ജർമനി ക്വാർട്ടറിൽ
യൂറോകപ്പിൽ നിലവിലെ ചാംപ്യൻമാരായ ഇറ്റലിയെ എടുത്ത് പുറത്തിട്ട് സ്വിറ്റ്‌സർലൻഡ്. പ്രീക്വാർട്ടറിൽ പേരുകേട്ട പ്രതിരോധനിരയുമായി എത്തിയ ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സ്വിറ്റ്‌സർലൻഡ് തോൽപിച്ചത്. മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും സ്വിറ്റ്‌സർലൻഡിനെ മറികടക്കാൻ അസൂറിപ്പടക്ക് കഴിഞ്ഞില്ല.
37ാം മിനുട്ടിൽ റെമോ ഫ്രോളറിന്റെ ഗോളിലായിരുന്നു സ്വിറ്റ്‌സർലൻഡ് മുന്നിലെത്തിയത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം സ്വിസ് പട ഏറ്റെടുത്തു. ഈ സമയത്തെല്ലാം ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇറ്റലി കഠിന ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നെങ്കിലും ഫൈനൽ തേഡിലെ കൃത്യത ഇല്ലായ്മ തിരിച്ചടിയാവുകയായിരുന്നു.
ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിച്ച സ്വിറ്റ്‌സർലൻഡ് രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ രണ്ടാം ഗോളും നേടി. 46ാം മിനുട്ടിൽ റൂബൻ വർഗാസിന്റെ വകയായിരുന്നു രണ്ടാം ഗോൾ. രണ്ട് ഗോൾ നേടിയതോടെ പിന്നീട് സ്വിറ്റ്‌സർലൻഡ് പ്രതിരോധം ശക്തിപ്പെടുത്തി. ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇറ്റലി ശക്തമായ ശ്രമങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല.
ഇതോടെ മത്സരത്തിൽ 2-0ത്തിന്റെ ജയം നേടി സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ പ്രവേശിച്ചു. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഡെൻമാർക്കിനെ തോൽപിച്ച ജർമനിയും ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ആതിഥേയരായ ജർമനിക്കെതിരേ മികച്ച പ്രകടനം ഡെൻമാർക്ക് പുറത്തെടുത്തെങ്കിലും മത്സരം വരുതിയിലാക്കാൻ അവർക്കായില്ല.
ആദ്യ പകുതിയിൽ ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും രണ്ട് ടീമുകൾക്കും ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ 53ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽനിന്നായിരുന്നു ജർമനിയുടെ ആദ്യ ഗോൾ വന്നത്. കിക്കെടുത്ത കെയ് ഹാവർട്‌സിന് പിഴച്ചില്ല. സ്‌കോർ 1-0. ഒരു ഗോളിന്റെ ലീഡ് ലഭിച്ചതോടെ ജർമനി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഈ സമയത്തെല്ലാം ഡെൻമാർക്ക് ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ 68ാം മിനുട്ടിൽ ജർമനിയുടെ രണ്ടാം ഗോളും ഡെൻമാർക്കിന്റെ വലയിലായി. യുവതാരം ജമാൽ മുസിയേലയായിരുന്നു രണ്ടാം ഗോൾ നേടിയത്.