ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ജയം. ഇന്നലെ സൗതാംപ്ടണിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു യുനൈറ്റഡിന്റെ ജയം. മത്സരത്തിൽ 57 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച യുനൈറ്റഡ് മികച്ച ജയമായിരുന്നു നേടിയത്. 20 ഷോട്ടുകളും യുനൈറ്റഡ് എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തു. അതിൽ 10 എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു.
ആദ്യ പകുതിയിൽ സൗതാംപ്ടണ് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും യുനൈറ്റഡ് ഗോൾ കീപ്പർ ആന്ദ്രെ ഒന്നാന രക്ഷകനാവുകയായിരുന്നു. 35ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടിസിന്റെ പാസിൽ നിന്ന് പ്രതിരോധ താരം മാതിയാസ് ഡി ലിറ്റായിരുന്നു യുനൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ആത്മിവശ്വാസം കൈവരിച്ച യുനൈറ്റഡ് അധികം വൈകാതെ രണ്ടാം ഗോളും നേടി മത്സരത്തിൽ ആധിപത്യം ഊട്ടിയുറപ്പിച്ചു.
41ാം മിനുട്ടിൽ മാർക്കസ് റാഷ്‌ഫോർഡായിരുന്നു രണ്ടാം ഗോൾ നേടിയത്. ഇതോടെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന്റെ വ്യക്തമായ ലീഡ് നേടാൻ യുനൈറ്റഡിന് കഴിഞ്ഞു. രണ്ടാം പകുതിയുടെ അധിക സമയത്തായിരുന്നു യുനൈറ്റഡിന്റെ മൂന്നാം ഗോൾ. 96ാം മിനുട്ടിൽ അലെയാന്ദ്രോ ഗർനാച്ചോയായിരുന്നു മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചത്.