പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ചാംപ്യന്മാരെ ഇന്നറിയാം. വൈകുന്നേരം 6.30ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും ഏറ്റുമുട്ടും. 16 റൺസിന് കൊല്ലം തൃശൂരിനെ പരാജയപ്പെടുത്തിയായിരുന്നു ഫൈനൽ ടിക്കറ്റുറപ്പിച്ചത്. ഇന്നലെ നടന്ന ആദ്യ സെമിയിൽ അദാനി ട്രിവാൻഡ്രം റോയൽസിനെതിരേ 18 റൺസിനാണ് ഗ്ലോബ്സ്റ്റാർസ് വിജയം സ്വന്തമാക്കി ഫൈനൽ ബെർത്ത് ഉറപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി. 174 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ ട്രിവാൻഡ്രത്തിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനേ സാധിച്ചുള്ളു. നാല് ഓവറിൽ 18 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തുകയും 43 പന്തിൽ നിന്ന് 55 റൺസ് നേടുകയും ചെയ്ത അഖിൽ സ്‌കറിയയാണ് കാലിക്കറ്റിന്റെ വിജയശിൽപി.
കൊല്ലം സെയ്‌ലേഴ്‌സും തൃശൂർ ടൈറ്റൻസും തമ്മിൽ നടന്ന രണ്ടാം സെമിയിൽ ആദ്യം ബാറ്റ് ചെയ്ത കൊല്ലം അഭിഷേക് നായരുടെ സെഞ്ചുറിയുടെ (103) പിന്തുണയിൽ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി. അഭിഷേക് നായരും ക്യാപ്റ്റൻ സച്ചിൻ ബേബിയും ചേർന്നുളള കൂട്ടുകെട്ട് കൊല്ലത്തെ ശക്തമായ നിലയിൽ എത്തിച്ചു. സ്‌കോർ 48 ലെത്തിയപ്പോൾ ഓപ്പണർ അരുൺ പൗലോസിന്റെ വിക്കറ്റ് കൊല്ലത്തിനു നഷ്ടമായി.
തുടർന്നാണ് അഭിഷേക് നായർക്കൊപ്പം സച്ചിൻ ബേബി ക്രീസിലെത്തിയത്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് 19.3 ഓവറിൽ കൊല്ലത്തിന്റെ സ്‌കോർ 208ലെത്തിച്ചു. 61 പന്തിൽ നിന്ന് ആറു സിക്‌സും 11 ബൗണ്ടറിയും ഉൾപ്പെടെ 103 റൺസ് നേടിയ അഭിഷേക് നായരെ മോനു കൃഷ്ണ റൺ ഔട്ടാക്കിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. 49 പന്ത് നേരിട്ട സച്ചിൻ ബേബി നാലു സിക്‌സും ഏഴു ബൗണ്ടറിയും ഉൾപ്പെടെ 83 റൺസുമായി പുറത്താകാതെ നിന്നു.
നാല് ഓവർ എറിഞ്ഞ മോനു കൃഷ്ണനാണ് കൊല്ലത്തിന്റെ ബാറ്റ്‌സ്മാൻമാരിൽ നിന്നു കൂടുതൽ പ്രഹരം ഏറ്റുവാങ്ങിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച തൃശൂരിന്റെ തുടക്കം വിഷ്ണു വിനോദ് ഗംഭീരമാക്കി. 13 പന്തിൽ നിന്നു വിഷ്ണു നേടിയത് 37 റൺസ്. മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ബിജു നാരായണൻ വിഷ്ണുവിനെ ബൗൾഡാക്കി. മൂന്ന് ഓവർ പൂർത്തിയായപ്പോൾ തൃശൂർ സ്‌കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 എന്ന നിലയിൽ.
10 ഓവർ പൂർത്തിയായപ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 88 എന്ന നിലയിലായിരുന്നു തൃശൂർ. അക്ഷയ് മനോഹർ വരുൺ നായനാർ കൂട്ടുകെട്ട് ടീം സ്‌കോർ 124 വരെ എത്തിച്ചു. അവസാന ഓവറിൽ വിജയിക്കാൻ 34 റൺസ് വേണ്ടിയിരുന്ന തൃശൂരിന് 17 റൺസ് മാത്രമാണ് നേടാനായത്. കൊല്ലത്തിന് 16 റൺസ് ജയം. കൊല്ലത്തിന്റെ അഭിഷേക് ജെ. നായരാണ് പ്ലെയർ ഓഫ് മാച്ച്.
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് കേരള ക്രിക്കറ്റ് ലീഗിന്റെ ഫൈനലിൽ പ്രവേശിച്ചു
ഇന്നലെ നടന്ന ആദ്യ സെമിയിൽ അദാനി ട്രിവാൻഡ്രം റോയൽസിനെതിരേ 18 റൺസിനാണ് ഗ്ലോബ്സ്റ്റാർസ് വിജയം സ്വന്തമാക്കി ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി. 174 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ ട്രിവാൻഡ്രത്തിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനേ സാധിച്ചുള്ളു.
നാല് ഓവറിൽ 18 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തുകയും 43 പന്തിൽ നിന്ന് 55 റൺസ് നേടുകയും ചെയ്ത അഖിൽ സ്‌കറിയയാണ് കാലിക്കറ്റിന്റെ വിജയശിൽപി.കാലിക്കറ്റിനുവേണ്ടു അഖിൽ സ്‌കറിയ(55) റോഹൻ കുന്നുമ്മൽ(64) എന്നിവർ അർധ സെഞ്ചുറി നേടി. അഖിൽ സ്‌കറിയയുമായി ചേർന്ന് ക്യാപ്റ്റൻ റോഹൻ കുന്നുമ്മൽ മികച്ച ബാറ്റിങ് നടത്തി. ഇവരുവരും ചേർന്നുള്ള കൂട്ടുകെട്ട് 88 റൺസാണ് നേടിയത്.
14ാം ഓവറിലെ മൂന്നാമത്തെ പന്തിൽ റോഹൻ പുറത്താകുമ്പോൾ 34 പന്തിൽനിന്ന് ആറു സിക്‌സും മൂന്നു ബൗണ്ടറിയും ഉൾപ്പെടെ 64 റൺസെടുത്തു. 19ാം ഓവറിലെ രണ്ടാംപന്തിൽ അഖിലിനെ കാലിക്കറ്റിന് നഷ്ടമായി. ടി.എസ് വിനിലിന്റെ പന്തിൽ അബ്ദുൾ ബാസിത് പുറത്താക്കുമ്പോൾ അഖിൽ 43 പന്തിൽ നിന്നും 55 റൺസായിരുന്നു നേടിയത്. അവസാന ഓവറിൽ സൽമാൻ നിസാർ ഒരു സിക്‌സും ഒരു ബൗണ്ടറിയും നേടി.
20 ഓവറിൽ അഞ്ചിന് 172 എന്ന നിലയിൽ കാലിക്കറ്റ് ഇന്നിംങ്‌സ് അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രം റോയൽസിന് ആദ്യ ഓവറിലെ നാലാം പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി. തുടർന്ന് റിയാ ബഷീർ ഗോവിന്ദ് പൈ കൂട്ടുകെട്ട് ടീം സ്‌കോർ ഉയർത്തി. 10 ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിലായിരുന്നു ട്രിവാൻഡ്രം റോയൽസ്. 15 ഓവർ പൂർത്തിയായപ്പോൾ ട്രിവാൻഡ്രം റോയൽസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 131 എന്ന നിലയിൽ.
15.4ാം ഓവറിൽ റിയാ ബഷീറിനെ അഖിൽ സ്‌കറിയ അഭിജിത് പ്രവീണിന്റെ കൈകളിലെത്തിച്ചു. 40 പന്തിൽ നിന്ന് ആറു സിക്‌സും മൂന്നു ഫോറും ഉൾപ്പെടെ 69 റൺസാണ് റിയാ അടിച്ചെടുത്തത്. സ്‌കോർ ബോർഡിൽ രണ്ട് റൺസ് കൂടി കൂട്ടിച്ചേർത്തപ്പോൾ ഗോവിന്ദ് പൈയുടേയും വിക്കറ്റ് കടപുഴകി. തുടർന്ന് ട്രിവാൻഡ്രം പ്രതിരോധത്തിലേക്ക് മാറുന്ന കാഴ്ച്ചയാണ് കണ്ടത്.