുവാണ യൂറോ കപ്പില്‍ ഈ ചാംപ്യന്‍ഷിപ്പില്‍ കളം വാഴാനൊരുങ്ങുന്ന ഒത്തിരിപേരുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക മോഡ്രിച്, ടോണി ക്രൂസ് തുടങ്ങിയ പ്രമുഖര്‍ തങ്ങളുടെ അവസാന യൂറോ അങ്കത്തിനിറങ്ങുകായാണ്. ഈ ടൂര്‍ണമെന്റില്‍ കരുതിയിരിക്കേണ്ട ഒൻപത് താരങ്ങള്‍ ഇവരൊക്കെയാണ്.

ജൂഡ് ബെല്ലിങ്ഹാം (ഇംഗ്ലണ്ട്)

സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിലെ മാസ്മരിക അരങ്ങേറ്റത്തിനു ശേഷമാണ് ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം യൂറോ കപ്പിനെത്തുന്നത്. യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരമെന്ന് ബെല്ലിങ്ഹാം ഇതിനിടെ പേരെടുത്ത് കഴിഞ്ഞു. റയലിനായി ഈ സീസണില്‍ 23 ഗോളുകളും 12 അസിസ്റ്റുമാണ് 20കാരനായ താരം റയലിനായി നേടിയത്.
താരത്തിന്റെ വിജയ ഭ്രമവും മുന്നേറ്റ മികവും ഇംഗ്ലീഷ് ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയാണ് ഈ യൂറോകപ്പില്‍ നല്‍കുന്നത്. വര്‍ഷങ്ങളായുള്ള കിരീട വരള്‍ച്ചക്ക് വിരാമമിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത് സൗത്ഗേറ്റിന്റെ ആവനാഴിയിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം ബെല്ലിങ് ഹം തന്നെയാണ്.

ഫ്ളോറിയന്‍ വിര്‍ട്സ് (ജര്‍മനി)

ബുണ്ടസ് ലിഗ കിരീടം നേടിയ സാബി അലോന്‍സോയുടെ ബയര്‍ ലെവര്‍കൂസനിലെ പ്രധാനിയാണ് ഫ്ളോറിയന്‍ വിര്‍ട്സ്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ താരം ബുണ്ടസ് ലീഗ സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കുന്ന രണ്ടാമത്തെ താരവുമായി. സ്വന്തം നാട്ടില്‍ നടക്കുന്ന യൂറോ കപ്പിലൂടെ നാഷനല്‍ ടീമിലെ അഭിവാജ്യ ഘടകമായി മാറാനുള്ള ഒരുക്കത്തിലാണ് വിര്‍ട്സ്. ഖത്തര്‍ ലോകകപ്പില്‍ നിന്ന് താരം പരുക്ക് മൂലം പുറത്തിായിരുന്നു.

സാവി സിമണ്‍സ് (നെതര്‍ലന്‍ഡ്സ്)

ബാഴ്സലോണയുടെ ലാമാസിയ അക്കാദമിയുടെ ഉല്‍പന്നമാണ് സാവി സിമണ്‍സ് എന്ന ഡച്ച് താരം. നിലവില്‍ ജര്‍മന്‍ ക്ലബ് ആര്‍.ബി ലെപ്സിഗിന്റെ കുന്തമുനയാണ് സിമണ്‍സ്.
ആക്രമണ സ്വാതന്ത്ര്യം നല്‍കിയാല്‍ കത്തിക്കയറുന്ന സിമണ്‍സിനെ ഡച്ച പരിശീലകന്‍ റൊണാള്‍ഡ് കോമന്‍ എങ്ങനെ ഉപയോഗിക്കുമെന്ന് കണ്ടറിയണം. മികവിനനുസരിച്ച് അവസരവും ലഭിച്ചാല്‍ ഡച്ച് ആരാധകര്‍ക്ക് യൂറോ കിരീടം സിമണ്‍സ് സമ്മാനിക്കും.

റസ്മുസ് ഹൊയ്ലുണ്ട് (ഡെന്മാര്‍ക്ക്)

കഴിഞ്ഞ സമ്മറില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കിയ ഏറ്റവും വിലകൂടിയ താരമാണ് റസ്മുസ് ഹൊയ്ലുണ്ട്. സീസണില്‍ മികച്ച പ്രകടനം നടത്തി തനിക്ക് മൂല്യമുണ്ടെന്ന് താരം തെളിയിക്കുകയും ചെയ്തു. പ്രീമിയര്‍ ലീഗില്‍ 10 ഗോളുകളാണ് 21കാരനായ റസ്മുസ് നേടിയത്.
നിലവില്‍ ഡെന്മാര്‍കിന്റെ മുന്നേറ്റ നിരയിലെ സജീവ സാന്നിധ്യമായ താരം യൂറോകപ്പില്‍ മികവ് പ്രകടിപ്പിക്കുമെന്നുറപ്പ്. യൂറോ യോഗ്യത മത്സരങ്ങളില്‍ താരം ഏഴ് ഗോളുകള്‍ സ്വന്തമാക്കിയിരുന്നു.

കെവിന്‍ ഡി ബ്രുയ്‌നെ (ബെൽജിയം)

സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കര്‍ ആരെന്ന ചോദ്യത്തിന് ആര്‍ക്കും തികട്ടി വരുന്ന ഉത്തരം കെവിന്‍ ഡി ബ്രുയ്‌നെ എന്ന ബെല്‍ജിയംകാരന്‍ തന്നെയായിരിക്കും. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയാണ് ഡിബ്രുയ്‌നെ യൂറോ കപ്പിനെത്തുന്നത്. തുടര്‍ച്ചയായി നാലാം തവണയും പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയെത്തുന്ന ഡിബ്രൂയ്‌നെ യൂറോ കപ്പിലും ഫോം തുടര്‍ന്നാല്‍ ബെല്‍ജിയം ആരാധകര്‍ക്ക് യൂറോ കിരീടം സ്വപ്‌നം കണ്ട് തുടങ്ങാം.

കെനാന്‍ യില്‍ദിസ് (തുര്‍ക്കി)

ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ പ്രകടനത്തില്‍ നിര്‍ണായ പങ്കുവഹിക്കുന്ന താരമാണ് 18കാരനായ കെനാന്‍ യില്‍ദിസ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ജര്‍മനിക്കെതിര ഗോള്‍ നേടിയാണ് ജര്‍മന്‍ വംശജന്‍ കൂടിയായ യില്‍ദിസ് തുര്‍ക്കി നിരയില്‍ വരവറിയിച്ചത്.
ജര്‍മനിയിലെ റിഗിന്‍സ്ബര്‍ഗില്‍ ജനിച്ച യില്‍ദിസ് ജന്മനാട്ടില്‍ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് തുര്‍ക്കി ആരാധകര്‍.

ലാമിന്‍ യമാല്‍ (സ്‌പെയിന്‍)

പല ഇതിഹാസങ്ങളും കളംവാണ സ്‌പെയിന്‍ നിരയില്‍ ഈ യൂറോകപ്പിലെ ശ്രദ്ധേയമായ താരം ലാമിന്‍ യമാലെ എന്ന പതിനാറുകാരനാണ്. ബാഴ്സലോണയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോറര്‍, ലാ ലിഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോറര്‍, സ്പാനിഷ് ദേശീയ ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോറര്‍ എന്നിങ്ങനെ അസാധാരാണ റെക്കോഡുകള്‍ താരം കൈപിടിയിലൊതുക്കിയിട്ടുണ്ട്. അതിനാല്‍ ഈ യൂറോകപ്പിന്റെ താരമാവാന്‍ യമാലിന് സാധിക്കുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ വിലയിരുത്തുന്നത്.

ഫില്‍ ഫോഡന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്ലെയര്‍ ഓഫ് ദി സീസണ്‍ പട്ടം സ്വന്തമാക്കിയാണ് ഫില്‍ഫോഡന്‍ യൂറോകപ്പില്‍ ഇംഗ്ലണ്ടിനായി പന്തു തട്ടാനെത്തുന്നത്. 19 ഗോളുകളാണ് താരം സീസണില്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയിലേതു പോലെ തന്റെ ഇഷ്ട പൊസിഷനില്‍ മേയാന്‍ വിട്ടാല്‍ ഫോഡന്‍ ഇംഗ്ലണ്ടിനായും അത്ഭുതം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഗാരത് സൗത്‌ഗേറ്റും ആരാധകരും. കഴിഞ്ഞ യൂറോ കിരീടം കൈയകലെ നഷ്ടമായ ഇംഗ്ലണ്ടിന് ഇത്തവണ ഫോഡന്റെ പ്രകടനം നിര്‍ണായകമാണ്.

കിലിയന്‍ എംബാപെ (ഫ്രാന്‍സ്)

കൗമാര പ്രായത്തില്‍ തന്നെ ആകര്‍ഷകമായ ഡ്രിബ്ലിങ്ങും വേഗതയും കൊണ്ട് പേരെടുത്ത കിലിയന്‍ എംബാപ്പെ ഫ്രാന്‍സിന്റെ നായകനായാണ് ഇത്തവണ യൂറോ കപ്പിനെത്തുന്നത്. അടുത്തിടെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ എംബാപ്പെ കഴിഞ്ഞ സീസണില്‍ പി.എസ്.ജിക്കായി 44 ഗോളുകളാണ് അടിച്ചു കൂട്ടിയിട്ടുള്ളത്. ലയണല്‍ മെസിയും ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും കരിയറിന്റെ അവസാനത്തിലേക്കടുക്കുമ്പോള്‍ യൂറോ കപ്പ് കിരീടത്തോടെ ആ സിംഹാസനത്തിലിരുപ്പുറപ്പിക്കാനൊരുങ്ങുകയാണ് എംബാപ്പെ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts