അർജന്റീനക്ക് മൂന്നാം ജയം
മെസ്സിക്ക് ശേഷം അർജന്റീനൻ ടീമിന്റെ കാര്യം എന്താവുമെന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയാണ് ഇന്നത്തെ പെറുവിനെതിരേയുള്ള മത്സരം. മത്സരത്തിൽ 75 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച അർജന്റീന പുഷ്പം പോലെയായിരുന്നു ജയിച്ചു കയറിയത്. കോപാ അമേരിക്കയിലെ മൂന്നാം മത്സരത്തിലും ജയത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയിരിക്കുകയാണ് അർജന്റീന.
ഇന്ന് നടന്ന മത്സരത്തിൽ പെറുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലോക ചാംപ്യൻമാരുടെ ജയം. നായകൻ മെസ്സി കളത്തിലില്ലാതിരുന്നിട്ടും രണ്ട് ഗോളിന്റെ ലീഡിലായിരുന്നു അർജന്റീന ജയിച്ചു കയറിയത്. പരുക്കേറ്റത് കാരണം മെസ്സിക്ക് വിശ്രമം നൽകി ഗർനാച്ചോയോയെയും ലൗതാരോ മാർട്ടിനസിനെയും ഡി മരിയയേയും മുന്നിലിറക്കിയായിരുന്നു ലോകാ ചാംപ്യൻമാർ കളത്തിലിറങ്ങിയത്.
മത്സരത്തിൽ 75 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച അർജന്റീനക്കായി ആദ്യ പകുതിയിലായിരുന്നു ലൗതാരോയുടെ ആദ്യ ഗോൾ. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി മത്സരം പൂർത്തിയാക്കിയ അർജന്റീന ലൗതാരോയിലൂടെ 86ാം മിനുട്ടിലായിരുന്നു രണ്ടാമത്തെ വെടിപൊട്ടിച്ചത്. പ്രതിരോധത്തിൽ പാറപോലെ ഉറച്ചു നിന്ന സ്‌കലോനിപ്പട പെറുവിന്റെ എല്ലാ മുന്നേറ്റങ്ങളും തടഞ്ഞു.
ആറു ഷോട്ടുകൾ മാത്രമായിരുന്നു പെറു അർജന്റീനയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ ഒന്നുമാത്രമായിരുന്നു ഷോട്ട് ഓൺ ടാർഗറ്റായത്. ഗോൾ വലക്ക് മുന്നിലുണ്ടായിരുന്ന എമിലിയാനോക്ക് അത് കാര്യങ്ങൾ എളുപ്പമാക്കി. കോപ്പയിലെ മൂന്ന് മത്സരത്തിലും ക്ലീൻ ഷീറ്റ് നേടിയെന്ന ഖ്യാതിയും എമി സ്വന്തം പേരിൽ എഴുതിച്ചേർത്തായിരുന്നു ഇന്ന് മൈതാനം വിട്ടത്.
മെസ്സി കളത്തിലിറങ്ങിയില്ലെങ്കിലും അർജന്റീനയുടെ കെട്ടുറപ്പിനെ ബാധിപ്പിക്കില്ലെന്ന വിധത്തിലായിരുന്നു ടീമിന്റെ ഓരോ മുന്നേറ്റവും. നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചതിനാൽ അർജന്റീനക്ക് ആസ്വദിച്ച് മത്സരം പൂർത്തിയാക്കാനും കഴിഞ്ഞു.
ഡി മരിയ, ലൗതാരോ മാർട്ടിനസ്, അലയാന്ദ്രോ ഗർനാച്ചോ, പലാസിയോസ്, പെരെഡസ്, ലോ സെൽസോ, മോണ്ടിയേൽ, പസെല്ല, ഒട്ടാമെൻഡി, ടാഗ്ലിഫികോ, എമിലിയാനോ മാർട്ടിനസ് എന്നിവരായിരുന്നു ആദ്യ ഇലവനൽ ഇറങ്ങിയത്. ഇനി ജൂൺ അഞ്ചിനാണ് അർജന്റീനയുടെ ക്വാർട്ടർ മത്സരം. ഗ്രൂപ്പിലെ കാനഡ ചിലി മത്സരം ഗോൾ രഹിതമായി അവസാനിച്ചു. മൂന്ന് മത്സരത്തിൽനിന്ന് നാലു പോയിന്റുള്ള കാനഡയും ക്വാർട്ടറിൽ പ്രവേശിച്ചു.