പുതിയ സീസണിൽ പുതിയൊരു പടക്കുതിരയെ തട്ടകത്തിലേക്ക് എത്തിക്കാനൊരുങ്ങി റയൽ മാഡ്രിഡ്. ഇതിനായുള്ള കരുനീക്കങ്ങൾ ഫ്‌ളോറന്റീന പെരസിന്റെ നേതൃത്വത്തിൽ തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബയേൺ മ്യൂണിക്കിന്റെ കനേഡിയൻ താരമായ അൽഫോൻസോ ഡേവിസിനെയാണ് റയൽ ലക്ഷ്യമിട്ടിരിക്കുന്നത്.
അടുത്ത സീസണോടെ ബയേൺ മ്യൂണിക്കിൽ താരത്തിന്റെ കരാർ പൂർത്തിയാകും. തുടർന്നാണ് ഡേവിസിനെ റാഞ്ചാൻ റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നത്. കരാർ നീട്ടുന്നതിനായി ബയേൺ മ്യൂണിക് ഡേവിസിനെ സമീപിച്ചിട്ടുണ്ടെങ്കിലും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ അവസരം മുതലെടുത്താണ് അൽഫോൻസോക്ക് മുന്നിൽ റയൽ മാഡ്രിഡ് മികച്ച ഓഫർ വെച്ചിട്ടുള്ളത്.
എന്നാൽ വിൻസന്റ് കൊംപാനി ബയേണിന്റെ പരിശീലക സ്ഥാനത്ത് എത്തിയതോടെ അൽഫോൻസ് ഡേവിസിനെ ടീമിൽ പിടിച്ചുനിർത്താനുള്ള നീക്കങ്ങൾ നടത്തുമെന്നും റിപ്പോർട്ടുണ്ട്. ബയേൺ മ്യൂണിക്കിന്റെ ലെഫ്റ്റ് ബാക്കിൽ പറക്കും താരമായി കളിക്കുന്ന ഡേവിസിന്റെ വരവ് റയൽ മാഡ്രിഡിന് ഗുണം ചെയ്യും. താരത്തെ ടീമിലെത്തിക്കാൻ കഴിയുകയാണെങ്കിൽ ഈ സീസണിൽ റയൽ മാഡ്രിഡ് ടീമിലെത്തിക്കുന്ന പ്രധാനപ്പെട്ട രണ്ടാമത്തെ താരമാകും ഡേവിസ്. നേരത്തെ മുൻ പി.എസ്.ജി താരമായിരുന്ന കിലിയൻ എംബാപ്പെയെ ഫ്രീ ഏജന്റായി റയൽ മാഡ്രിഡ് ടീമിലെത്തിച്ചിരുന്നു.