സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് ചാംപ്യൻമാരായി കേരളം ക്വാർട്ടറിൽ. ഗ്രൂപ്പ്ഘട്ടത്തിലെ ഇന്നലെ നടന്ന അവസാന മത്സരത്തിൽ തമിഴ്‌നാടിനെതിരേ 1-1ന്റെ സമനിലയുമായാണ് കേരളം ഗ്രൂപ്പ് ചാംപ്യൻമാരായത്. അഞ്ച് മത്സരത്തിൽ നാലു ജയം ഒരു സമനില എന്നിവ നേടിയ കേരളം 13 പോയിന്റ് നേടിയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്നലെ തമിഴ്‌നാടിനെതിരേ ഗോൾകീപ്പർ ഹജ്മൽ, നിജോഗിൽബർട്ട്, നസീബ് റഹ്മാൻ, മുഹമ്മദ് അർഷഫ് എന്നിവരെ പുറത്തിരുത്തിയായിരുന്നു കേരളം ആദ്യ ഇലവൻ കളത്തിലിറക്കിയത്. ഇ. സജീഷ്, ടി. ഷിജിൻ എന്നിവർ മുന്നേറ്റത്തിലും ക്രിസ്റ്റി ഡേവിസ് മിഡ്ഫീൽഡിലും വരുന്നതായിരുന്നു ആദ്യ ഇലവൻ. മത്സരത്തിന്റെ തുടക്കത്തിൽ തമിഴ്‌നാടിന്റെ മുന്നേറ്റത്തിൽ കേരളം അൽപം പതറിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്നു.
എന്നാൽ 25ാം മിനുട്ടിൽ റൊമാരുയോയുടെ ഗോളിലൂടെയായിരുന്നു തമിഴ്‌നാട് ലീഡ് നേടിയത്. ബോക്‌സിനടുത്ത് നിന്ന് റൊമാരിയോ തൊടുത്ത ഷോട്ട് കേരള ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ പ്രവേശിച്ചു. ഒരു ഗോൾ നേടിയതോടെ പൊരുതിക്കളിച്ച തമിഴ്‌നാട് പിന്നീട് പലവട്ടം കേരളത്തിന്റെ ഗോൾമുഖത്ത് അക്രമം വിതച്ച് കൊണ്ടിരുന്നു. കിട്ടിയ അവസരത്തിലെല്ലാം കൗണ്ടർ അറ്റാക്കുമായി കേരളം തമിഴ്‌നാടിന്റെ ബോകിസിലുമെത്തി.
എന്നാൽ ആദ്യ പകുതിയിൽ ഗോൾ മടക്കാൻ കേരളത്തിന് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ നിജോ ഗിൽബർട്ടിനെയും നസീബിനെയും കളത്തിലിറക്കിയതോടെ കേരളത്തിന്റെ കളിയിൽ മാറ്റം കണ്ടു തുടങ്ങി. എന്നാൽ എങ്ങനെയെങ്കിലും ജയിക്കാൻ തമിഴ്‌നാട് ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരുന്നു. ഒടുവിൽ പകരക്കാരനായി കളത്തിലെത്തിയ നിജോ ഗിൽബർട്ടായിരുന്നു കേരളത്തിനായി സമനില ഗോൾ നേടിയത്.
89ാം മിനുട്ടിലായിരുന്നു കേരളത്തിന്റെ സമനില ഗോൾ. 27ന് നടക്കുന്ന ക്വാർട്ടറിൽ ജമ്മു കശ്മീരാണ് കേരളത്തിന്റെ എതിരാളി. ഗ്രൂപ്പ് എയിൽ നാലാം സ്ഥാനക്കാരായിട്ടാണ് ജമ്മു ക്വാർട്ടറിൽ പ്രവേശിച്ചിട്ടുള്ളത്. കളിച്ച അഞ്ചു കളിയിൽ രണ്ട് വീതം ജയം, തോൽവി ഒരു സമനില എന്നിവയാണ് ജമ്മുവിന്റെ നേട്ടം. കേരളത്തിന്റെ ഗ്രൂപ്പിൽനിന്ന് മേഘാലയ, ഡൽഹി, ഒഡിഷ ടീമുകളും ക്വാർട്ടറിലെത്തി. വെസ്റ്റ് ബംഗാൾ, മണിപ്പൂർ, സർവീസസ് എന്നിവരും ക്വാർട്ടർ ഉറപ്പിച്ചു.