Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Latest
  • ഫോഗട്ടിന്റെ അപ്പീൽ തള്ളിയ പൂർണ വിധി പുറത്ത്
Latest

ഫോഗട്ടിന്റെ അപ്പീൽ തള്ളിയ പൂർണ വിധി പുറത്ത്

വിനേഷ് ഫോഗട്ട്
Email :24

ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് സമർപ്പിച്ച അപ്പീലിൽ പൂർണമായ വിധി പുറത്ത് വിട്ട് കായിക കോടതി. പാരിസ് ഒളിംപിക്‌സിൽ വനിതകളുടെ 50 കിലോ ഗ്രാം ഗുസ്തിയിൽ 100 ഗ്രാം തൂക്കം കൂടിതയതിനെ തുടർന്ന് ഫൈനലിന് യോഗ്യത നേടിയ ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. തുടർന്നായിരുന്നു താരം കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചത്. വെള്ളി മെഡൽ നൽകണമെന്നായിരുന്നു ഫോഗട്ടിന്റെ ആവശ്യം.

എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു കോടതി വിധിയുടെ മുഴുവൻ വിവരവും പുറത്തുവിട്ടത്. എല്ലാ അത്!ലറ്റുകൾക്കും ഒരേ നിയമമാണ്. ഭാരപരിശോധനയിൽ അനുവദനീയമായതിൽ കൂടുതൽ ഭാരം ഉണ്ടായാൽ നിയമത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. താരങ്ങൾ ധരിക്കുന്ന വസ്ത്രം ഉൾപ്പടെ അനുവദനീയമായ ഭാരത്തിന്റെ പരിധിയിൽ വരണമെന്ന് കായിക കോടതിയുടെ വിധിയിൽ പറയുന്നു.

ഭാരപരിശോധനയിൽ കാണപ്പെട്ട അളവ് താരങ്ങൾക്ക് ലഭിക്കും. ശരീരത്തിലെ ജലാംശത്തിന്റെ അളവോ ജലം കുടിക്കുന്നതോ നേരിയ ഭാരവ്യത്യാസത്തിന് കാരണമാകാം. വിനേഷ് അനുഭവസമ്പത്തുള്ള ഗുസ്തി താരമാണ്. അതിനാൽ നിയമങ്ങളെക്കുറിച്ച് അറിവുണ്ടാകണം. അതിനിടെ വിനേഷ് ഫൊഗട്ടിന്റെ വീഴ്ചയല്ല രണ്ടാം ഭാരപരിശോധനയിൽ പരാജയപ്പെടാൻ കാരണമെന്ന് കായിക കോടതി നിരീക്ഷിച്ചു.

യുണൈറ്റഡ് വേൾഡ് റസലിങ്ങിൽ സ്ത്രീകൾക്കായി പ്രത്യേക നിയമമില്ലാത്തത് വീഴ്ചയാണ്. നിയമത്തിൽ കാലാനുസൃത മാറ്റം വേണം. വിനേഷ് ഫോഗട്ടിനോട് തോറ്റയാൾക്കാണ് വെള്ളി മെഡൽ ലഭിച്ചത്. നിലവിലെ നിയമ പ്രകാരം താരത്തിന്റെ ആവശ്യം അനുവദിക്കാനാവില്ല. ഹർജി തള്ളുന്നത് രാജ്യാന്തര നിയമം ഈ രീതിയിലായതുകൊണ്ട് മാത്രമെന്നും കായിക കോടതി പുറത്തുവിട്ട വിധി പകർപ്പിൽ വ്യക്തമാക്കുന്നു. ഒളിംപിക്‌സിന് ശേഷം രണ്ട് ദിവസം മുൻപായിരുന്നു ഫോഗട്ട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. നാട്ടിലെത്തിയ താരത്തെ വിമാനത്താവളത്തിലും ഗ്രാമത്തിലും നിരവധി പേരായിരുന്നു സ്വീകരിച്ചത്.

100 ഗ്രാം തൂക്കം തകർത്ത 140 കോടി നിറമുള്ള സ്വപ്നം

ഒരു നാഴിക നേരംകൂടി പിന്നിട്ടാൽ ഇന്ത്യൻ കായിക ചരിത്രത്തിലെ പുതിയൊരു ചരിത്രവും,അധ്യായവും പിറവിയെടുക്കുന്നുവെന്ന സന്തോഷത്തോടെയായിരുന്നു കഴിഞ്ഞ ദിവസം കായിക പ്രേമികൾ നിദ്രയിലാണ്ടത്. എന്നാൽ നേരം പുലർന്നപ്പോൾ മനസ് തകരുന്ന വാർത്തയായിരുന്നു ഇന്ത്യൻ കായിക ലോകം കേട്ടത്. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈൽ ഗുസ്തിയിൽ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടിരുന്നു.

100 ഗ്രാം തൂക്കം അധികമായതാണ് അയോഗ്യതക്ക് കാരണം. സെമി ഫൈനലിൽ ശക്തയായ ക്യൂബൻ താരം യുസ്‌നെയ്‌ലിസ് ലോപ്പസിനെ അനായാസം തകർത്ത ഫോഗട്ട് ഇന്നലെ നടക്കുന്ന ഫൈനലിൽ എതിരാളിയെ കീഴടക്കുമെന്ന് തന്നെയായിരുന്നു കണക്കുകൂട്ടൽ. കാരണം ക്വാർട്ടറിലും സെമിയിലും വീഴ്ത്തിയത് ലോകത്തെ ഏറ്റവും മികച്ച താരങ്ങളെയായിരുന്നു. ഫൈനലിൽ വിനേഷിന് അത്ര ശക്തരല്ലാത്ത എതിരാളിയല്ല എന്നതിനാൽ സ്വർണം ഏറെക്കുറെ ഉറപ്പിച്ചിരുന്നു.

എന്നാൽ ഇന്ത്യക്കാരുടെ 144 കോടി നിറമുള്ള സ്വപ്‌നം തകർത്തത് ആ 100 ഗ്രാം തൂക്കമായിരുന്നു. ഇതോടെ ഇല്ലാതായത് ഇന്ത്യൻ ചരിത്രത്തിന്റെ ഒരു സുവർണ അധ്യായമായിരുന്നു. നേരത്തെ സമയത്തിന്റെ നൂറിലൊരംശം കൊണ്ട് ഒളിംപിക്‌സ് മെഡലുകൾ നഷ്ടമായ പറക്കും സിങ് എന്ന് അറിയപ്പെട്ടിരുന്ന മിൽഖ സിങ്, ഒളിംപ്യൻ പി.ടി ഉഷ എന്നിവരുടെ പട്ടികയിലേക്ക് 100 ഗ്രാം തൂക്കത്തതിന്റെ പേരിൽ ഒളിംപിക്‌സ് മെഡൽ നഷ്ടപ്പെട്ട വിനേഷ് ഫോഗട്ടിന്റെയും പേര് എഴുതിച്ചേർത്തിട്ടുണ്ട്.

ആദ്യമായിട്ടാണ് 50 കിലോ വനിതാ വിഭാഗം ഗുസ്തിയിൽ ഒരു ഇന്ത്യൻ താരം ഫൈനലിലെത്തുന്നതെന്ന നേട്ടം സ്വന്തമാക്കിയായിരുന്നു ഫോഗട്ട് സെമി ഫൈനലിന് ശേഷം ഗോധയിൽനിന്ന് മടങ്ങിയത്. എന്നാൽ നേരും ഇരുട്ടി വെളത്തപ്പോഴേക്കും തന്റെ സ്വപ്‌നങ്ങൾ പൊലിഞ്ഞു പോയി. കനൽപഥങ്ങൾ താണ്ടിയായിരുന്നു ഫോഗട്ട് പാരിസിലെ ഗുസ്തിയുടെ ഫൈനൽ വേദിയിലേക്കെത്തിയത്. അതുകൊണ്ടു തന്നെ താരത്തിന്റെ അയോഗ്യത ഇന്ത്യൻ ജനതക്ക് വിശ്വസിക്കാനേ ആകുന്നില്ല.

ഒരു വർഷം മുൻപ് ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണിനെതിരേ തെരുവിൽ സമരം നയിച്ച ഫോഗട്ട് 40 ദിവസമായിരുന്നു തെരുവിൽ കിടന്ന് പൊലിസിന്റെ ഇടിയും തൊഴിയും കൊണ്ടത്. തനിക്ക് കിട്ടിയ സ്വർണത്തേക്കാൾ തിളക്കമുള്ള മെഡലുകളെല്ലാം ഗംഗയിൽ ഒഴുക്കാൻ തീരുമാനിച്ചു. തുടർന്ന് കാലിലെ പരുക്ക്, ശസ്ത്രക്രിയ, അവിടെ നിന്ന് പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതാ ഗുസ്തി താരമായി പാരിസിൽ.

ഇവിടം കൊണ്ടും തീർന്നില്ല, ഫോഗട്ടിന്റെ പോരാട്ട വീര്യം. താൻ ഇഷ്ടപ്പെടുന്ന 53 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ ഹോർമോൺ സംബന്ധമായ പ്രശ്‌നങ്ങളുള്ളത് കാരണം തൂക്കം കുറച്ച് 50 കിലോ വിഭാഗത്തിലേക്ക് മാറി.രാജ്യത്തിന്റെ അഭിമാനമായി സ്വപ്‌നതുല്യമായ നേട്ടത്തിന് തൊട്ടരികിൽ നിൽക്കെയായിരുന്നു 100 ഗ്രാമിന്റെ രൂപത്തിൽ ഫോഗട്ടിന്റെയും ഇന്ത്യയുടെയും സ്വപ്‌നങ്ങൾ തകർന്നത്. ഫോഗട്ടിന്റെ ശരീരത്തിലെ അധികമുള്ള ആ 100 ഗ്രാം ഇനി ഇന്ത്യൻ കായിക ചരിത്രത്തിലെ എക്കാലത്തേയും നീറുന്ന ഓർമയാകും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts