ഇറാനി കപ്പ് കിരീടം മുംബൈ സ്വന്തമാക്കി. റസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യ ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ മുംബൈ ചാംപ്യന്മാരാവുകയായിരുന്നു. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈ ഇറാനി കപ്പ് സ്വന്തമാക്കിയത്. ഇതോടെ രഞ്ജി ട്രോഫിക്ക് പിറകെ ഇറാനി കപ്പ് കിരീടങ്ങള്‍ മുംബൈയുടെ ഷോക്കേസിലെത്തി. മുംബൈയുടെ 15ാം ഇറാനി ട്രോഫി നേട്ടമാണിത്.
സ്‌കോര്‍: മുംബൈ- ഒന്നാം ഇന്നിങ്‌സില്‍ 537 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ 8ന് 329 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍. റസ്റ്റ് ഓഫ് ഇന്ത്യ- ഒന്നാം ഇന്നിങ്‌സില്‍ 416 റണ്‍സിനു പുറത്ത്. മുംബൈക്കായി രണ്ടാം ഇന്നിങ്‌സില്‍ തനുഷ് കൊടിയാന്‍ (പുറത്താകാതെ 114) സെഞ്ച്വറിയും മോഹിത് അവസ്തി (പുറത്താകാതെ 51) അര്‍ധ സെഞ്ച്വറിയും നേടി.
രണ്ടാം ഇന്നിങ്‌സില്‍ മുംബൈ ബാറ്റിങ് തകര്‍ച്ച നേരിട്ട മുംബൈയെ ഒന്‍പതാം വിക്കറ്റില്‍ അപരാജിത കൂട്ടുകെട്ടുമായി തനുഷ് കൊടിയാന്‍- മോഹിത് അവസ്തി സഖ്യം ഐതിഹാസിക ബാറ്റിങ്ങുമായി കളംവാണ് ടീം സ്‌കോര്‍ 300 കടത്തി. പിരിയാത്ത 9ാം വിക്കറ്റില്‍ 158 റണ്‍സാണ് സഖ്യം ചേര്‍ത്തത്. സ്‌കോര്‍ 329ല്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.
ഓപ്പണര്‍ പൃഥ്വി ഷാ അര്‍ധ സെഞ്ച്വറി നേടി (76) പുറത്തായി. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (9), ശ്രേയസ് അയ്യര്‍ (8) എന്നിവര്‍ അധികം ചെറുത്തു നില്‍പ്പില്ലാതെ പുറത്തായി. ആയുഷ് മാത്രെ (14), ഹര്‍ദിക് ടമോര്‍ (7), ഷംസ് മുലാനി (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന്റെ കിടിലന്‍ സെഞ്ച്വറിയാണ് റസ്റ്റ് ഓഫ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
അഭിമന്യു 191 റണ്‍സും ധ്രുവ് ജുറല്‍ 93 റണ്‍സിലും വീണു. ഇരുവരും പുറത്തായ ശേഷം കാര്യമായ ചെറുത്തു നില്‍പ്പില്ലാതെ റസ്റ്റ് ഓഫ് ഇന്ത്യയുടെ ഇന്നിങ്‌സും അവസാനിച്ചു. സായ് സുദര്‍ശന്‍ (32), ഇഷാന്‍ കിഷന്‍ (38), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (9), ദേവ്ദത്ത് പടിക്കല്‍ (16) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. 9 റണ്‍സുമായി സരന്‍ഷ് ജയ്ന്‍ പുറത്താകാതെ നിന്നു.
ഒന്നാം ഇന്നിങ്‌സില്‍ മുംബൈക്കായി സര്‍ഫറാസ് ഖാന്‍ ഇരട്ട സെഞ്ചറിയുമായി (222) പുറത്താകാതെ നിന്നിരുന്നു. താരത്തിന്റെ കിടയറ്റ ബാറ്റിങാണ് മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (97), തനുഷ് കൊടിയാന്‍ (64), ശ്രേയസ് അയ്യര്‍ (57) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.