ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനെ കുറിച്ചാണ് ചർച്ചകൾ കൊഴുക്കുന്നത്. സഞ്ജു സാംസണെ ടീമിൽ എടുക്കാത്തതും മറ്റുമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. എന്നാൽ അതിനിടെ ജയത്തോടെ ആത്മവിശ്വാസം നേടാനായി ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരേ ടി20 പരമ്പരക്കിറങ്ങുന്നു എന്ന വാർത്തയുമുണ്ട്. ഒരുവർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം
ടീമിലേക്ക് തിരിച്ചെത്തുന്ന പേസ് ബൗളർ മുഹമ്മദ് ഷമി, ചാംപ്യൻസ് ട്രോഫി ടീമിൽ ഇടംകിട്ടാത്തതിനെത്തുടർന്ന് ചർച്ചയിൽനിറഞ്ഞ സഞ്ജു സാംസൺ എന്നിവരുൾപ്പെടുന്ന ഇന്ത്യൻ ടീമാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ന് ഇംഗ്ലണ്ടിനെതിരേ പാഡണിയുന്നത്. ഇന്ത്യയിൽ നടന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനിടെ പരുക്കേറ്റ മുഹമ്മദ് ഷമി അതിനുശേഷം അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല.
ഈയിടെ വിജയ് ഹസാരെ ട്രോഫിയിൽ ബംഗാളിനുവേണ്ടി കളിച്ചുകൊണ്ട് മത്സരരംഗത്തേക്ക് തിരിച്ചെത്തിയ 34കാരൻ ചാംപ്യൻസ് ട്രോഫി ടീമിലുമുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഫിറ്റ്‌നസും ഫോമും തെളിയിച്ചാലേ ചാംപ്യൻസ് ട്രോഫിയിൽ അർഹമായ പരിഗണന കിട്ടൂ. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനുവേണ്ടി കളിക്കുന്ന ഷമിക്ക്, തിരിച്ചുവരവിലെ
ആദ്യമത്സരം ഹോം ഗ്രൗണ്ടിലാണെന്ന ആശ്വാസമുണ്ട്. ചാംപ്യൻസ് ട്രോഫി ടീമിൽ അവസരം കിട്ടാത്ത സഞ്ജു സാംസണും പരിശീലനത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യ അവസാനമായി ടി20 കളിച്ചത്. ഈ പരമ്പരയിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു നാലു മത്സരത്തിൽ രണ്ട് സെഞ്ചുറി നേടിയിരുന്നു.
ഇംഗ്ലണ്ടിനെതിരേയും സഞ്ജു-അഭിഷേക് സഖ്യമാകും ഓപ്പണിങ്ങിൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരമ്പരയിൽ മികച്ച പ്രകടനം നടത്തിയാൽ, ചാംപ്യൻസ് ട്രോഫി ടീമിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുണ്ടെങ്കിൽ സഞ്ജുവിനു വഴിതെളിയുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചാംപ്യൻസ് ട്രോഫി ടീമിലില്ല.
ഫെബ്രുവരി 13 വരെ ടീമിൽ മാറ്റം വരുത്താനുള്ള സമയമുണ്ട്. അതിനുള്ളിൽ ഒരുപക്ഷെ പ്രകടനം മെച്ചപ്പെടുകയാണെങ്കിൽ ഒരുപക്ഷെ സഞ്ജുവിന് ചാംപ്യൻസ് ട്രോഫി ടീമിൽ ഇടംലഭിച്ചേക്കാം. അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത്. അതിന് ശേഷം മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പരയിലും ഇരു ടീമുകളും ഏറ്റുമുട്ടുന്നുണ്ട്.