ഇന്ത്യ – ബംഗ്ലാദേശ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം. ഗ്വാളിയറില്‍ രാത്രി 7.30 മുതലാണ പരമ്പരയിലെ ആദ്യ മത്സരം. ടെസ്റ്റ് പരമ്പര തൂത്തുവാരിയ സംഘത്തില്‍ നിന്ന് ഒരാള്‍പോലുമില്ലാതെയാണ് ഇന്ത്യ ടി20 പരമ്പരക്കെത്തുന്നത്. എന്നാല്‍ ടെസ്റ്റ് ടീമിലെ പ്രധാന കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ബംഗ്ലാദേശ് വരുന്നത്. സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും.
സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ യുവനിരയുമായാണ് ഇന്ത്യയെത്തുന്നത്. ഇന്ത്യയുടെ മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവര്‍ അരങ്ങേറ്റത്തിനായെത്തുന്നവരാണ്. വിക്കറ്റ് കീപ്പര്‍മാരായി മലയാളിയായ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവര്‍ ടീമിലുണ്ടെങ്കിലും സഞ്ജുവിനായിരിക്കും മുന്‍ഗണന.അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഓപ്പണറായി ഇറങ്ങിയേക്കും. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇന്ത്യ അഭിഷേക് ശര്‍മയെ മാത്രമാണ് സ്‌പെഷലിസ്റ്റ് ഓപ്പണറായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ ഇന്ന് സഞ്ജുവാകും അഭിഷേകിനൊപ്പം ഇറങ്ങുകയെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിട്ടുണ്ട്.
മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും ഫിനിഷര്‍ റോളില്‍ റിങ്കുസിങ്ങുമാകും കളത്തിലെത്തുക.
ഐ.പി.എലില്‍ തുടര്‍ച്ചയായ അതിവേഗ പന്തുകള്‍ എറിഞ്ഞ് ശ്രദ്ധനേടിയ പേസര്‍ മായങ്ക് യാദവ് അരങ്ങേറ്റംകുറിച്ചേക്കും. മായങ്കിനൊപ്പം പേസ് നിരയില്‍ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവരാകും ഉണ്ടാകുക. ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ന് അവസരമുണ്ടാകാന്‍ ഇടയില്ല. വാഷിംഗ്ടണ്‍ സുന്ദറും രവി ബിഷ്‌ണോയിയുമായിരിക്കും സ്പിന്നര്‍മാരുടെ റോളില്‍.
ഗ്വാളിയറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തില്‍ 14 വര്‍ഷത്തിനു ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. അതുകൊണ്ടുതന്നെ പിച്ചിനെക്കുറിച്ച് ടീമുകള്‍ക്ക് മുന്‍വിധിയില്ല. നജ്മുല്‍ ഹൊസാന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീമില്‍ പരിചയസമ്പന്നരായ ലിട്ടണ്‍ ദാസ്, മെഹ്ദി ഹസ്സന്‍ മിറാസ്, തൗഹീദ് ഹൃദോയ്, മഹ്മൂദുള്ള, ടസ്‌കിന്‍ അഹമ്മദ്, മുസ്താഫിസുര്‍ റഹ്മാന്‍ തുടങ്ങിയവരുണ്ട്.