ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിന് ജയം. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയെയാണ് തോൽപിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു കൊമ്പൻസിന്റെ ജയം. സ്വന്തം തട്ടകത്തിൽ ജയംപ്രതീക്ഷിച്ചിറങ്ങിയ തിരുവനന്തപുരത്തിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. 16ാം മിനുട്ടിൽതന്നെ തിരുവനന്തപുരം ഗോൾ നേടി. വിഷ്ണു ആയിരുന്നു ആദ്യ ഗോൾ നേടിയത്.
ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കൊമ്പൻസ് തുടരെ തൃശൂരിന്റെ ഗോൾമുഖം അക്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ തൃശൂരും ശ്രമം തുടങ്ങിയതോടെ പലപ്പോഴും മത്സരം കടുത്തതായി. എന്നാൽ പിന്നീട് ഗോളൊന്നും പിറക്കാതിരുന്നതോടെ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി തിരുവന്തപുരം മത്സരം അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ ഗോൾ മടക്കി സമനില നേടാൻ തൃശൂർ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. തൃശൂർ സമനില ഗോളിനായി പൊരുതുന്നതിനിടെ കൊമ്പൻസിന്റെ രണ്ടാം ഗോളും തൃശൂരിന്റെ വലയിൽ വീണു. 69ാം മിനുട്ടിൽ ലാൽമാങ്കെയ്‌സങ്കയായിരുന്നു കൊമ്പൻസിനായി രണ്ടാം ഗോൾ നേടിയത്. രണ്ട് ഗോളിന്റെ ലീഡ് നേടിയതോടെ പ്രതിരോധം ശക്തിപ്പെടുത്തിയായിരുന്നു കൊമ്പൻസ് പിന്നീട് കളിച്ചത്.
തുടർന്ന് ഗോളൊന്നും വഴങ്ങാതിരുന്നതോടെ മത്സരം 2-0 എന്ന സ്‌കോറിന് അവസാനിക്കുകയായിരുന്നു. മത്സരം വീക്ഷിക്കാൻ നിരവധി പേരാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെത്തിയത്.