ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ എതിരാളികളുടെ വല നിറച്ച് ലിവർപൂളും ചെൽസിയും. ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂൾ ബേൺമൗത്തിനെയും ചെൽസി വെസ്റ്റ് ഹാമിനെയും എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.ലൂയിസ് ദിയാസിന്റെ ഇരട്ടഗോളാണ് ലിവർപൂളിന് മറ്റൊരു ജയം സമ്മാനിച്ചത്. 26, 28 എന്നീ തൊട്ടടുത്ത മിനുട്ടുകളിലായിരുന്നു ദിയാസിന്റെ ഗോൾനേട്ടങ്ങൾ. 37ാം മിനുട്ടിൽ ഡാർവിൻ ന്യൂനസും കൂടി ഗോൾ നേടിയതോടെ ലിവർപൂൾ മികച്ച ജയം പ്രതീക്ഷിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ ഗോൾ വീഴാതിരുന്നതോടെ മത്സരം 30ൽ അവസാനിച്ചു. ജയത്തോട ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. അഞ്ചു കളികളിൽ നിന്ന് നാല് ജയമടക്കം 12 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. ആദ്യ പകുതിയിൽ നിക്കോളാസ് ജാക്സൻ നേടിയ ഇരട്ടഗോളുകളാണ് ചെൽസിക്ക് മികച്ച ജയം സമ്മാനിച്ചത്. 4, 18 മിനുട്ടുകളിലായിരുന്നു സെനഗൽ താരത്തിന്റെ ഗോൾനേട്ടം.
രണ്ടാം പകുതിയിലെ 47ാം മിനുട്ടിൽ കോൾ പാൽമർ കൂടി ലക്ഷ്യം കണ്ടതോടെ ചെൽസി മൂന്ന് ഗോളിന്റെ തകർപ്പൻ ജയം അക്കൗണ്ടിലാക്കി.
മറ്റു മത്സരങ്ങളിൽ ടോട്ടനം ബ്രെന്റ്ഫോർഡിനെയും ആസ്റ്റൻ വില്ല വോൾവ്സിനെയും ഫുൾഹാം ന്യൂകാസിലിനെയും 31 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് സമനിലയിൽ പിരിഞ്ഞു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസായിരുന്നു യുനൈറ്റഡിനെ സമനിലയിൽ തളച്ചത്. മത്സരം ഗോൾ രഹിതമായിട്ടായിരുന്നു അവസാനിച്ചത്.