മൂന്നാം ദിനം നേരത്തെ മത്സരം അവസാനിപ്പിച്ചു
ആസ്‌ത്രേലിയക്കെതിരേ മെൽബണിൽ നടക്കുന്ന ടെസ്റ്റിൽ ടോപ് ഓർഡർ ബാറ്റർമാർ ദൗത്യം മറന്നപ്പോൾ പിടിച്ചുനിന്നത് വാലറ്റം. സെഞ്ചുറിയുമായി നിതീഷ് കുമാർ റെഡ്ഡി കളംനിറഞ്ഞ് കളിച്ചതോടെ ഇന്ത്യയുടെ സ്‌കോർ ബോർഡ് വേഗത്തിൽ ചലിക്കുന്ന കാഴ്ചയായിരുന്നു മൂന്നാം ദിനം കണ്ടത്. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
നിതീഷ് കുമാർ റെഡ്ഡിയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. 176 പന്ത് നേരിട്ടാണ് നിതീഷ് 105 റൺസ് നേടിയത്. ഒരു സിക്‌സറും പത്ത് ഫോറും ഉൾപ്പെടെ നേടിയാണ് താരം സെഞ്ചുറി നേടിയത്. കൂട്ടിനുണ്ടായിരുന്ന വാഷിങ്ടൺ സുന്ദറും അർധ സെഞ്ചുറി നേടിയാണ് മടങ്ങിയത്. നഥാൻ ലിയോണിന്റെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകിയായിരുന്നു സുന്ദറിന്റെ മടക്കം.
162 പന്ത് നേരിട്ട് ഒരു ഫോർ മാത്രം നേടിയാണ് സുന്ദർ 50 റൺസ് നേടിയത്. സുന്ദറിന് ശേഷം ജസ്പ്രീത് ബുംറയായിരുന്നു ക്രീസിലെത്തിയത്. എന്നാൽ താരത്തിന് കൂടുതൽ സമയം ക്രീസിൽ നിൽക്കാനായില്ല. ഋഷഭ് പന്ത് 37 പന്തിൽ 28 റൺസുമായി മടങ്ങിയപ്പോൾ രവീന്ദ്ര ജഡേജ 17 റൺസ് നേടി. വാലക്കാറ്റർ പിടിച്ചുനിന്നത് കൊണ്ട് ഇന്ത്യക്ക് കൂടുതൽ റൺസ് കണ്ടെത്താൻ കഴിഞ്ഞു.
മൂന്നാം ദിനം വെളിച്ചക്കുറവ് കാരണം മത്സരം നേരത്തെ നിർത്തുകയായിരുന്നു. മത്സരം നിർത്തിയതിന് ശേഷം മഴ പെയ്യുകയും ചെയ്തു. 105 റൺസുമായി നിതീഷ് കുമാറും രണ്ട് റൺസുമായി മുഹമ്മദ് സിറാജുമാണ് ക്രീസിൽ. ഓസീസിനായി പാറ്റ് കമ്മിൻസ്, സ്‌കോട്ട് ബോളണ്ട് എന്നിവർ മൂന്ന് വിക്കറ്റ് വീതവും നഥാൻ ലിയോൺ രണ്ട് വിക്കറ്റും വീഴ്ത്തി. ആസ്‌ത്രേലിയയുടെ സ്‌കോറിനൊപ്പമെത്താൻ ഇന്ത്യക്ക് ഇനിയും 116 റൺസ് കൂട്ടിച്ചേർക്കണം.