56ാം മിനുട്ടിൽ ബാഴ്‌സലോണ പത്തു പേരായി ചുരുങ്ങിയിട്ടും റയൽ മാഡ്രിഡിനെതിരേ 5-2ന്റെ തിളങ്ങുന്ന വിജയുവമായി സ്പാനിഷ് സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി ബാഴ്‌സലോണ. ഇന്നലെ ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോട്‌സ് സിറ്റിയിൽ നടന്ന കലാശപ്പോരാട്ടത്തിലായിരുന്നു ബാഴ്‌സലോണയുടെ തേരോട്ടം.
രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സയുടെ തകർപ്പൻ ജയം.
കാറ്റാലൻമാർക്കായി രണ്ട് ഗോളുകളും അസിസ്റ്റുകളും നേടി തിളങ്ങിയ ബ്രസീലിയൻ താരം റാഫീഞ്ഞ മാൻ ഓഫ് ദ മാച്ചായി. തുടർച്ചയായ 3ാം തവണ ഫൈനൽ കളിച്ച ബാഴ്‌സലോണയുടെ രണ്ടാം കിരീടമാണിത്. രണ്ടു തവണയും റയലായിരുന്നു എതിരാളികൾ. എന്നാൽ റയൽ 13 തവണ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ കിലിയൻ എംബാപ്പെയുടെ ഗോളിലൂടെ റയൽ മാഡ്രിഡായിരുന്നു മുന്നിലെത്തിയത്.
എന്നാൽ മത്സരത്തിന്റെ ഗിയർ മാറ്റിയ ബാഴ്‌സലോണ അധികം വൈകാതെ മത്സരത്തിലേക്ക് തിരിച്ചുവന്ന് കിരീടവുമായിട്ടായിരുന്നു മടങ്ങിയത്. അഞ്ചാം മിനുട്ടിൽ ലഭിച്ച പന്തുമായി ഒറ്റക്ക് മുന്നേറിയ എംബാപ്പെ ഗോൾകീപ്പറേയും കാഴ്ചക്കാരനാക്കിയായിരുന്നു ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങിയതോടെ ആവേശം വർധിച്ച ബാഴ്‌സ 22ാം മിനുട്ടിൽ ലാമിനെ യമാലിലൂടെ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരവിനുള്ള സൂചന നൽകി.
മത്സരം പുരോഗമിക്കവെ ബാഴ്‌സലോണക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത റോബർട്ട് ലെവൻഡോസ്‌കിക്ക് പിഴച്ചില്ല. സ്‌കോർ 2-1. രണ്ട് ഗോൾ വഴങ്ങിയതോടെ റയലിന്റെ താളം നഷ്ടപ്പെട്ടു. മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ബാഴ്‌സല അധികം വൈകാതെ മൂന്നാം ഗോളും റയലിന്റെ വലയിലെത്തിച്ചു. 39ാം മിനുട്ടിൽ റഫീഞ്ഞയായിരുന്നു മൂന്നാം ഗോളിന്റെ അവകാശി.
ആദ്യ പകുതിയുടെ അധിക സമയത്ത് അലെയാന്ദ്രോ ബാൽഡെയിലൂടെ നാലാം ഗോളും റയലിന്റെ വലയിലെത്തിച്ച് ബാഴ്‌സ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം പകുതിക്ക് ശേഷമായിരുന്നു ബാക്കി രണ്ട് ഗോളുകളും പിറന്നത്. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ റഫീഞ്ഞ താരത്തിന്റെ രണ്ടാം ഗോളും ബാഴ്‌സയുടെ അഞ്ചാം ഗോളും റയലിനെ സമ്മർദത്തിലാക്കി.
ഇതോടെ റയലിന്റെ തിരിച്ചുവരവിനുള്ള സാധ്യതകൾ ഏറെക്കുറെ അടഞ്ഞതായി തോന്നി. മത്സരം പുരോഗമിക്കവെ 56ാം മിനുട്ടിൽ ബാഴ്‌സ താരം വ്യോസിച്ച് ഷെസ്‌നി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ കാറ്റാലൻമാർ പത്തുപേരായി ചുരുങ്ങി. 60ാം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് റോഡ്രിഗോ ഒരു ഗോൾ മടക്കി സ്‌കോർ 5-2 എന്നാക്കി.
പത്തു പേരായി ചുരുങ്ങിയതോടെ പ്രതിരോധത്തിലേക്ക് ഇറങ്ങിക്കളിച്ച ബാഴ്‌സ പിന്നീട് റയലിന്റെ എല്ലാമുന്നേറ്റങ്ങളേയും ചെറുത്ത് തോൽപ്പിച്ച് തുടർച്ചയായ രണ്ടാം സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ഉറപ്പിക്കുകയായിരുന്നു.