ശമ്പളം നൽകുന്നില്ലെന്ന് വ്യക്തമാക്കി കിലിയൻ എംബാപ്പെ ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്കെതിരേ നിയമ നടപടി സ്വീകരിച്ചതായി റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ ലെ മോണ്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എംബാപ്പെ റയൽ മാഡ്രിഡിലേക്ക് മാറിയെങ്കിലും പി.എസ്.ജി.യുടെ പ്രധാന ഓഹരി പങ്കാളിയായ ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ് എംബാപ്പെയ്ക്ക് ഇപ്പോഴും കരാർ തുക നൽകാനുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഈ തുക ലഭിക്കുന്നതിന് വേണ്ടിയായിരുന്നു താരം കോടതയിൽ കേസ് ഫയൽ ചെയ്തത്. പി.എസ്.ജി. 55 മില്യൺ യൂറോ (ഏകദേശം 500 കോടിയിലധികം രൂപ) എംബാപ്പെയ്ക്ക് നൽകാനുണ്ട്. പ്രതിഫലം ഇനത്തിലാണ് ഈ തുക പി.എസ്.ജി. നൽകേണ്ടത്. പി.എസ്.ജി.യിൽനിന്ന് ലഭിക്കേണ്ട അവസാന മൂന്ന് മാസത്തേത് ഉൾപ്പെടെ (ഏപ്രിൽ, മേയ്, ജൂൺ) ഉള്ള പ്രതിഫലമാണിത്. കൂടാതെ ബോണസ്, സൈനിങ് ബോണസ് തുകയായ 36 മില്യൺ യൂറോ (ഏതാണ്ട് 334 കോടി രൂപ) കൂടി ഉൾപ്പെട്ടതാണിത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ലഭിക്കേണ്ട തുകയായിരുന്നു ഇത്. എന്നാൽ ഇതുവരെയും തുക ലഭിക്കാത്തതിനെ തുടർന്നായിരുന്നു താരം കേസുമായി മുന്നോട്ടു പോയത്. നേരത്തെ പണം ലഭിക്കാനുണ്ടെന്ന് എംബാപ്പെ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ ഈ സമയത്ത് താരവുമായി ഇടപാടൊന്നും ബാക്കിയില്ലെന്നായിരുന്നു പി.എസ്.ജി ക്ലബ് വ്യക്തമാക്കിയത്. ഫ്രഞ്ച് പ്രൊഫഷണൽ ഫുട്‌ബോൾ ലീഗ് (എൽ.എഫ്.പി.) ലീഗൽ കമ്മിറ്റിയിലായിരുന്നു എംബാപ്പെ ആദ്യം പരാതി നൽകിയത്.
ഫ്രഞ്ച് പ്രൊഫഷണൽ ഫുട്‌ബോൾ ചാർട്ടർ പ്രകാരം കരാറിലുള്ള ഓരോ ഫുട്‌ബോൾ താരത്തിനും മാസം അവസാന ദിവസത്തിന് മുൻപ് പ്രതിഫലം നൽകണം. ഇക്കാര്യത്തിലെ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. നിയമ നടപടികൾക്ക് ശേഷം ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ ഇക്കാര്യം യുവേഫയെ അറിയിച്ചിട്ടുണ്ട്.
കിലിയൻ എംബാപ്പെ ഇനി റയൽ മാഡ്രിഡ് താരം
പി.എസ്.ജിയുടെ ഫ്രഞ്ച് താരമായിരുന്ന കിലിയൻ എംബാപ്പെ ഇനി റയൽ മാഡ്രിഡിൽ. റയൽ മാഡ്രിഡ് താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ചു വർഷത്തെ കരാറിലാണ് താരം റയലിലെത്തുന്നത്. ഈ സീസണോടെ പി.എസ്.ജിയിൽ കരാൽ അവസാനിക്കുന്ന താരം ക്ലബ് വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന വാർത്തയുണ്ടായിരുന്നു. ഇപ്പോഴാണ് താരത്തിന്റെ വരവ് റയൽ ഔദ്യൗഗികമായി പ്രഖ്യാപിച്ചത്.
2013ൽ ഫ്രഞ്ച് ലീഗിൽ മോണോക്കോക്കായി നടത്തിയ മിന്നും പ്രകടനത്തിലൂടെയായിരുന്നു യൂറോപ്യൻ ഫുട്‌ബോളിന്റെ മുഖ്യധാരയിലേക്ക് എംബാപ്പെ എത്തുന്നത്. തുടർന്ന് 2017ൽ മൊണോക്കോ വിട്ട താരം പി.എസ്.ജിയിൽ ചേർന്നു. പി.എസ്.ജിക്കായി 178 മത്സരം കളിച്ച എംബാപ്പെ ഏഴു വർഷത്തെ കരിയറിൽ 17 വിവിധ കിരീടങ്ങളും സ്വന്തമാക്കിയാണ് ഫ്രാൻസിൽ പുതിയ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലേക്ക് കൂടുമാറുന്നത്. ആറു ലീഗ് കപ്പ്, നാലു ഫ്രഞ്ച് കപ്പ്, അഞ്ച് ഫ്രഞ്ച് സൂപ്പർ കപ്പ്, രണ്ട് ലീഗ് കപ്പ് എന്നിവയാണ് പി.എസ്.ജിക്കൊപ്പമുള്ള താരത്തിന്റെ നേട്ടം.
ഫ്രഞ്ച് ടീമിന്റെയും മുന്നേറ്റത്തിലെ പ്രധാനിയായ എംബാപ്പെ 2018ൽ ലോകകപ്പ് നേടിയ ടീമിനെ അംഗമായിരുന്നു. 2021ലെ നാഷൻസ് ലീഗ് കിരീടത്തിലും എംബാപ്പെയുടെ പങ്കുണ്ടായിരുന്നു. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ ഫൈനലിൽ അർജന്റീനയോട് പൊരുതിത്തോറ്റെങ്കിലും ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് ജേതാവും 25 കാരനായ എംബാപ്പെക്കായിരുന്നു.