യുവേഫ യൂറോ കപ്പിൽ ആദ്യ മത്സരത്തിൽ ജയം നേടി ക്രിസ്ത്യനോയും സംഘവും. ഗ്രുപ്പ് എഫിൽ നടന്ന മത്സരത്തിൽ 2-1നാണ് പറങ്കിപ്പട ജയിച്ചു കയറിയത്. അവസാനം വരെ പൊരുതിയ ചെക് റിപബ്ലിക്കിനെതിരെ ഇഞ്ചുറി ടൈം ഗോളിലായിരുന്നു പോർച്ചുഗീസിന്റെ വിജയം.
ആദ്യ പകുതിയിൽ നിരന്തരം ആക്രമണങ്ങളുമായി പോർച്ചുഗൽ താരങ്ങൾ ചെക് ബോക്സിൽ ഇരമ്പിയെത്തി. എന്നാൽ ഒരു നിലക്കും വിട്ടു കൊടുക്കില്ലെന്ന മട്ടിൽ ചെക് താരങ്ങൾ പോസ്റ്റിന് മുമ്പിൽ പ്രതിരോധക്കോട്ട കെട്ടി.
പന്തടക്കത്തിലും മുന്നേറ്റത്തിലും പോർച്ചുഗൽ ഏറെ മുന്നിലായിരുന്നെങ്കിലും ആദ്യം മുന്നിലെത്തിയത് ചെക് ആയിരുന്നു. 62ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ചെക് ലീഡേടുത്തത്. ബോക്സിനു തൊട്ടു വെളിയിൽ നിന്ന് ലുകാസ് പ്രൊവോട് തൊടുത്ത ബുള്ളെറ്റ് ഷോട്ടിന് മുന്നിൽ പോർച്ചുഗീസ് ഗോൾ കീപ്പർ ഡിയഗോ കോസ്‌റ്റയെ നിസ്സഹായനായിരുന്നു. സ്കോർ 1-0.
ഒരു ഗോൾ വഴങ്ങിയതോടെ തോൽവി ഭയന്ന പോർച്ചുഗൽ ആക്രമത്തിന് കൂടുതൽ മൂർച്ച കൂട്ടി. ഏഴ് മിനിറ്റുകൾക്കകം അതിനു ഫലം കാണുകയും ചെയ്തു. നുനോ മെൻഡിസിന്റെ ഹെഡർ ചെക് കീപ്പർ ജിൻഡ്രിച് തട്ടിയകറ്റിയെങ്കിലും പ്രതിരോധ താരം റോബിൻ ഹ്രനാച്ചിന്റെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു. സ്കോർ 1-1.
തുടർന്ന് ആക്രമണ പ്രത്യക്രമങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ആർക്കും ലക്ഷ്യം കാണാനായില്ല. എന്നാൽ ഇഞ്ചുറി ടൈമിൽ പകരക്കാരനായെത്തിയ ഫ്രാൻസിസ്കോ കോൺഷ്യസൊ പറങ്കിപ്പടക്ക് വിജയഗോൾ നേടികൊടുക്കുകയായിരുന്നു.