ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ 3-1 എന്ന സ്‌കോറിന് വോൾവ്‌സിനെയാണ് ബ്ലൂസ് തോൽപ്പിച്ചത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ ബ്ലൂസ് സമ്പൂർണ ആധിപത്യമായിരുന്നു പുലർത്തിയ്. മത്സരത്തിൽ 63 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ചെൽസി 19 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
അതിൽ ഏഴ് എണ്ണം ഓൺ ടാർഗറ്റാവുകയും ചെയ്തു. 24ാം മിനുട്ടിൽ ടോസിൽ അഡാറബിയോയായിരുന്നു ചെൽസിക്കായി ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ വോൾവ്‌സ് ഗോൾ മടക്കി സമനില സ്വന്തമാക്കി. ആദ്യ പകുതിയി ഇഞ്ചുറി ടൈമിൽ മാറ്റ് ഡോഹർട്ടിയായിരുന്നു വോൾവ്‌സിന്റെ സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ബാക്കി രണ്ട് ഗോളുകളും ലക്ഷ്യത്തിലെത്തിച്ചായിരുന്നു ചെൽസി ജയം പിടിച്ചെടുത്തത്.
60ാം മിനുട്ടിൽ മാർക്ക് കുക്കുറയ്യയുടെ ഗോളിൽ ചെൽസി മുന്നിലെത്തി. ഒരു ഗോൾ ലീഡ് നേടിയതോടെ ആത്മവിശ്വാസത്തിൽ പന്തു തട്ടിയ ചെൽസി അധികം വൈകാതെ മൂന്നാം ഗോളും എതിരാളിയുടെ വലയിലെത്തിച്ച് ജയം ഉറപ്പിക്കുകയായിരുന്നു. 65ാം മിനുട്ടിൽ നോനി മഡുവോകെയായിരുന്നു ചെൽസിയുടെ മൂന്നാം ഗോൾ നേടിയത്. 22 മത്സരത്തിൽനിന്ന് 40 പോയിന്റുള്ള ചെൽസി പട്ടികയിൽ നാലാം സ്ഥാനത്താണിപ്പോൾ.
22 മത്സരത്തിൽനിന്ന് 16 പോയിന്റുള്ള വോൾവ്‌സ് 17ാം സ്ഥാനത്തുമുണ്ട്. 25ന് ഇത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരേയാണ് ചെൽസിയുടെ അടുത്ത മത്സരം.