ഐ.എസ്.എല്ലിൽ രണ്ട് ഗോളിന് പിറകിൽനിന്ന ശേഷം ചെന്നൈയിൻ എഫ്.സിയിൽനിന്ന് സമനില പിടിച്ചുവാങ്ങി ഒഡിഷ എഫ്.സി. 2-2 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡിഷ എഫ്.സിയിലെത്തിയ കെ.പി രാഹുൽ ഇന്നലെ അരങ്ങേറുകയും ചെയ്തു. ആദ്യ ഇലവനിൽ ഉൾപ്പെട്ട രാഹുൽ മുഴുവൻ സമയവും കളിച്ചു. 97ാം മിനുട്ടിൽ പിറന്ന സമനില ഗോൾ രാഹുലിന്റെ ഇടപെടലിൽനിന്നായിരുന്നു പിറന്നത്.
ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സി 48ാം മിനുട്ടിൽ ആദ്യ ഗോൾ നേടി. ഗോൾകീപ്പറുടെ പിഴവിൽനിന്ന് വിൽമർ ജോർദാനായിരുന്നു ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 53ാം മിനുട്ടിലായിരുന്നു ചെന്നൈയിൻ എഫ്.സിയുടെ രണ്ടാം ഗോൾ പിറന്നത്. 53ാം മിനുട്ടിൽ വീണ്ടും ജോർദാൻ തന്നെയായിരുന്നു ചെന്നൈയിനായി ലക്ഷ്യം കണ്ടത്.
ജാഹു ഇല്ലാതെയായിരുന്നു ഒഡിഷ കളത്തിലിറങ്ങിയത്. പലപ്പോഴും താരത്തിന്റെ അഭാവം മത്സരത്തിൽ പ്രതിഫലിച്ചു. മത്സരം പുരോഗമിക്കവെ പുതുതായി ടീമിലെത്തിയ ഡോറിയൽട്ടോൺ ആദ്യ ഗോൾ നേടി തിരിച്ചുവരവിന്റെ സൂചന നൽകി. 80ാം മിനുട്ടിലായിരുന്നു ആദ്യ ഗോൾ പിറന്നത്. ഒരു ഗോൾ നേടിയതോടെ ഒഡിഷയുടെ പോരാട്ടത്തിന് കരുത്ത് കൂടി.
മത്സരം സമനിലയിലാക്കാൻ പൊരുതിയ ഒഡിഷ ഒടുവിൽ ലക്ഷ്യം കണ്ടു. 97ാം മിനുട്ടിൽ ബോക്‌സിലേക്ക് വന്ന പന്ത് ഗോൾ കീപ്പർ നവാസിന്റെ കയ്യിൽനിന്ന് വഴുതിപ്പോയി. പന്ത് ലഭിച്ച രാഹുൽ ബൈസിക്കിൾ കിക്കിലൂടെ പന്തിനെ വലയിലെത്തിക്കാൻ ശ്രമിച്ചു. എന്നാൽ കിക്ക് നേരെ പതിച്ച് പോസ്റ്റിലായിരുന്നു. റീ ബോണ്ട് വന്ന പന്ത് ഗോൾ കീപ്പർ നവാസിന്റെ ശരീരത്തിൽ തട്ടിൽ പോസ്റ്റിലെത്തുകയായിരുന്നു. സ്‌കോർ 2-2. 15 മത്സരത്തിൽനിന്ന് 21 പോയിന്റുള്ള ഒഡിഷ പട്ടികയിൽ ഏഴാം സ്ഥാനത്താണിപ്പോൾ.