ടി20 ലോകകപ്പ് : ഇന്ന് ദക്ഷിണാഫ്രിക്ക – അമേരിക്ക മത്സരം
ടി20 ലോകകപ്പില്‍ ഇനി സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും അമേരിക്കയും തമ്മിലാണ് മത്സരം. ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ട് മുതലാണ് മത്സരം. ഗ്രൂപ്പ് ഡിയില്‍ നിന്ന് കളിച്ച നാല് കളിയില്‍ നാലും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിലെത്തിയത്. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യക്ക് താഴെ രണ്ടാം സ്ഥാനക്കാരായാണ് ലോകകപ്പില്‍ കന്നിക്കാരായ അമേരിക്ക സൂപ്പര്‍ എട്ട് ടിക്കറ്റെടുത്തത്. ഗ്രൂപ്പില്‍ പാകിസ്താനെയും കാനഡയെയും കീഴടക്കിയ അവര്‍ അഞ്ച് പോയിന്റോടെയാണ് സൂപ്പര്‍ എട്ടിലെത്തിയത്. അയര്‍ലന്‍ഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.
പാകിസ്ഥാനെ പിന്തള്ളിയെത്തുന്ന അമേരിക്ക ദക്ഷിണാഫ്രിക്കയെയും വിറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആരോണ്‍ ജോണ്‍സിന്റെ ബാറ്റിന് തടയിടാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കാകുമോ എന്നും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു.
മറുവശത്ത് നാലില്‍ നാലും ജയിച്ചെങ്കിലും നേപ്പാളിനോടും നെതര്‍ലന്‍ഡ്‌സിനോടുമടക്കം ദക്ഷിണാഫ്രിക്ക നന്നേ പാടുപെട്ടിരുന്നു.
ഒടുവില്‍ ജയത്തിലെത്തിയെങ്കിലും ഈ മത്സരങ്ങളിലെ പിഴവ് ആവര്‍ത്തിക്കാതെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയാല്‍ മാര്‍ക്രമിനും സംഘത്തിനും അമേരിക്കയെയും കീഴ്‌പെടുത്താനാവും. തകര്‍പ്പന്‍ ഫോമിലുള്ള ബൗളിങ് നിര തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്.
നാളെ ബ്രി ബ്രിഡ്ജ്ടൗണില്‍ അഫ്ഗാനിസ്ഥാനെതിരേയാണ് ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം. നാല് ടീമുകളടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായാണ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ നടക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടി ആദ്യ രണ്ട് സ്ഥാനാക്കാര്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് ഒന്നില്‍ ആസ്‌ത്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഇന്ത്യക്കൊപ്പമുള്ള ടീമുകള്‍. ഗ്രൂപ്പ് രണ്ടില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണുള്ളത്.