ആർദ ഗുളർ കരിയറും വർത്തമാനവും
യൂറോ കപ്പിലെ തുര്‍ക്കിയുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരം. ടൂര്‍ണമെന്റില്‍ കന്നിക്കാരായ ജോര്‍ജിയ തുര്‍ക്കിയോട് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുന്നു. 25ാം മിനുട്ടില്‍ നേടിയ ലീഡിന് 32ാം മിനുട്ടില്‍ മറുപടി നല്‍കി ജോര്‍ജിയ തുര്‍ക്കിക്ക് ഒപ്പത്തിനൊപ്പം മത്സരത്തില്‍ മുന്നേറുകയാണ്. ആദ്യ പകുതിയും പിന്നിട്ട് 65ാം മിനുട്ട് വരെ ആ നില തുടര്‍ന്നു. എന്നാല്‍ 65ാം മിനുട്ടില്‍ 25 വാര അകലെ നിന്നുള്ള ഒരു ലോങ് റേഞ്ചര്‍ ജോര്‍ജിയന്‍ വലകുലുക്കി, ഒപ്പം ജോര്‍ജിയന്‍ ആരാധക ഹൃദയവും. ലക്ഷക്കണക്കിനു വരുന്ന ഹൃദയങ്ങള്‍ പിടിച്ചുകുലുക്കിയ ആ ഗോള്‍ നേടിയത് ഒരു 19കാരനായിരുന്നു.
പേര്- അര്‍ദ ഗുളര്‍. തന്റെ ആദ്യ യൂറോ കപ്പ് മത്സരത്തില്‍ തന്നെ ഒരു അതിമനോഹര ഗോള്‍ നേടിയ ഗുളര്‍ തുര്‍ക്കി ഫാന്‍സി ഈ യൂറോയില്‍ സ്വപ്‌നം നെയ്ത് തുടങ്ങാന്‍ കാഹളം മുഴക്കിയിരിക്കുന്നു. തുർക്കിഷ് മെസിയെന്നും മറ്റൊരു മെസൂട് ഒാസിലെന്നും ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഗുളർ തങ്ങൾക്ക് ആ സ്വപ്നം നിറവേറ്റിത്തരുമെന്ന പ്രതീക്ഷയിലാണവർ. യൂറോകപ്പിലെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്ന നേട്ടം സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്‍ നിന്ന് തട്ടിയെടുക്കാനും ഗുളറിനായി. 19 വയസും 114 ദിവസവുമാണ് ഗുളറിന്റെ പ്രായം.
യൂറോ 2024ല്‍ 19 വയസും 128 ദിവസവും പ്രായമുള്ളപ്പോള്‍ ഗോള്‍നേടിയാണ് ക്രിസ്റ്റിയാനോ റെക്കോഡിട്ടിരുന്നത്.
ജോര്‍ജിയക്കെതിരേയുള്ള മത്സരത്തിലെ ഗുളറിന്റെ പ്രകടനം ഇങ്ങനെയാണ്- കളിച്ചത് 79 മിനുട്ട്- ഒരു ഗോള്‍- 41 പാസില്‍ 38ഉം വിജയകരം- അഞ്ച് അവസരങ്ങള്‍ സൃഷിടിച്ചു- രണ്ട് മികച്ച അവസരങ്ങള്‍- ഇത്രയും ഇംപാക്ടുണ്ടാക്കിയാണ് താരം കളം വിട്ടത്.
20 മില്യണ്‍ യൂറോ കൊടുത്ത് കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത് എന്ത് കൊണ്ടെന്ന് യൂറോ വേദിയില്‍ അടിവരയിടുന്നതായിരുന്നു ജോര്‍ജിയക്കെതിരേയുള്ള ഗുളറിന്റെ ബുള്ളറ്റ് ഗോള്‍. 2029 വരെ ആറു വര്‍ഷക്കരാറില്‍ ഒരു 19കാരന്‍ പയ്യനെ ടീമിലെത്തിക്കാന്‍ പെരസെന്ന റയല്‍ മുതലാളിയുടെ ധൈര്യത്തിനു പിറകിലും ഇതൊക്കെ തന്നെയാവുമുണ്ടായിരുന്നത്.
തുര്‍ക്കി ക്ലബ് ഫെനര്‍ബഹ്‌ചെയില്‍ നിന്നാണ് ഗുളറിനെ റയല്‍ റാഞ്ചിയത്. ഫെനര്‍ ബഹ്‌ചെക്ക് വേണ്ടി 51 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം ഒന്‍പത് ഗോളുകളും നേടിയിട്ടുണ്ട്. തുര്‍ക്കി ദേശിയ ടീമില്‍ എട്ട് മത്സരത്തില്‍ നിന്ന് രണ്ട് ഗോളുകളും താരം സ്വന്തമാക്കി. 2022-23 സീസണില്‍ ഫെനര്‍ബഹ്‌ചെയുടെ സീനിയര്‍ ടീമിലെത്തിയ ഗുളര്‍ ഫൈനലിലെ പ്ലയര്‍ ഓഫ് ദ മാച്ച് പ്രകടനത്തോടെ ടീമിന് തുര്‍ക്കിഷ് കപ്പ് നേടിക്കൊടുക്കുകയും ചെയ്തു.
ലാലിഗയിൽ മിന്നി
10 ലാലിഗ മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ ഗുളര്‍ ഇതിനകം നേടിക്കഴിഞ്ഞു. സീസണ്‍ തുടക്കത്തില്‍ ടീമിലെത്തിയിരുന്നെങ്കിലും പരുക്ക് മൂലം ജനുവരി ആറഇന് അറന്‍ഡിനക്കെതിരേ നടന്ന കോപ ഡെല്‍റേ മത്സരത്തിലാണ് ഗുളര്‍ റയലിനായി അരങ്ങേറുന്നത്. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ഗുളറിന്റെ മികവില്‍ ടീം 3-1ന് മത്സരം സ്വന്തമാക്കുകയും ചെയ്തു. ജനുവരി 14ന് റയലില്‍ തന്റെ ആദ്യ കിരീടവും ഗുളര്‍ നേടി. സൂപ്പര്‍ കോപ്പ ഡി എസ്പാന ഫൈനലില്‍ ബാഴ്‌സലോണയെ കീഴടക്കിയായിരുന്നു കിരീട നേട്ടം. ജൂണ്‍ 27ന് ലാസ് പല്‍മാസിനെതിരേ ലാലിഗ അരങ്ങേറ്റവും നടത്തി. മെയ് 19ന് വിയ്യാറയലിനെതിരേ ഇരട്ടഗോള്‍ നേടിയ ഗുളര്‍ റയല്‍ മാഡ്രിഡിനായി ഏറ്റവും വേഗത്തില്‍ ആറ് ഗോള്‍ നേടുന്ന താരവുമായി. വെറും 330 മിനുട്ടുകള്‍ കളിച്ചായിരുന്നു നേട്ടം. തുടര്‍ന്ന് ടീമിനൊപ്പം ലാലിഗ കിരീടം സ്വന്തമാക്കിയ ഗുളര്‍ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിലും പങ്കാളിയായി.
തുർക്കിക്കാരുടെ വജ്രായുധം
2022 മെയ് 19നാണ് ഗുളര്‍ തുര്‍ക്കി ദേശിയ ടീമില്‍ അരങ്ങേറുന്നത്. ചെക് റിപ്പബ്ലിക്കിനെതിരായ സൗഹൃദ മത്സരമായിരുന്നു വേദി. 2-1ന് ടീമിന്റെ ജയത്തില്‍ പങ്കാളിയാകാന്‍ ഗുളറിനായി. 2023 ജൂണ്‍ 30ന് നടന്ന വെയില്‍സിനെതിരായ യൂറോ യോഗ്യത മത്സരത്തില്‍ തന്റെ ആദ്യ അന്താരാഷ്ട്ര ഗോളും ഗുളര്‍ സ്വന്തമാക്കി. പിന്നീട് യൂറോ കപ്പിനുള്ള 26 അംഗ സ്‌ക്വാഡില്‍ ഇടം നേടിയ താരം തന്റെ യൂറോ അരങ്ങേറ്റത്തില്‍ തന്നെ പ്ലയര്‍ ഓഫ് ദ മാച് അവാര്‍ഡും നേടിയിരിക്കുന്നു. ഇനി യൂറോപ്യൻ ഫുട്ബോളിൽ ഗുളറിൻ്റെ കാലമായിരിക്കുമെന്ന പ്രത്യാശയിലാണ് തുർക്കി ആരാധകർ.
…………………………………..