ജൂൺ 21ന് ആരംഭിക്കുന്ന കോപാ അമേരിക്ക ടൂർണമെന്റിന് മുന്നോടിയായി നേരത്തെ ഒരുങ്ങി അർജന്റീന.
ടൂർണമെന്റിന് മുൻപായി മികച്ച ടീമിനെ ഒരുക്കുന്നതിനായി അർജന്റീന രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇതിനായുള്ള ക്യാംപാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡീപോൾ അടക്കമുള്ള മുഴുവൻ താരങ്ങളും ഇതിനോടകം അർജന്റൈൻ ക്യാംപിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 4.30നാണ് അർജന്റീനയുടെ ആദ്യ സൗഹൃദ മത്സരം.
ഇക്വഡോറിനെതിരേയുള്ള ആദ്യ സൗഹൃദ മത്സരത്തിന് ശേഷം 15ന് ഗ്വാട്ടിമലക്കെതിരേയാണ് അർജന്റീനയുടെ രണ്ടാം സൗഹൃദ മത്സരം. പിന്നീടായിരിക്കും സ്‌കലോനി കോപാ അമേരിക്കക്ക് വേണ്ടിയുള്ള അർജന്റീനയുടെ ടീമിനെ ഒരുക്കുക.
കിരീടം നേടുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇത്തവണയും എത്തിയിട്ടുള്ളത്, മാനേജ്‌മെന്റ് പറയുന്ന കാലത്തോളം ടീമിനൊപ്പം പരിശീലകനായി ഉണ്ടാകുമെന്നും സ്‌കലോനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജൂൺ 21ന് രാവിലെ 5.30ന് കാനഡക്കെതിരേയാണ് അർജന്റീനയുടെ കോപാ അമേരിക്ക ടൂർണമെന്റിലെ ആദ്യ മത്സരം. ഗ്രൂപ്പ് എയിൽ പെറു, ചിലി, കാനഡ എന്നിവർക്കൊപ്പമാണ് അർജന്റീനയുള്ളത്.
ഖത്തർ ലോകകപ്പിൽ അർജന്റൈൻ ടീമിലിടും നേടിയ എ.എസ് റോമ താരം പൗലോ ഡിബാല ഇല്ലാതെയാണ് ഇത്തവണ കോപാ അമേരിക്കക്കുള്ള ടീമിനെ ഒരുക്കിയിരിക്കുന്നത്.