ഐ.എസ്.എല്ലിൽ പഞ്ചാബ് എഫ്.സിക്ക് സമനില. ഇന്നലെ നടന്ന നോർത്ത് ഈസ്റ്റ് യുനൈറ്റഡ് പഞ്ചാബ് എഫ്.സി മത്സരമാണ് സമനിലയിൽ കലാശിച്ചത്. തുല്യ ശക്തികളുടെ പോരാട്ടമായതിനാൽ ഇരു ടീമുകളും കൃത്യമായ ഇടവേളകളിൽ എതിർ ഗോൾമുഖത്ത് പന്തെത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ 24ാം മിനുട്ടിൽ നോർത്ത് ഈസ്റ്റ് മത്സരത്തിലെ ആദ്യ ഗോൾ നേടി.
അലാദ്ദീൻ അയാരെയായിരുന്നു നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ഊർജം വർധിച്ച നോർത്ത് ഈസ്റ്റ് പിന്നീട് പഞ്ചാബിന്റെ പോസ്റ്റിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോളിന് നോർത്ത് ഈസ്റ്റ് യുനൈറ്റഡായിരുന്നു മുന്നിട്ടുനിന്നത്. രണ്ടാം പകുതിയിൽ ഒരു ഗോളിന്റെ കടവുമായി കളത്തിലെത്തിയ പഞ്ചാബ് ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശക്തമായ നീക്കങ്ങൾ നടത്തി.
ഒടുവിൽ 82ാം മിനുട്ടിൽ പഞ്ചാബ് സമനില ഗോൾ നേടി. നോർത്ത് ഈസ്റ്റ് ഗോൾ കീപ്പറുടെ കൈയിൽ തട്ടി എയ്റ്റ് യാർഡ് ബോക്‌സിലെത്തിയ പന്തിനെ മികച്ചൊരു ഷോട്ടിലൂടെ ലുങ്ദിം വലയിലെത്തിച്ചതോടെയാണ് പഞ്ചാബിന് സമനില ലഭിച്ചത്. മത്സരം സമനിലയിലായതോടെ ഇരു ടീമുകളുടെയും ആവേശം വർധിച്ചു. എന്നാൽ പിന്നീടായിരുന്നു മത്സരത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
നോർത്ത് ഈസ്റ്റ് താരം അലാദ്ദീൻ കോർട്ടിന് പുറത്തുപോയ പന്തെടുത്ത് കളിച്ചത് ചോദ്യം ചെയ്ത പഞ്ചാബ് മുഖ്യ പരിശീലകനെയും സഹ പരിശീലകനെയും റഫറി ചുവപ്പ് കാർഡ് നൽകി പറഞ്ഞുവിട്ടു. മത്സരം പുരോഗമിക്കവെ ഗോൾ നേടിയ ലുങ്ദിം ചുവപ്പ് കാർഡ് കണ്ട് പുറത്തായി. നോർത്ത് ഈസ്റ്റ് താരത്തെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ടായിരുന്നു താരം പുറത്തായത്.
പിന്നീട് പത്തുപേരുമായിട്ടായിരുന്നു അവർ മത്സരം പൂർത്തിയാക്കിയത്. 15 മത്സരത്തിൽനിന്ന് 23 പോയിന്റുള്ള നോർത്ത് ഈസ്റ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ. 14 മത്സരം കളിച്ച പഞ്ചാബ് എഫ്.സി 19 പോയിന്റുമായി എട്ടാം സ്ഥാനത്തുമുണ്ട്. ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക. വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സി മുഹമ്മദൻസിനെ നേരിടും. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളും മുഹമ്മദൻസും തമ്മിലാണ് കൊമ്പുകോർക്കുന്നത്.