മെൽബണിൽ നടക്കുന്ന നാലാം ടെസ്റ്റിൽ പിടിമുറുക്കി ഓസീസ്. മത്സരത്തിന്റ ആദ്യ ദിനം പിന്നിടുമ്പോൾ ഓസീസ് ആറു വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിലാണ്. ഓസീസ് നിരയിലെ നാലു താരങ്ങളുടെ അർധ സെഞ്ചുറികളാണ് കംഗാരുക്കൾക്ക് കരുത്തായത്. സാം കോൺസ്റ്റാസ് (65 പന്തിൽ 60), ഉസ്മാൻ ഖവാജ (121 പന്തിൽ 57), മാർനസ് ലബുഷെയ്ൻ (145 പന്തിൽ 72), ട്രാവിസ് ഹെഡ് (പൂജ്യം),
മിച്ചൽ മാർഷ് (13 പന്തിൽ നാല്), അലക്‌സ് ക്യാരി (41 പന്തിൽ 31) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായ ബാറ്റർമാർ. 111 പന്തിൽ 68 റൺസുമായി സ്റ്റീവ് സ്മിത്തും ക്യാപ്റ്റൻ പാറ്റ് കമിൻസുമാണ് (17 പന്തിൽ എട്ട്) ക്രീസിലുള്ളത്. ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റുകൾ വീഴ്ത്തി.89 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ സാം കോൺസ്റ്റാസും ഉസ്മാൻ ഖവാജയും കൂട്ടിച്ചേർത്തത്.
സാം കോൺസ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തിൽ എൽബിഡബ്ല്യു ആകുകയായിരുന്നു. ഉസ്മാൻ ഖവാജയെ ജസ്പ്രീത് ബുമ്രയുടെ പന്തിൽ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു പുറത്താക്കി. വാഷിങ്ടൻ സുന്ദറിനാണ് ലബുഷെയ്‌ന്റെ വിക്കറ്റ്. പിന്നാലെ ഹെഡിനെയും മാർഷിനെയും ബുമ്ര മടക്കിയതോടെ ഓസീസ് പ്രതിരോധത്തിലായി.
സ്‌കോർ 299ൽ നിൽക്കെ അലക്‌സ് ക്യാരിയെ ആകാശ്ദീപ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു.
ശുഭ്മൻ ഗില്ലിനെ പുറത്തിരുത്തിയാണ് ഇന്ത്യ നാലാം ടെസ്റ്റ് കളിക്കുന്നത്. ഇന്ത്യൻ ബൗളർമാർ ഇന്ന് താളം കണ്ടെത്തിയാൽ കൂടുതൽ റൺസ് നേടാതെ ഓസീസിനെ മടക്കാനാകും. ആകാശ് ദീപ്, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി. ഓസീസിനെതിരേ മൂന്ന് വിക്കറ്റ് നേടിയതോടെ ബുംറ പുതിയ റെക്കോർഡും സ്വന്തം പേരിൽ എഴുതിച്ചേർത്തു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായാണ് ഇന്നത്തെ പ്രകടനത്തോടെ ബുംറ മാറിയത്. ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ബുംറ പഴങ്കഥയാക്കിയത്.മെൽബണിൽ മൂന്നാം മത്സരത്തിനിറങ്ങിയ ബുംറ ഇതുവരെയുള്ള 5 ഇന്നിങ്‌സിൽ നിന്നായി 18 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
മൂന്ന് കളിയിലെ ആറ് ഇന്നിങ്‌സിൽ നിന്നും 15 വിക്കറ്റായിരുന്നു കുംബ്ലെയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇന്ന് 45ാം ഓവറിൽ ഉസ്മാൻ ഖവാജയെ പുറത്താക്കിയതോടെ തന്നെ ബുംറ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു.ബോക്‌സിങ് ഡേ ക്രിക്കറ്റിന്റെ ഒന്നാം ദിനത്തിൽ ഓസീസ് കൗമാരതാരവുമായി കൊമ്പുകോർത്ത വിരാട് കോഹ്‌ലിക്ക് പിഴ ശിക്ഷ.
ഓസീസ് ഓപ്പണർ സാം കോൺസ്റ്റാസിൻറെ ശരീരത്തിൽ അനാവശ്യമായി ഇടിച്ചതിനാണ് കോഹ്‌ലിക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പിഴ ചുമത്തിയത്. മാച്ച് ഫീയുടെ ഇരുപത് ശതമാനം താരം പിഴയടക്കണം. ലെവൽ 1 കുറ്റം ചുമത്തിയ കോഹ്‌ലിക്ക് ഒരു ഡീമെരിറ്റ് പോയിന്റും നൽകിയിട്ടുണ്ട്.