ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വെയ്ക്ക് മുന്നിൽ വീണ് അർജന്റീന. ലോകകപ്പ് യോഗ്യതയിലെ 11ാം മത്സരത്തിലായിരുന്നു അർജന്റീനയുടെ തോൽവി. മത്സരത്തിൽ 1-2 എന്ന സ്കോറിനായിരുന്നു ലോക ചാംപ്യൻമാർ അടിയറവ് പറഞ്ഞത്. പരാഗ്വയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 77 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ചത് അർജന്റീനയായിരുന്നെങ്കിലും വിജയം നേടാൻ മെസ്സിക്കും സംഘത്തിനും കഴിഞ്ഞില്ല.
4-2-3-1 എന്ന ഫോർമേഷനിൽ ലൗതാരോ മാർട്ടിനസിനെ സ്ര്ടൈക്കിൽ നിർത്തിയായിരുന്നു അർജന്റീന കളത്തിലിറങ്ങിയത്. മാക് അലിസ്റ്ററും ജൂലിയൻ അൽവാരസും മെസ്സിയും മുന്നേറ്റത്തിലുണ്ടായിരുന്നു. മത്സരത്തിന്റെ 11ാം മിനുട്ടിൽ ലൗതാരോ മാർട്ടിനസിലൂടെ അർജന്റീനയായിരുന്നു ആദ്യം മുന്നിലെത്തിയത്. എന്നാൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പരാഗ്വ രണ്ട് ഗോൾ തിരിച്ചടിച്ച് ജയം കൊയ്യുകയായിരുന്നു.
ഒരു ഗോൾ വഴങ്ങിയതോടെ സമനിലക്കായി പൊരുതിയ പരാഗ്വ ഒടുവിൽ ലക്ഷ്യം കണ്ടു. 19ാം മിനുട്ടിൽ അന്റോണി സനാബ്രിയയായിരുന്നു സമനില ഗോൾ നേടിയത്. സമനില നേടിയതോടെ പരാഗ്വെയുടെ ഊർജം വർധിച്ചു. പക്ഷെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിയാത്തതിനെ തുടർന്ന് ആദ്യ പകുതിയിൽ മത്സരം 1-1 എന്ന സ്കോറിന് അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്നായിരുന്നു പരാഗ്വയുടെ രണ്ടാം ഗോൾ വന്നത്. ഒമർ അൽദർതെയായിരുന്നു രണ്ടാംഗോൾ നേടിയത്. 77 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച അർജന്റീന ആകെ ഒൻപത് ഷോട്ടുകൾ മാത്രമായിരുന്നു എതിർ പോസ്റ്റിലേക്ക് തൊടുത്തത്. അതിൽ ഒന്ന് മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. പരാഗ്വ എട്ടു ഷോട്ടുകളായിരുന്നു അർജന്റീനയുടെ ഗോൾമുഖം ലക്ഷ്യമാക്കി തൊടുത്തത്.
അതിൽ രണ്ട് ഷോട്ടുകൾ ഓൺ ടാർഗറ്റാവുകയും ചെയ്തു. തോറ്റെങ്കിലും 11 മത്സരത്തിൽനിന്ന് 22 പോയിന്റുള്ള അർജന്റീന തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 11 മത്സരത്തിൽനിന്ന് 16 പോയിന്റുള്ള പരാഗ്വ ആറാം സ്ഥാനത്തുമുണ്ട്. 20ന് പെറുവിനെതിരേയാണ് അർജന്റീനയുടെ അടുത്ത മത്സരം.