കാലിക്കറ്റ് എഫ്.സി 1-ഫോഴ്‌സ കൊച്ചി 1
സൂപ്പർ ലീഗ് കേരളയിലെ ആവേശപ്പോരാട്ടത്തിൽ കാലിക്കറ്റ് എഫ്.സിയെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച് ഫോഴ്‌സ കൊച്ചി എഫ്.സി. ഒരു തോൽവിയും ഒരു സമനിലയും കൈമുതലുള്ള കൊച്ചി വിജയം മാത്രം പ്രതീക്ഷിച്ചായിരുന്നു കോഴിക്കോടിന്റെ തട്ടകമായ കോർപറേഷൻ സ്റ്റേഡിയത്തിൽ പന്തു തട്ടാനെത്തിയത്. എന്നാൽ അവസാന മത്സരത്തിൽ മലപ്പുറത്തെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിൽ എത്തിയ കാലിക്കറ്റും ഇറങ്ങിയതോടെ മത്സരം തുടക്കം മുതൽ ആവേശം പരത്തി.
ആദ്യ ഗോൾ നേടാനായി ആദ്യ പകുതിയിൽ ഇരു ടീമുകളും പതിയെയായിരുന്നു കരുക്കൾ നീക്കിയത്. 13ാം മിനുട്ടിൽ കാലിക്കറ്റ് എഫ്.സിക്ക് ഗോൾ നേടാൻ മികച്ച അവസരം ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയാവുകയായിരുന്നു. മത്സരം പുരോഗമിക്കവെ 36ാം മിനുട്ടിൽ കൊച്ചിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ബോക്‌സിന്റെ വലത് മൂലയിൽ നിന്ന് ലഭിച്ച കിക്ക് നിജോ ഗിൽബർട്ടായിരുന്നു എടുത്തത്.
എന്നാൽ കാലിക്കറ്റിന് ഒരു ഭീഷണിയും ഉയർത്തായെ നിജോയുടെ കിക്ക് പുറത്തേക്ക് പോയി. പിന്നീട് കാലിക്കറ്റ് കൂടുതൽ മികച്ച മുന്നേറ്റങ്ങൽ നടത്തി. ഒടുവിൽ 42ാം മിനുട്ടിൽ അവർ ലക്ഷ്യം കാണുകയും ചെയ്തു. മലപ്പുറത്തിനെതിരേയുള്ള മത്സരത്തിൽ ഇരട്ട ഗോൾ നേടിയ ഗനിയായിരുന്നു കാലിക്കറ്റിനായി ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ കാലിക്കറ്റിന് ആത്മിവിശ്വാസത്തോടെ പന്തുതട്ടാൻ കഴിഞ്ഞു.
രണ്ടാം പകുതിയിൽ ജയം മാത്രമാണ് തീരുമാനമെന്ന ലക്ഷ്യവുമായി എത്തി കൊച്ചി മികച്ച മുന്നേറ്റങ്ങൾ നടത്തി കാലിക്കറ്റിനെ വിറപ്പിച്ചു. രണ്ടാം പകുതിക്ക് ശേഷം പലപ്പോഴും കൊച്ചി കാലിക്കറ്റിന്റെ ഗോൾ മുഖത്ത് ഭീതി പടർത്തിക്കൊണ്ടിരുന്നു. ഒടുവിൽ കൊച്ചി ആഗ്രഹിച്ചത് സംഭവിച്ചു. 75ാം മിനുട്ടിൽ കൊച്ചി കാലിക്കറ്റിന്റെ വലയിൽ പന്തെത്തിച്ചു. ഗുബോയായിരുന്നു കൊച്ചിക്കായി ഗോൾ നേടി മത്സരം സമനിലയിലാക്കിയത്.
മത്സരം സമനിലയാലതോടെ ഇരു ടീമുകൾക്കും കരുത്ത് വർധിച്ചു. മത്സരത്തിൽ ജയം നേടാനായി രണ്ട് ടീമുകളും പൊരുതിക്കളിച്ചുകൊണ്ടിരുന്നെങ്കിലും ഫൈനൽ വിസിൽ മുഴങ്ങുന്നത് വരെ പിന്നീട് ഇരുടീമുകൾക്കും ഗോളൊന്നും നേടാൻ കഴിയാതിരുന്നതോടെ മത്സരം 1-1 എന്ന സ്‌കോറിന് അവസാനിക്കുകയായിരുന്നു. നാളെ മഞ്ചേരി പയ്യാനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തൃശൂരും മലപ്പുറവും തമ്മിലാണ് പോരിനിറങ്ങുന്നത്. അവസാന മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ തോറ്റതിന്റെ ക്ഷീണം മാറ്റാൻ വേണ്ടിയാണ് മലപ്പുറം നാളെ കളത്തിലിറങ്ങുക.