ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയമില്ലാതെ വീണ്ടും മാഞ്ചസ്റ്റർ സിറ്റി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എവർട്ടണായിരുന്നു സിറ്റിയെ സമനിലയിൽ തളച്ചത്. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. തുടർച്ചയായ തോൽവികൾക്ക് ശേഷം ജയം തേടിയാണ് സിറ്റി ഇത്തിഹാദിൽ ഇറങ്ങിയത്. മത്സരത്തിൽ 67 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് സിറ്റിയായിരുന്നെങ്കിലും മത്സരത്തിൽ ജയം നേടാൻ അവർക്കായില്ല.
24 ഷോട്ടുകളായിരുന്നു സിറ്റി എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ അഞ്ച് എണ്ണം മാത്രമായിരുന്നു ഷോട്ട് ഓൺ ടാർഗറ്റായത്. മത്സരത്തിൽ 14ാം മിനുട്ടിൽ ബെർണാഡോ സിൽവയുടെ ഗോളിൽ സിറ്റിയായിരുന്നു ആദ്യം മുന്നിലെത്തിയത്. എന്നാൽ ലീഡ് നിലനിർത്താൻ അവർക്കായില്ല. ഗോൾ മടക്കാനായി എവർട്ടൺ പൊരുതിക്കൊണ്ടിരുന്നു.
ഒടുവിൽ 36ാം മിനുട്ടിൽ അവർ അതിന്റെ ഫലം കാണുകയും ചെയ്തു. ലിമാൻ ഡിയെയായിരുന്നു എവർട്ടണ് വേണ്ടി സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സിറ്റി കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ബസ് പാർക്കിങ് പ്രതിരോധത്തിലൂടെ എവർട്ടൺ സിറ്റിയുടെ എല്ലാ മുന്നേറ്റങ്ങളെയും ചെറുത്ത് തോൽപ്പിച്ച് മത്സരത്തിൽ സമനില നേടുകയായിരുന്നു. രണ്ടാം പകുതിക്ക് ശേഷം സിറ്റിക്ക് അുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും അവസരം മുതലാക്കാനായില്ല. കിക്കെടുത്ത എർലിങ് ഹാളണ്ടിന് പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 18 മത്സരത്തിൽനിന്ന് 28 പോയിന്റുള്ള സിറ്റി പട്ടികയിൽ ആറാം സ്ഥാനത്താണിപ്പോൾ.