ഈസ്റ്റ് ബംഗാൾ താരം അൻവർ അലിയുടെ സസ്‌പെൻഷൻ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ പിൻവലിച്ചു. ഐ.എസ്.എല്ലിൽ ആദ്യ മത്സരത്തിന് മുൻപ് തന്നെ താരത്തിന്റെ വിലക്ക് പിൻവലിച്ചത് ഈസ്റ്റ് ബംഗാളിന് ആശ്വാസമായി. മോഹൻ ബഗാനിൽനിന്ന് കരാർ നടപടികൾ പാലിക്കാതെ ഈസ്റ്റ് ബംഗാളിലേക്ക് മാറിയതിനായിരുന്നു ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ അൻവർ അലിയെ നാലു മാസം വിലക്കിയത്.
ഫെഡറേഷന് കീഴിലെ പ്ലയേഴ്‌സ് സ്റ്റാറ്റസ് കമ്മിറ്റി ഏർപ്പെടുത്തിയ വിലക്കിനും പിഴക്കുമെതിരെ അൻവർ അലിയും ഈസ്റ്റ് ബംഗാളും മാതൃക്ലബ് ഡൽഹിയും ചേർന്ന് നൽകിയ ഹർജി പരിഗണിക്കവെയാണ് വിലക്ക് പിൻവലിക്കുന്നതായി എ.ഐ.എഫ്.എഫ് കോടതിയിൽ അറിയിച്ചത്.ഡൽഹി എഫ്‌സിയിൽനിന്ന് ലോണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിലെത്തിയ നാലുവർഷത്തെ കരാർ ലംഘിച്ച് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെയാണ്
ഇന്ത്യൻ ഫുട്ബാൾ ടീമിലെ പ്രതിരോധ താരം കൂടിയായ അൻവർ അലിയെ നാല് മാസത്തേക്ക് വിലക്കാനിടയാക്കിയത്. അൻവർ അലിയും മാതൃക്ലബ് ഡൽഹി എഫ്‌സിയും നിലവിലെ ക്ലബ് ഈസ്റ്റ് ബംഗാളും ചേർന്ന് 12.90 കോടി രൂപ മോഹൻ ബഗാന് നഷ്ടപരിഹാരം നൽകണമെന്നും എ.ഐ.എഫ്.എഫ് പ്ലയേഴ്‌സ് സ്റ്റാറ്റസ് കമ്മിറ്റിയുടെ നിർദേശമുണ്ടായിരുന്നു. പിഴ തുകയുടെ പകുതി അൻവർ അലി നൽകണമെന്നായിരുന്നു നിർദേശം.
ഡൽഹി എഫ്‌സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ പുതിയ താരങ്ങളെ എത്തിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഫുട്ബാൾ കണ്ട ഏറ്റവും വലിയ ട്രാൻസ്ഫർ തുകകളിലൊന്നായ 24 കോടിക്കാണ് അൻവർ അലി ഈസ്റ്റ് ബംഗാളിലെത്തിയത്. ഈസ്റ്റ് ബംഗാളുമായി അഞ്ച് വർഷത്തെ കരാറിലൂടെ മാതൃക്ലബായ ഡൽഹി എഫ്‌സിക്ക് 2.5 കോടി രൂപ ലഭിച്ചിരുന്നു. വിലക്ക് പിൻവലിച്ചതോടെ ഈസ്റ്റ് ബംഗാളിന് വലിയ ആശ്വാസമായി.