മെസിക്കും ക്രിസ്റ്റിയാനോക്കും മുമ്പെ ലോകഫുട്‌ബോളറായവള്‍ ഇന്ന് മൈതാനത്തോട് വിടപറഞ്ഞിരിക്കുന്നു. പാരിസ് ഒളിംപിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തോടെ വനിതാ ഫുട്‌ബോള്‍ ഇതിഹാസം മാര്‍ത്ത വിയേര ഡ സില്‍വ വിരമിച്ചു.ഫൈനലില്‍ യുഎസ് വനിതകള്‍ക്കു മുന്നില്‍ കീഴടങ്ങിയ ബ്രസീല്‍ ടീമിന് അവരുടെ ഇതിഹാസ താരം മാര്‍ത്ത വിയേറ ഡാ സില്‍വയ്ക്ക് സുവര്‍ണനേട്ടത്തോടെ യാത്രയയപ്പ് നല്‍കാന്‍ സാധിച്ചില്ല. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീല്‍ വനിതകളുടെ തോല്‍വി. ഒളിംപിക്‌സോടെ വിരമിക്കുമെന്ന് 38കാരിയായ താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വിരലിലെണ്ണാവുന്നതിനപ്പുറം നേട്ടങ്ങളുമായാണ് പാവാടയിട്ട പെലെ എന്നറിയപ്പെടുന്ന മാര്‍ത്ത ബൂട്ടഴിക്കുന്നത്. ആറു തവണ ലോക ഫുട്‌ബോളര്‍ പട്ടം, ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ കൂടുതല്‍ ഗോള്‍ നേടിയ താരം, അന്താരാഷ്ട്ര ഫുട്‌ബോളില്‍ ബ്രസീലിനുവേണ്ടി കൂടുതല്‍ ഗോളടിച്ച താരം, അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോളടിച്ച ആദ്യത്തെ താരം തുടങ്ങിയ റെക്കോഡുകളെല്ലാം മാര്‍ത്ത സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 2007ലാണ് താരം ആദ്യമായി ലോകഫുട്ബോളർ പട്ടം സ്വന്തമാക്കുന്നത്.
ആറ് ലോകകപ്പുകളിലും ആറ് ഒളിംപിക്‌സുകളിലും താരം കളിച്ചു. ഏതന്‍സില്‍ 20 വര്‍ഷം മുമ്പ് ഒളിമ്പിക്‌സ് അരങ്ങേറ്റം കുറിക്കുമ്പോള്‍ വെറും 18 വയസായിരുന്നു മാര്‍ത്തയ്ക്ക്. 2003 ഏപ്രില്‍ 25ന് പെറുവിനെതിരായ മത്സരത്തോടെ ഗോളടി തുടങ്ങി. 04 മത്സരങ്ങളില്‍ നിന്ന് 119 ഗോളുകളോടെയാണ് ബ്രസീലിന്റെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍വേട്ടക്കാരിയായിയെന്ന പദം മാര്‍ത്ത അലങ്കരിക്കുന്നത്.
ടോക്യോയില്‍ ഗോള്‍ നേടിയതോടെ തുടര്‍ച്ചയായി അഞ്ച് ഒളിംപിക്‌സില്‍ ഗോള്‍ നേടുന്ന ആദ്യത്തെയാളായ മാര്‍ത്തയ്ക്ക് ഒളിമ്പിക്‌സില്‍ രണ്ട് വെള്ളിയുണ്ട് (2004, 2008). 17 ഗോളുകളോടെ ലോകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന നേട്ടവും മാര്‍ത്തയക്ക് സ്വന്തം. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ (16), ബ്രസീലിന്റെ റൊണാള്‍ഡോ (15) എന്നിവരാണ് തൊട്ടുപിന്നില്‍. ഒളിമ്പിക്‌സില്‍ താരത്തിന് 13 ഗോളുകളുണ്ട്. 2006 മുതല്‍ 2010 വരെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ഫിഫയുടെ മികച്ച വനിതാ താരമായി.